05 December Thursday

സമത്വത്തിനും സമാധാനത്തിനും വേണ്ടിയുള്ള പോരാട്ടം തുടരും: മൊറാലിസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019

ലാപാസ്‌ >  ഞായറാഴ്‌ചത്തെ അട്ടിമറിയോടെ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന്‌ ബൊളിവിയയുടെ (ഭരണഘടനാപരമായ) പ്രസിഡന്റ്‌ ഇവോ മൊറാലിസ്‌ പ്രഖ്യാപിച്ചു. സമത്വത്തിനും സമാധാനത്തിനും വേണ്ടിയുള്ള പോരാട്ടം ഏറ്റവും വിനീതരായവരും ദരിദ്രരും മികച്ച ദേശാഭിമാനികളും തുടരുമെന്നും മൊറാലിസ്‌ പറഞ്ഞു. തദ്ദേശവംശജനായ പ്രസിഡന്റ്‌ എന്ന നിലയിൽ, എല്ലാ ബൊളിവിയക്കാരുടെയും പ്രസിഡന്റ്‌ എന്ന നിലയിൽ ബൊളിവിയൻ ജനതയോട്‌ സമാധാനത്തിന്‌ വേണ്ടി അഭ്യർഥിക്കുന്നതായി മൊറാലിസ്‌ പറഞ്ഞു.

പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ സ്ഥാനാർഥിയായിരുന്ന കാർലോസ്‌ മെസയ്‌ക്കും പ്രതിപക്ഷ നേതാവ്‌ ഫെർണാണ്ടോ കമാച്ചോയ്‌ക്കും തന്റെ സന്ദേശം മനസ്സിലായിട്ടുണ്ടെന്ന്‌ പ്രത്യാശിക്കുന്നതായും രാജ്യത്തെ തദ്ദേശവംശജനായ ആദ്യ പ്രസിഡന്റായ മൊറാലിസ്‌ പറഞ്ഞു. പാവപ്പെട്ട ജനങ്ങളെ വേദനിപ്പിക്കരുതെന്നും നുണകളാൽ ചതിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.

അട്ടിമറിയിൽ പുറത്തായ മൊറാലിസിന്‌ പിന്തുണയുമായി മേഖലയിലെ പുരോഗമന പക്ഷത്തുള്ള രാജ്യങ്ങളും അമേരിക്കയടക്കമുള്ള രാജ്യങ്ങളിലെ വിവിധ സംഘടനകളും രംഗത്ത്‌ വന്നു. (അമേരിക്കൻ പിന്തുണയോടെ നടന്ന അട്ടിമറിയാണ്‌) നടന്നതെന്ന്‌ അമേരിക്കയിലെ സ്‌ത്രീപക്ഷ സമാധാന സംഘടനയായ കോഡ്‌ പിങ്കിന്റെ സഹസ്ഥാപക മേദിയ ബെഞ്ചമിൻ പറഞ്ഞു. മേഖലാ കൂട്ടായ്‌മയായ അമേരിക്കൻ രാഷ്‌ട്ര സംഘടന(ഒഎഎസ്‌) തെരഞ്ഞെടുപ്പ്‌  ഫലം ചോദ്യം ചെയ്യുകയും ഇതംഗീകരിച്ച്‌ മൊറാലിസ്‌ പുതിയ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുകയും ചെയ്‌തു.

 ഇതംഗീകരിക്കാതെ വലതുപഷം പട്ടാളത്തിന്റെ പിന്തുണയോടെ അദ്ദേഹത്തെ പുറത്താക്കി. ഇത്‌ അട്ടിമറിയാണെന്ന്‌ മേദിയ ചൂണ്ടിക്കാട്ടി.ഇക്വഡോറിലെ തദ്ദേശ ദേശീയതകളുടെ കോൺഫെഡറേഷനും  മൊറാലിസിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ക്യൂബ, വെനസ്വേല, മെക്‌സിക്കോ, അർജന്റീന തുടങ്ങിയ രാജ്യങ്ങളും അട്ടിമറിക്കെതിരെ പ്രതികരിച്ചു.
കള്ളക്കേസിലനുഭവിച്ച ജയിൽശിക്ഷയിൽ നിന്ന്‌ കഴിഞ്ഞ ദിവസം മോചിതനായ പ്രസീൽ മുൻ പ്രസിഡന്റ്‌ ലുല ഡ സിൽവയും മൊറാലിസിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top