18 September Wednesday

ഉന്നാവോ: കുൽദീപിനെ നേരത്തെ സസ്‌പെൻഡ്‌ ചെയ്‌തു; ഇനിയും പുറത്താക്കാമെന്ന്‌ ബിജെപി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019

ന്യൂഡൽഹി> ഉന്നാവ്‌ ബലാത്സംഗക്കേസിലെ പരാതിക്കാരിയും കുടുംബവും സഞ്ചരിച്ച വാഹനത്തിൽ ട്രക്ക്‌ ഇടിച്ചുണ്ടായ അപകടം ആസൂത്രിതമാണെന്ന്‌ വ്യക്തമായതോടെ പ്രതികളെ തള്ളി തൽക്കാലം തടിയൂരാൻ ബിജെപി നീക്കം. മുഖ്യപ്രതിയായ ബങ്കർമാവ്‌ എംഎൽഎ കുൽദീപ്‌ സെൻഗറിനെ  മുമ്പ്‌ പാർടി സസ്‌പെൻഡ്‌ ചെയ്‌തതാണെന്ന്‌ ബിജെപി യുപി അധ്യക്ഷൻ സ്വതന്ത്രദേവ്‌സിങ്‌ അവകാശപ്പെട്ടു.

കുൽദീപിനെ ബിജെപിയും യോഗി ആദിത്യനാഥ്‌  സർക്കാരും സഹായിക്കുന്നുവെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ്‌  പ്രത്യക്ഷത്തിൽ അകലം പാലിക്കാനുള്ള ബിജെപി നീക്കം.  പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്‌, യോഗി ആദിത്യനാഥ്‌ തുടങ്ങി പല ഉന്നതരുടെയും അടുപ്പക്കാരനായ കുൽദീപിന്‌  രഹസ്യപിന്തുണ തുടരും.

സിതാപ്പുർ ജയിലിൽ കഴിയുന്ന കുൽദീപിനെ ഈ മാസം അഞ്ചിന്‌ സാക്ഷിമഹാരാജ്‌ എംപി ഉൾപ്പെടെ സന്ദർശിച്ചിരുന്നു. താക്കൂർ വിഭാഗത്തിന്റെ പിന്തുണയുള്ള കുൽദീപിനെ ബിജെപിക്കാർ  ‘ബാഹുബലി’ എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. എംഎൽഎയുടെ നിർദേശാനുസരണം പെൺകുട്ടിയെയും കുടുംബത്തെയും ഇല്ലാതാക്കാനുള്ള നീക്കമായിരുന്നു അപകടമെന്ന്‌ പെൺകുട്ടിയുടെ കുടുംബം ഉറപ്പിച്ചുപറഞ്ഞിട്ടുണ്ട്‌.

അപകടത്തിനുശേഷം കുൽദീപ്‌ സെൻഗർ, സഹോദരൻ മനോജ്‌ സെൻഗർ തുടങ്ങി 10 പേർക്കെതിരെ പൊലീസ്‌ കേസെടുത്തിരുന്നു. ലഖ്‌നൗ കെജിഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ നില അതീവഗുരുതരമാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top