21 November Thursday

മൂർച്ച നഷ്ടപ്പെട്ട്‌ ബിജെപി ആയുധങ്ങൾ; സൈനികനടപടിയും തെരഞ്ഞെടുപ്പിൽ തുണച്ചില്ല

സ്വന്തം ലേഖകൻUpdated: Saturday Oct 26, 2019

ന്യൂഡൽഹി >  വോട്ടെടുപ്പിന്റെ തലേന്നുണ്ടായ സൈനികനടപടിയും ബിജെപിയെ തെരഞ്ഞെടുപ്പിൽ തുണച്ചില്ല. പാകിസ്ഥാൻ അതിർത്തിയിലെ ബാലാക്കോട്ട്‌ സൈന്യം നടത്തിയ പ്രത്യാക്രമണത്തിന്റെ ബലത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേട്ടംകൊയ്‌തിരുന്നു. രണ്ടാമതും അധികാരത്തിൽ വന്ന മോഡിസർക്കാർ ഹിന്ദുത്വരാഷ്ട്രീയവും കശ്‌മീരും പാക്‌വിരോധവുമാണ്‌ പ്രധാനവിഷയങ്ങളാക്കിയത്‌. ജമ്മു–കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്‌ ബിജെപി സർക്കാരിന്റെ വൻ നേട്ടമായും അവതരിപ്പിച്ചു.

മഹാരാഷ്ട്രയും ഹരിയാനയും ബൂത്തുകളിലേക്ക്‌ നീങ്ങുന്നതിന്‌ 24 മണിക്കൂർമുമ്പ്‌ ജമ്മു -കശ്‌മീർ നിയന്ത്രണരേഖയിൽ ഭീകരാക്രമണവും തുടർന്ന്‌ സൈനിക നടപടിയും ഉണ്ടായി. ദേശീയ–പ്രാദേശിക മാധ്യമങ്ങളിൽ ഈ വാർത്തകൾ നിറഞ്ഞു. തീവ്രദേശീയവികാരം പ്രചരിപ്പിച്ച്‌ നേട്ടമുണ്ടാക്കുകയായിരുന്നു ലക്ഷ്യം.
സവർക്കർക്ക്‌ ഭാരത രത്‌ന നൽകുമെന്ന്‌ മഹാരാഷ്ട്രയിൽ ബിജെപി വാഗ്‌ദാനം നൽകി. ദേശീയ പൗരത്വരജിസ്റ്റർ നടപ്പാക്കുമെന്ന്‌ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രഖ്യാപിച്ചു.

വർഗീയതയും തീവ്രദേശീയതയും സമംചേർത്ത്‌ ജനകീയപ്രശ്‌നങ്ങളിൽനിന്ന്‌ വോട്ടർമാരുടെ ശ്രദ്ധതിരിച്ചുവിടാനാണ്‌  ശ്രമിച്ചത്‌. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷൻ അമിത്‌ ഷായും 42 റാലിയിലാണ്‌ പങ്കെടുത്തത്‌. പ്രതിപക്ഷ കക്ഷികളിൽനിന്ന്‌ വൻതോതിൽ നേതാക്കളുടെ കൂറുമാറ്റം സംഘടിപ്പിച്ചു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ പ്രതിപക്ഷത്തെ വേട്ടയാടി. രണ്ടിടത്തും മത്സരം ഏകപക്ഷീയമാണെന്ന്‌ വരുത്താൻ മാധ്യമങ്ങളെ ഉപയോഗിച്ചു.

എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ഹരിയാനയിൽ ബിജെപിയുടെ വോട്ടുവിഹിതം 21  ശതമാനം ഇടിഞ്ഞു.  മഹാരാഷ്ട്രയിൽ എൻഡിഎക്ക്‌ 10 ശതമാനവും വോട്ട്‌ കുറഞ്ഞു. മഹാരാഷ്ട്രയിൽ എട്ടും ഹരിയാനയിൽ ഏഴും മന്ത്രിമാർ പരാജയപ്പെട്ടു. പശ്ചിമ മഹാരാഷ്ട്ര, വിദർഭ മേഖലകളിൽ ബിജെപിക്ക്‌ കനത്ത തിരിച്ചടിയുണ്ടായി. ഗ്രാമങ്ങൾ ബിജെപിയെ കൈയൊഴിഞ്ഞു. ഹരിയാനയിൽ തൊഴിലില്ലായ്‌മയും കാർഷികത്തകർച്ചയും വോട്ടർമാർ മുഖ്യമായി പരിഗണിച്ചു.

മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിൽ വൻ ഭൂരിപക്ഷം നേടുന്നതുവഴി പരമാവധി രാജ്യസഭാംഗങ്ങളെ വരുംവർഷങ്ങളിൽ ജയിപ്പിക്കാമെന്ന്‌ അവർ മോഹിച്ചിരുന്നു. അതും തിരിച്ചടിയായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top