16 February Saturday

കർണാടകത്തിൽ കുതിരക്കച്ചവടം ; കോൺഗ്രസ‌് എംഎൽഎമാർ ബിജെപിയിലേക്ക‌്

സ്വന്തം ലേഖകൻUpdated: Wednesday Jan 16, 2019

ന്യൂഡൽഹി
കർണാടകത്തിലെ -ജെഡിഎസ‌് –-കോൺഗ്രസ‌് സഖ്യസർക്കാരിനുള്ള പിന്തുണ രണ്ട‌് സ്വതന്ത്ര എംഎൽഎമാർ  പിൻവലിച്ചു.  കുമാരസ്വാമി സർക്കാരിനുള്ള പിന്തുണ  പിൻവലിക്കുമെന്ന‌്   മുംബൈയിലെ ഹോട്ടലിൽ കഴിയുന്ന കോൺഗ്രസ‌് എംഎൽഎമാരിൽ രണ്ടുപേരും  വ്യക്തമാക്കി. കോൺഗ്രസ‌് എംഎൽഎമാർകൂടി ബിജെപിയുടെ  വലയിൽ വീണതോടെ  സഖ്യ സർക്കാരിന്റെ നിലനിൽപ്പ‌് ത്രിശങ്കുവിൽ. അഞ്ച‌് കോൺഗ്രസ‌് എംഎൽഎമാർ ബിജെപിയുടെ നിയന്ത്രണത്തിലാണ‌്.  കുറുമാറുന്നവർക്ക‌് 50 കോടി രൂപവരെ ബിജെപി വാഗ‌്ദാനം ചെയ‌്തുവെന്നാണ‌് റിപ്പോർട്ട‌്.  ആർ ശങ്കർ, എച്ച‌് നാഗേഷ‌് എന്നീ സ്വതന്ത്ര എംഎൽഎമാരാണ‌് കുമാരസ്വാമി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയാണെന്ന‌് അറിയിച്ച‌് ഗവർണർക്ക‌് കത്ത‌് നൽകിയത‌്. സർക്കാർ വീഴുമെന്ന ധാരണ ബിജെപി പടർത്തിയതോടെ കൂടുതൽ കോൺഗ്രസ‌് എംഎൽഎമാരിൽ ചാഞ്ചാട്ടം പ്രകടമാണ‌്.

കോൺഗ്രസിന്റെ 80, ജെഡിഎസിന്റെ 37, ബിഎസ‌്പിയുടെ ഒന്ന‌്, സ്വതന്ത്രരായ രണ്ട‌് പേർ എന്നിങ്ങനെ 120 പേരുടെ പിന്തുണയാണ‌് സഖ്യസർക്കാരിനുണ്ടായിരുന്നത‌്. ബിജെപിക്ക‌് 104 എംഎൽഎമാരാണുള്ളത‌്. സർക്കാരിന‌് നാലുപേരുടെ പിന്തുണ  നഷ്ടപ്പെട്ടു. നാല‌് പേരെകൂടി ചാക്കിട്ടുപിടിക്കാൻ ബിജെപിക്ക‌് കഴിഞ്ഞാൽ 224 അംഗ നിയമസഭയിൽ കോൺഗ്രസ‌്–-ജെഡിഎസ‌് സർക്കാരിന‌്  കേവലഭൂരിപക്ഷം ഇല്ലാതാകും. മുംബൈയിലുള്ള കോൺഗ്രസ‌് എംഎൽഎമാർ പൂർണമായും ബിജെപി നിയന്ത്രണത്തിലാണെന്ന‌് വ്യക്തമായതോടെ  ജലവിഭവമന്ത്രിയും കോൺഗ്രസ‌് നേതാവുമായ ഡി കെ ശിവകുമാറിന്റെ മുംബൈ  യാത്ര റദ്ദാക്കി.

‘ഓപ്പറേഷൻ കമല’ വിജയമാണെന്നും കർണാടകത്തിൽ ബിജെപി സർക്കാർ ഉടൻ രൂപീകരിക്കുമെന്നും മഹാരാഷ്ട്ര ജലവിഭവമന്ത്രിയും ബിജെപി നേതാവുമായ രാം ഷിൻഡെ വാർത്താ ഏജൻസിയോട‌്  പറഞ്ഞു.   ചാക്കിട്ടുപിടിക്കുന്ന എംഎൽഎമാരെ മഹാരാഷ്ട്രയിൽ സംരക്ഷിക്കുന്നതിനുള്ള ചുമതല കേന്ദ്രനേതൃത്വം ഷിൻഡെയെയാണ‌് ഏൽപ്പിച്ചിരിക്കുന്നത‌്. അട്ടിമറിനീക്കം സ്ഥിരീകരിക്കുന്ന ആദ്യ ബിജെപി നേതാവാണ‌് ഷിൻഡെ. ബിജെപി സംസ്ഥാനപ്രസിഡന്റ‌് വൈ എസ‌് യദ്യൂരപ്പ അടക്കമുള്ളവർ ഇക്കാര്യം പരസ്യമായി നിഷേധിച്ചിരുന്നു.  ഷിൻഡെയുടെ സ്ഥിരീകരണത്തിനുശേഷം കേന്ദ്രമന്ത്രി സദാനന്ദഗൗഡയും രംഗത്തെത്തി. കുമാരസ്വാമി സർക്കാർ വീണാൽ പുതിയ മന്ത്രിസഭ രൂപീകരിക്കാൻ ബിജെപി അവകാശവാദം ഉന്നയിക്കുമെന്ന‌് സദാനന്ദഗൗഡ ബംഗളൂരുവിൽ പറഞ്ഞു.

കർണാടകത്തിലെ  എഐസിസി ചുമതലക്കാരനായ കെ സി വേണുഗോപാൽ ബംഗളൂരുവിലെത്തി മുഖ്യമന്ത്രി കുമാരസ്വാമിയുമായി ചർച്ച നടത്തി. സർക്കാരിനുള്ള ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ ആശങ്കയില്ലെന്ന‌്  ചർച്ചയ‌്ക്കുശേഷം  കുമാരസ്വാമി മാധ്യമങ്ങളോട‌് പ്രതികരിച്ചു.  കോൺഗ്രസ‌് എംഎൽഎമാരെ  പ്രലോഭിപ്പിച്ച‌് പുറത്തുചാടിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന‌് ഉപമുഖ്യമന്ത്രിയും കോൺഗ്രസ‌് നേതാവുമായ പരമേശ്വര ആരോപിച്ചു. അധികാരക്കൊതി മൂത്ത‌് ബിജെപി രാഷ്ട്രീയകുതിരകച്ചവടം നടത്തുകയും കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുകയും ചെയ്യുകയാണെന്ന‌് പിസിസി അധ്യക്ഷൻ ദിനേശ‌് ഗുണ്ടുറാവു പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി കുമാരസ്വാമിയുടെ നീക്കങ്ങൾ പ്രതിരോധിക്കാൻ ബിജെപി എംഎൽഎമാരെ ഗുഡ‌്ഗാവിൽ പാർപ്പിച്ചിരിക്കുകയാണ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top