27 May Wednesday

കശ്മീര്‍ ചരിത്രത്തെയും ബിജെപി വേട്ടയാടുന്നു: തരിഗാമി

സ്വന്തം ലേഖകൻUpdated: Wednesday Mar 11, 2020

ന്യൂഡൽഹി
ജമ്മു കശ്‌മീരിന്റെ ചരിത്രത്തിനുനേരെയുള്ള ആക്രമണമാണ് ബിജെപി നടത്തുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ്‌ യൂസുഫ്‌ തരിഗാമി. ഇരുരാഷ്‌ട്രവാദം തള്ളി ഇന്ത്യക്കൊപ്പം നിലയുറപ്പിച്ച ഷേഖ്‌ മുഹമ്മദ്‌ അബ്‌ദുള്ളയുടെ സംഭാവനകളെ താഴ്ത്തിക്കെട്ടാനാണ് നിരന്തരശ്രമം.

അദ്ദേഹത്തിന്‌ ആദരസൂചകമായി നൽകിയ ‘ഷേർ ഇ കശ്‌മീർ’ ബഹുമതി ഔദ്യോഗിക ഇടങ്ങളിൽനിന്നെല്ലാം ഒഴിവാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തും. ‘ഷേർ ഇ കശ്‌മീർ’ അന്താരാഷ്‌ട്ര കൺവൻഷൻ സെന്ററിനെ കശ്‌മീർ അന്താരാഷ്‌ട്ര കൺവൻഷൻ സെന്ററെന്ന്‌ പുനർനാമകരണം ചെയ്‌തു. ഷേഖ്‌ അബ്‌ദുള്ളയുടെ ജന്മദിനത്തിലെ പൊതു അവധി ഒഴിവാക്കി, സംസ്ഥാന പുരസ്‌‌കാരത്തിൽനിന്നും പൊലീസ്‌ മെഡലിൽനിന്നും ‘ഷേർ ഇ കശ്‌മീർ’ പരാമർശം ഒഴിവാക്കി. ബിജെപിയുടെ ജനവിരുദ്ധമായ നീക്കങ്ങൾക്കെതിരെ കശ്‌മീരിന്റെ താൽപ്പര്യം ഉയർത്തിപ്പിടിച്ച്‌ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന്‌ തരിഗാമി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. 

പാകിസ്ഥാനിൽ ചേരണമെന്ന ആവശ്യത്തെ എതിർത്തുപോരാടുകയും ‘നവ കശ്‌മീർ’ പടുത്തുയർത്തുകയും ചെയ്‌ത വ്യക്തിയാണ്‌ ഷേഖ്‌ അബ്‌ദുള്ള.  കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയെന്ന ചരിത്രമണ്ടത്തരത്തിലൂടെ ഭരണഘടനയുടെ അടിസ്ഥാനതത്വത്തെയാണ്‌ ബിജെപി തകർത്തത്‌. 370–-ാം വകുപ്പ്‌ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top