30 May Saturday

പഴയ വിഷയങ്ങൾ കുത്തിപ്പൊക്കി ബിജെപി; പിന്നാലെ കോൺഗ്രസ‌്

സ്വന്തം ലേഖകൻUpdated: Sunday May 12, 2019

ന്യൂഡൽഹി > ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ജനകീയപ്രശ‌്നങ്ങൾ ചർച്ചയാകാതിരിക്കാൻ പഴയ വിഷയങ്ങൾ ഉയർത്തുന്ന ബിജെപി തന്ത്രത്തിൽ ചുവടുപിഴച്ച‌് കോൺഗ്രസ‌്. പുൽവാമയും ബാലാകോട്ടും സൈനികരുമായിരുന്നു ആദ്യ നാല‌് ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപിയും പ്രധാനമായും ഉന്നയിച്ചിരുന്നത‌്. എന്നാൽ, അവസാന രണ്ട‌് ഘട്ടങ്ങളിൽ മൺമറഞ്ഞ കോൺഗ്രസ‌് നേതാക്കളെ കടന്നാക്രമിച്ചും സിഖ‌് കലാപം ഉൾപ്പെടെയുള്ള ദുരന്തങ്ങൾ ചർച്ചയാക്കിയും വോട്ട‌് പിടിക്കാമെന്നാണ‌് ബിജെപിയുടെ കണക്കുകൂട്ടൽ.

തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സാധ്യതകൾക്ക‌് മങ്ങലേൽക്കുന്നുവെന്ന റിപ്പോർട്ടുകൾകൂടി പുറത്തുവന്ന സാഹചര്യത്തിലാണ‌് പുൽവാമയും ബാലാകോട്ടും കൈവിട്ട‌് മുൻ പ്രധാനമന്ത്രിമാരെ വ്യക്തിപരമായി അധിക്ഷേപിക്കാൻ മോഡിയും കൂട്ടരും നീക്കംതുടങ്ങിയത‌്. കാർഷികപ്രതിസന്ധിയും തൊഴിലില്ലായ‌്മയും ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളും ഉൾപ്പെടെയുള്ള ദൈനംദിനപ്രശ‌്നങ്ങൾ ചർച്ചയാകാതിരിക്കാനുള്ള അടവ‌് കൂടിയായിരുന്നു ഇത‌്. മോഡിയുടെ ചൂണ്ടയിൽ കോൺഗ്രസും കൊത്തിയതോടെ മൺമറഞ്ഞുപോയ നേതാക്കളുടെ പേരിലുള്ള ആരോപണപ്രത്യാരോപണങ്ങൾമാത്രം വാർത്തയും ചർച്ചയുമാകുന്ന അവസ്ഥയിലേക്ക‌് കാര്യങ്ങളെത്തി.

മെയ‌് നാലിന‌് അമേഠിയിൽനിന്ന‌് 40 കിലോമീറ്റർമാത്രം അകലെയുള്ള പ്രതാപ‌്ഗഢിൽ നടത്തിയ തെരഞ്ഞെടുപ്പ‌് പ്രസംഗത്തിലാണ‌് മോഡി രാജീവ‌്‌ ഗാന്ധിയെ കടന്നാക്രമിച്ചത‌്. റഫേൽ ഇടപാടിലെ ക്രമക്കേടുകൾ അക്കമിട്ടുനിരത്തി ‘മോഡിയെന്ന കാവൽക്കാരൻ കള്ളനാണെന്ന‌്’ -രാഹുൽ ആരോപിച്ചിരുന്നു. ‘താങ്കളുടെ പിതാവ‌് വലിയ പരിശുദ്ധനാണെന്ന‌് അദ്ദേഹത്തിന്റെ അനുയായികൾ വാഴ‌്ത്താറുണ്ട‌്. എന്നാൽ, ഒന്നാംനമ്പർ അഴിമതിക്കാരനായിട്ടാണ‌് അദ്ദേഹം മരിച്ചതെന്ന‌് എല്ലാവർക്കും അറിയാ‘മെന്ന‌്- ‌മോഡി പ്രതാപ‌്ഗഢിലെ പ്രസംഗത്തിൽ പറഞ്ഞു.
കോൺഗ്രസും മറ്റ‌് പ്രതിപക്ഷപാർടികളും വലിയ വിമർശവുമായി രംഗത്തെത്തിയിട്ടും ജാർഖണ്ഡിലെ ചായ‌്ബാസയിൽ നടത്തിയ പ്രസംഗത്തിലും ‘ബൊഫോഴ‌്സ‌് കേസിൽ ആരോപണവിധേയനായ രാജീവിന്റെ പേരിൽ വോട്ട‌് തേടാൻ കോൺഗ്രസിന‌് ധൈര്യമുണ്ടോ’യെന്ന‌് മോഡി ചോദിച്ചു.

മെയ‌് എട്ടിന‌് ഡൽഹിയിൽ നടന്ന റാലിയിൽ സിഖ‌് കലാപവും കോൺഗ്രസുമായുള്ള ബന്ധം ഓർമിച്ചായിരുന്നു മോഡിയുടെ പ്രസംഗം. ‘കോൺഗ്രസ‌് ഇപ്പോൾ ന്യായത്തെക്കുറിച്ചാണ‌് സംസാരിക്കുന്നത‌്. എന്നാൽ, 1984ൽ സിഖ‌് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട അനീതിയെക്കുറിച്ച‌് എന്താണ‌് പറയാനുള്ളത‌്’–- മോഡി ചോദിച്ചു. ഇതിന‌് പിന്നാലെ സിഖ‌് സമുദായത്തിനെതിരെ രാജീവ‌്ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ ഭാഗങ്ങൾ ബിജെപി സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും വ്യാപകമായി പ്രചരിപ്പിച്ചു.

ഡൽഹിയിലെയും ഹരിയാനയിലെയും പഞ്ചാബിലെയും സിഖ‌് സമുദായത്തിന്റ വോട്ട‌് ലക്ഷ്യമിട്ടുള്ള ആസൂത്രിതനീക്കമായിരുന്നു ഇതെന്ന‌് ബിജെപി വൃത്തങ്ങൾ പറയുന്നു. രാജീവ‌്ഗാന്ധിയും കുടുംബവും അനുയായികളും നാവികസേനാ കപ്പലായ ഐഎൻഎസ‌് വിരാടിൽ വിനോദയാത്ര നടത്തിയെന്ന ആക്ഷേപവും മോഡി ഉന്നയിച്ചു.

രാജീവ‌്ഗാന്ധിക്ക‌് എതിരെ മോഡിയും ബിജെപിയും ആക്രമണം ശക്തമാക്കിയതോടെ പ്രത്യാരോപണങ്ങളുമായി കോൺഗ്രസും രംഗത്തെത്തി. ബിജെപി പിന്തുണയോടെ ഭരിച്ചിരുന്ന വി പി സിങ‌് സർക്കാർ രാജീവിന‌് സുരക്ഷ ഒരുക്കിയില്ലെന്നും ബിജെപിയുടെ വെറുപ്പ‌് മൂലമാണ‌് അദ്ദേഹത്തിന‌് ജീവൻ നഷ്ടമായതെന്നും കോൺഗ്രസ‌്  നേതാവ‌് അഹമ്മദ‌് പട്ടേൽ കുറ്റപ്പെടുത്തി.
‘1984ൽ നടന്നത‌് നടന്നു. ഇപ്പോൾ നടക്കുന്ന കാര്യങ്ങളെക്കുറിച്ച‌് ചർച്ചചെയ്യൂ’ -എന്ന കോൺഗ്രസ‌് നേതാവ‌് സാം പിത്രോദയുടെ പരാമർശം തിരിഞ്ഞുകുത്തുകയും ചെയ‌്തു. സാം പിത്രോദയോട‌് ഖേദം പ്രകടിപ്പിക്കാൻ നിർദേശിച്ച കോൺഗ്രസ‌് നേതൃത്വം ബിജെപിയുടെ ആരോപണങ്ങൾക്ക‌് മറുപടി നൽകുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന‌് നേതാക്കളോട‌് നിർദേശിച്ചിട്ടുണ്ട‌്.


പ്രധാന വാർത്തകൾ
 Top