29 May Monday
ആക്രമണം എളമരം കരീം ഉള്‍പ്പെടെയുള്ള നേതാക്കൾക്കുനേരെ

ത്രിപുരയിൽ തീക്കളി ; എംപിമാരെ 
ആക്രമിച്ചു, വാഹനങ്ങൾ കത്തിച്ചു video

റിതിൻ പൗലോസ്‌Updated: Friday Mar 10, 2023

ന്യൂഡൽഹി
ത്രിപുരയിലെ അക്രമബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ സിപിഐ എം രാജ്യസഭാ കക്ഷി നേതാവ്‌ എളമരം കരീമിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ എംപിമാരുടെ സംഘത്തിനുനേർക്ക്‌ ബിജെപിയുടെ ആക്രമണവും കൊലവിളിയും. ജയ്‌ ശ്രീറാം വിളികളുമായി ഇരച്ചെത്തിയ മുപ്പതോളം ബിജെപിക്കാർ എംപിമാർ എത്തിയ കാർ അഗ്നിക്കിരയാക്കി. പൊലീസ്‌ നോക്കിനിൽക്കെ മറ്റ്‌ രണ്ടു കാറും തല്ലിത്തകർത്തു. എംപിമാർക്കുനേരെ കടന്നാക്രമണം നടത്തി.  അതിക്രമത്തെ സിപിഐ എം ശക്തമായി അപലപിച്ചു.

പശ്ചിമ ത്രിപുര ജില്ലയിലെ ബിശാൽഗഢിലുള്ള നെഹാൽ ചന്ദ്രനഗറിൽ ബിജെപിക്കാർ അഗ്നിക്കിരയാക്കിയ കോൺഗ്രസ്‌ പ്രവർത്തകന്റെ കട സന്ദർശിക്കുന്നതിനിടെയാണ്‌ ബിജെപി ആക്രമണം. എളമരം കരീമിനു പുറമെ കോൺഗ്രസ്‌ എംപി അബ്ദുൾ ഖലീഖ്‌,  ഇവരെ അനുഗമിച്ച സിപിഐ എം സംസ്ഥാന സെക്രട്ടി ജിതേന്ദർ ചൗധരി എംഎൽഎ, എഐസിസി ജനറൽ സെക്രട്ടറിയും മുൻ എംപിയുമായ അജോയ്‌ കുമാർ, പ്രതാപ്ഗഢ്‌ എംഎൽഎ രാമുദാസ്‌,  പിസിസി പ്രസിഡന്റ്‌ ബ്രിജിത്‌ സിൻഹ എംഎൽഎ എന്നവരും സംഘത്തിൽ ഉണ്ടായിരുന്നു.  ഭീകാരന്തരീക്ഷം സൃഷ്ടിച്ച ബിജെപിക്കാർ നേതാക്കളെ ലക്ഷ്യമിട്ട്‌ ആസൂത്രിത അക്രമം നടത്തുകയായിരുന്നു. മൊഹൻപുരിൽവച്ചും എംപിസംഘത്തിന്റെ വാഹനം ആക്രമിക്കാൻ ശ്രമമുണ്ടായി. 

ബിശാൽഗഢിലുള്ള നെഹാൽ ചന്ദ്രനഗറിൽ സന്ദർശനം നടത്തുന്ന 
എളമരം കരീം എംപി അടക്കമുള്ള നേതാക്കൾ

ബിശാൽഗഢിലുള്ള നെഹാൽ ചന്ദ്രനഗറിൽ സന്ദർശനം നടത്തുന്ന 
എളമരം കരീം എംപി അടക്കമുള്ള നേതാക്കൾ


 

മാർച്ച്‌ രണ്ടിന് നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നതിനു പിന്നാലെ  ത്രിപുരയിൽ ഇടതുമുന്നണി, കോൺഗ്രസ്‌ പ്രവർത്തകർക്കുനേരെ സമാനതകളില്ലാത്ത ആക്രമണങ്ങൾ തുടരുന്നതിടെയാണ്‌  ഏഴം​ഗ എംപി സംഘം സംസ്ഥാനത്ത്‌ ദ്വിദിന സന്ദർശനത്തിന്‌ എത്തിയത്‌. സിപിഐ എം പ്രതിനിധികളായി എളമരം കരീം,  ബികാഷ്‌ രഞ്‌ജൻ  ഭട്ടാചാര്യ, പി ആർ നടരാജൻ, എ എ റഹിം, സിപിഐ പ്രതിനിധി ബിനോയ്‌ വിശ്വം, കോൺഗ്രസ്‌ പ്രതിനിധികളായി  രഞ്‌ജിത രജ്ജൻ,  അബ്ദുൽ  ഖലീഖ്‌  എന്നിവരാണ്‌ സംഘത്തിലുള്ളത്‌. മൂന്ന് സംഘമായാണ് ഇവര്‍ പര്യടനം നടത്തിയത്.

നിയമവാഴ്‌ചയും പൊലീസ്‌ സംവിധാനവും പൂർണമായും പരാജയപ്പെട്ട ത്രിപുരയിൽ പത്തു ദിവസത്തിനിടെ പ്രതിപക്ഷ പാർടി പ്രവർത്തകർക്കുനേരെ ആയിരത്തിലധികം ആക്രമണങ്ങൾ നടന്നു.  നൂറുകണക്കിനു പ്രവർത്തകർക്ക്‌ ഗുരുതര പരിക്കേറ്റു. എഴുനൂറോളം വീടുകൾ അഗ്നിക്കിരയാക്കുകയോ തകർക്കുകയോ ചെയ്‌തു. സിപിഐ എം എംഎൽഎമാരുടെയും നേതാക്കളുടെയും വീടുകൾ  ആക്രമിക്കപ്പെട്ടിട്ടും ആരെയും ബിജെപി സർക്കാർ അറസ്റ്റ്‌ ചെയ്‌തില്ല.

സർക്കാരും പൊലീസും അക്രമികൾക്ക്‌ ഒത്താശ ചെയ്‌തതോടെയാണ്‌ വസ്‌തുതാന്വേഷണത്തിനായി എംപിമാരുടെ സംഘം സംസ്ഥാനത്തെത്തിയത്‌. ത്രിപുര ഗവർണർക്കും കേന്ദ്ര സർക്കാരിനും അക്രമങ്ങൾ സംബന്ധിച്ച റിപ്പോർട്ട് സംഘം കൈമാറും. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എംപിമാരുടെ സംഘം ശനിയാഴ്ച നടത്താനിരുന്ന സന്ദർശനപരിപാടികൾ മാറ്റിവച്ചു. പകൽ 12ന്‌ സോനാർതരി സ്‌റ്റേറ്റ്‌ ഗസ്‌റ്റ്‌ ഹൗസിൽ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്‌.

ത്രിപുരയിലെ ആർഎസ്‌എസ്‌
ആക്രമണത്തിനെതിരെ
ഡിവൈഎഫ്‌ഐ പ്രതിഷേധം
ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാർക്കുനേരെ നടന്ന ആർഎസ്‌എസ്‌ ആക്രമണത്തിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി പ്രകടനവും യോഗവും നടത്തി. 

സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്,  ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്, ജില്ലാ ജോയിന്റ്‌ സെക്രട്ടറി അമൽ സോഹൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ മനുശങ്കർ, ടി എസ് ഷിഫാസ് എന്നിവർ സംസാരിച്ചു.


 

ത്രിപുര ആക്രമണത്തിൽ 
പ്രതിഷേധിക്കുക: സിഐടിയു
ത്രിപുരയിൽ എളമരം കരീം എംപി ഉൾപ്പെടെ ജനപ്രതിനിധികളെയും നേതാക്കളേയും ബിജെപി ക്രിമിനലുകൾ ആക്രമിച്ചതിൽ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പ്രസ്താവനയിൽ അഭ്യർഥിച്ചു. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്താനും ആഹ്വാനം ചെയ്‌തു.

ത്രിപുരയിൽ ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്നത് കടുത്ത ജനാധിപത്യ, പൗരാവകാശ ലംഘനമാണ്. അക്രമങ്ങളിൽ പരിക്കേറ്റവരെ കാണാൻ പോലും അനുവദിക്കുന്നില്ല.  തെരഞ്ഞെടുപ്പ് സമയത്തുണ്ടായ വ്യാപക അക്രമങ്ങളിൽ നിരവധി ഇടതുപക്ഷ പ്രവർത്തകർക്കും തൊഴിലാളികൾക്കും പരിക്കേറ്റു. ഫാസിസ്റ്റ് രീതിയിലുള്ള അക്രമമാണ് നടക്കുന്നത്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾ പ്രതിഷേധിക്കണമെന്നും ആനത്തലവട്ടം പ്രസ്താവനയിൽ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top