23 November Monday

ആരവമില്ലാതെ പട്‌ന ; നരേന്ദ്ര മോഡി എത്തിയിട്ടും നഗരത്തിൽ ഇളക്കമില്ല

എം പ്രശാന്ത്‌Updated: Friday Oct 30, 2020

വിജനമായ പട്‌ന തെരുവ്‌


പട്‌ന
ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പ്‌ പൂർത്തിയായിട്ടും തലസ്ഥാനമായ പട്‌ന തെരഞ്ഞെടുപ്പ്‌ ആരവങ്ങളില്ലാതെ ശാന്തം. ബുധനാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രചാരണത്തിന്‌ എത്തിയിട്ടും നഗരത്തിൽ ഇളക്കമുണ്ടായില്ല. പാർടി ഓഫീസുകളിൽ നേതാക്കളുടെ ഒഴുക്കുണ്ടെന്നല്ലാതെ പ്രവർത്തകരുടെ തിരക്കില്ല.

സംസ്ഥാനം തെരഞ്ഞെടുപ്പ്‌ ചൂടിലാണെന്നതിന്റെ സൂചനയായി ഉള്ളത്‌ പ്രധാനമന്ത്രി മോഡിയുടെയും മഹാസഖ്യം മുഖ്യമന്ത്രിസ്ഥാനത്തേക്ക്‌ ഉയർത്തിക്കാട്ടുന്ന തേജസ്വി യാദവിന്റെയും ചിത്രങ്ങളുള്ള പടുകൂറ്റൻ ബോർഡുകൾമാത്രം‌. ചുരുക്കം സ്ഥലങ്ങളിൽ രാഹുൽ ഗാന്ധിയുടെ ചിത്രത്തോടെയുള്ള കോൺഗ്രസ്‌ ബോർഡുകളും. മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ പോസ്റ്ററുകളോ ബോർഡുകളോ എവിടെയും ഇല്ല.  

നഗരവാസികളിലും തെരഞ്ഞെടുപ്പുചൂടില്ല. സിറ്റിങ്‌ എംഎൽഎ ആരെന്ന്‌ അറിയുന്നവർ ചുരുക്കം. സ്ഥാനാർഥികളെ ചോദിച്ചാൽ അറിയാൻ ബുദ്ധിമുട്ടും. നഗരത്തിൽ റിക്ഷ വലിച്ചും വഴിയോരക്കച്ചവടം നടത്തിയും ജീവിക്കുന്നവരിൽ നല്ലൊരുപങ്കിനും വോട്ട്‌ പട്‌നയ്‌ക്ക്‌ പുറത്താണ്‌. അവരുടെ രാഷ്ട്രീയപക്ഷവും വ്യത്യസ്‌തം. ലാലുവും നിതീഷുമാണ്‌ ഇവർക്ക്‌ നേതാക്കളെങ്കിലും മുഖ്യമന്ത്രിയോട്‌‌ പഴയ മമതയില്ല. കോവിഡ്‌കാലത്തെ പട്ടിണിയും ദാരിദ്ര്യവുംതന്നെ കാരണം. തേജസ്വി മാറ്റംകൊണ്ടുവരുമെന്ന്‌ പലരും പ്രതീക്ഷിക്കുന്നു.

പട്‌ന നഗരത്തിൽ സിറ്റിങ്‌ എംഎൽഎ ബിജെപിയുടെ നന്ദകിഷോർ യാദവാണ്‌. മന്ത്രികൂടിയായ യാദവ്‌ 2010 മുതൽ പ്രതിനിധാനംചെയ്യുന്നു. കോൺഗ്രസിന്റെ പ്രവീൺ സിങ്ങാണ്‌ എതിരാളി. പട്‌ന ജില്ലയിലെ 14 നിയമസഭാ മണ്ഡലത്തിൽ ഭൂരിഭാഗവും ബിജെപിക്കൊപ്പമാണ്‌. ശത്രുഘ്‌നൻ സിൻഹയുടെ മകൻ ലവ്‌ സിൻഹ ബങ്കിപ്പുരിൽ കോൺഗ്രസ്‌ സ്ഥാനാർഥിയാണ്‌. മൂന്നുവട്ടം എംഎൽഎയായ ബിജെപിയുടെ നിതിൻ നവീനാണ്‌ എതിരാളി. ഒരുകാലത്ത്‌ മോഡിയുടെ വിശ്വസ്‌തനായിരുന്ന ശത്രുഘ്‌നനും മകന്റെ വിജയത്തിനായി  രംഗത്തുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top