28 November Saturday

വോട്ടുതലേന്ന്‌ പൊലീസ്‌ വെടി; കൊണ്ടത്‌ നിതീഷിന്‌ ; കടന്നാക്രമിച്ച്‌ മഹാസഖ്യം

എം പ്രശാന്ത്‌Updated: Wednesday Oct 28, 2020

ഒന്നാംഘട്ട വോട്ടെടുപ്പിൽ പാട്‌നയിലെ പോളിങ് കേന്ദ്രത്തിൽ വോട്ടുചെയ്യാൻ എത്തിയ സ്‌ത്രീയെ തെർമൽ സ്‌കാനർ ഉപയോഗിച്ച്‌ പരിശോധിക്കുന്നു


പട്‌‌ന
ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിന്‌ തലേന്ന്‌ മുംഗേറിലുണ്ടായ പൊലീസ്‌ വെടിവയ്‌പും ലാത്തിച്ചാർജും നിതീഷ്‌ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി. മുംഗേറിൽ ദുർഗാവിഗ്രഹം ഗംഗാ നദിയിലൊഴുക്കാനെത്തിയ ഭക്തർക്കു‌നേരെയാണ്‌ പൊലീസ്‌  വെടിവച്ചത്‌. ഒരാൾ കൊല്ലപ്പെടുകയും രണ്ടു ഡസനിലേറെ പേർക്ക്‌ പരിക്കേൽക്കുകയും ചെയ്‌തു. നിതീഷ്‌ സർക്കാരിനെ നിശിതമായി വിമർശിച്ച മഹാസഖ്യം ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു. എൻഡിഎ ഘടകകക്ഷിയായ എൽജെപിയും സർക്കാരിനെ കടന്നാക്രമിച്ചു. മുംഗേറിലെ എസ്‌പി ലിപി സിങ്‌ ജെഡിയു നേതാവിന്റെ മകളാണെന്നതും രാഷ്ട്രീയ ആരോപണങ്ങൾക്ക്‌‌ മൂർച്ച കൂട്ടി. 

ബിഹാറിൽ പൊലീസ്‌ തേർവാഴ്‌ചയാണെന്ന്‌ മഹാസഖ്യം നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിരപരാധികളെ പൊലീസ്‌ വേട്ടയാടുകയാണെന്ന്‌ തേജസ്വി യാദവ്‌ പറഞ്ഞു. നിതീഷ്‌ കുമാറിന്‌  ഒഴിഞ്ഞുമാറാനാവില്ല –- തേജസ്വി പറഞ്ഞു. കോൺഗ്രസ്‌ നേതാവ്‌ രൺദീപ്‌ സിങ്‌ സുർജെവാല, സിപിഐ എം സംസ്ഥാന സെക്രട്ടറി അവധേഷ്‌ കുമാർ, സിപിഐ എംഎൽ പൊളിറ്റ്‌ബ്യൂറോ അംഗം കവിതാ കൃഷ്‌ണൻ, സിപിഐ സെക്രട്ടറി രാംനരേഷ്‌ പാണ്ഡെ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ലിപി സിങ്ങിനെ സസ്‌പെൻഡ്‌ ചെയ്യണമെന്നും നിതീഷ്‌ ഭരണം താലിബാനി ഭരണമായെന്നും എൽജെപി നേതാവ്‌ ചിരാഗ്‌ പസ്വാൻ പറഞ്ഞു.

ലിപി സിങ്‌ ജെഡിയു രാജ്യസഭാംഗം ആർ സി പി സിങ്ങിന്റെ മകളാണ്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ആർജെഡിയുടെ  പരാതിയിൽ ലിപിയെ തെരഞ്ഞെടുപ്പ്‌ കമീഷൻ സ്ഥലംമാറ്റിയിരുന്നു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന്‌ തലേന്നുണ്ടായ പൊലീസ്‌ വെടിവയ്‌പിൽ എൻഡിഎ നേതാക്കളും അസ്വസ്ഥരാണ്‌. നിതീഷ്‌ വിഷയത്തിൽ പ്രതികരിച്ചില്ലെങ്കിലും മുംഗേറിൽ സംഭവിച്ചത്‌ ദൗർഭാഗ്യകരമാണെന്നും തെരഞ്ഞെടുപ്പ്‌ കമീഷൻ അന്വേഷിക്കണമെന്നും‌ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ മോഡി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top