26 February Wednesday

കേന്ദ്രനീക്കം മഹാരാഷ്ട്രയെ മറികടന്ന് ഭീമകൊറേഗാവ്‌ കേസ്‌ എൻഐഎക്ക്

എം അഖിൽUpdated: Sunday Jan 26, 2020

ന്യൂഡൽഹി
ഭീമാകൊറേഗാവ്‌ കേസിന്റെ അന്വേഷണം മഹാരാഷ്ട്ര സർക്കാരിന്റെ അനുമതി ഇല്ലാതെ കേന്ദ്രം ദേശീയ അന്വേഷണ ഏജൻസിക്ക്‌ (എൻഐഎ) കൈമാറി. കുറ്റപത്രം പുനഃപരിശോധിക്കാനും അന്വേഷണം പ്രത്യേക സംഘത്തിന്‌ കൈമാറാനും സംസ്ഥാനം നടപടി തുടങ്ങിയതോടെയാണ് കേന്ദ്രനീക്കം.

ഭീമാകൊറേഗാവ് സംഘർഷത്തില്‍ കൊല്ലം സ്വദേശി റോണാവിത്സൻ ഉൾപ്പെടെ ഒമ്പത്‌ മനുഷ്യാവകാശപ്രവർത്തകരെ 2018 ജൂൺ, ആഗസ്‌ത്‌ മാസങ്ങളിലാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇവരെ മഹാരാഷ്ട്രയിലെ മുൻ ബിജെപി സർക്കാർ കേസിൽ കുടുക്കിയതാണെന്ന ആക്ഷേപം ശക്തമാണ്. ശിവസേന, എൻസിപി, കോൺഗ്രസ്‌ സഖ്യസർക്കാർ അധികാരമേറ്റശേഷമാണ്‌ കേസ്‌ പുനഃപരിശോധിക്കാൻ നീക്കം തുടങ്ങിയത്‌. കേസ്‌ പ്രത്യേക അന്വേഷണസംഘത്തിന്‌ (എസ്‌ഐടി) വിടണമെന്ന്‌ എൻസിപി നേതാവ്‌ ശരദ്‌പവാർ മുഖ്യമന്ത്രി ഉദ്ധവ്‌താക്കറേക്ക്‌ കത്തെഴുതി. 

കുറ്റപത്രം പുനഃപരിശോധിക്കുന്ന കാര്യം ചർച്ചചെയ്യാൻ ഉപമുഖ്യമന്ത്രി അജിത്‌പവാറും ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖും വ്യാഴാഴ്‌ച  മുതിർന്ന പൊലീസ്‌ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. തൊട്ടുപിന്നാലെയാണ് കേന്ദ്രത്തിന്റെ ഉത്തരവ് വന്നത്. സംസ്ഥാന അനുമതിയില്ലാതെ കേസ്‌ കൈമാറിയ കേന്ദ്രനീക്കം ഏകപക്ഷീയമാണെന്നും ഉത്തരവ് ദുരൂഹമാണെന്നും ആഭ്യന്തരമന്ത്രി അനിൽദേശ്‌മുഖ്‌ പ്രതികരിച്ചു.

കേന്ദ്രനടപടി ഫെഡറൽ തത്ത്വങ്ങളുടെയും ജനാധിപത്യമൂല്യങ്ങളുടെയും ലംഘനമാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.


നടന്നത്‌ ദളിത്‌ വേട്ട

1818 ജനുവരി ഒന്നിന് പുണെ കൊറേഗാവിൽ മഹർവിഭാഗത്തിലെ അഞ്ഞൂറോളം ദളിത് സൈനികർ ഉൾപ്പെട്ട ബ്രിട്ടീഷ് സേന 28,000ത്തോളം വരുന്ന പേഷ്വായുടെ മറാഠാസൈന്യത്തെ പരാജയപ്പെടുത്തിയതാണ് ഭീമാകൊറേഗാവ് യുദ്ധം. യുദ്ധത്തിന്റെ 200ാം വാർഷികത്തില്‍2017 ഡിസംബർ 31ന് പുണെയിലെ ശനിവാർവാഡയില്‍ സംഘടിപ്പിച്ച എൽഗാർപരിഷത്തിൽ  ദളിത്, പുരോഗമന സംഘടനകൾ അണിനിരന്നു. സമസ്ത്ഹിന്ദുഅഘാടി, ശിവ്പ്രതിഷ്ഠാൻ ഹിന്ദുസ്ഥാൻ തുടങ്ങിയ തീവ്രഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ ഇവരെ ആക്രമിച്ചു.

2018 ജനുവരി ഒന്നിനും തുടർന്ന സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ദളിത് വേട്ടയ്ക്കെതിരെ സംസ്ഥാനത്ത് വ്യാപകപ്രതിഷേധമുയര്‍ന്നു. എന്നാല്‍ പിന്നാലെ ​ഗുരുതരവകുപ്പുകള്‍ ചുമത്തി ദളിത് ചിന്തകരേയും സാമൂഹ്യപ്രവര്‍ത്തകരേയും പൊലീസ് തുറങ്കലിലടച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top