27 February Thursday

"നീ പാകിസ്‌താനി ഭീകരനാണോ'; ബംഗളൂരുവിൽ മലയാളി വിദ്യാർഥിക്ക്‌ പൊലീസ്‌ മർദ്ദനം

ജോമോന്‍ കെ എസ്Updated: Wednesday Jan 15, 2020

ബംഗളൂരു > ബംഗളൂരുവിൽ മലയാളി വിദ്യാർഥിക്ക് പൊലീസ് മർദ്ദനം. ബംഗളൂരു മടിവാളക്കു സമീപമുള്ള എസ്‌ജി പാളയയിൽ  തിങ്കളാഴ്‌ച അർദ്ധ രാത്രിയോടെയാണ് സംഭവം. നഗരത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന വിദ്യാർഥികൾ പ്രോജക്‌ട്‌ വർക്കിന്റെയും ഇന്റേൺഷിപ്പിന്റെയും ഭാഗമായി ഒന്നിച്ചു താമസിച്ചു വരികകയായിരുന്നു. അർദ്ധ രാത്രിയോടെ ചായ കുടിക്കാൻവേണ്ടി ഫ്ലാറ്റിൽ നിന്നും പുറത്തിറങ്ങിയതാണെന്ന്‌ കുട്ടികൾ പറയുന്നു.

രാത്രി പട്രോളിങിന് എത്തിയ പൊലീസ് ഇവരെ തടഞ്ഞ്‌ നിർത്തി തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു. തിരിച്ചറിയൽ കാർഡിൽ മുസ്ലിം നാമം കണ്ടതോടെ "നീ പാകിസ്താനി ഭീകരനാണോ' എന്ന് ആക്രോശിച്ചു ഭീഷണിപ്പെടുത്തുവാൻ തുടങ്ങി. ഇതിനിടെ കുട്ടികളിൽ ഒരാൾ രംഗം മൊബൈൽ ക്യാമറയിൽ പകർത്തിയതോടെ പൊലീസുകാർ കൂടുതൽ മോശമായി പെരുമാറാൻ തുടങ്ങി.

ഇതിനിടയിൽ മറ്റൊരു സംഘം പൊലീസ് എത്തി കുട്ടികളെ ബലമായി സ്റ്റേഷനിൽ കൊണ്ടുപോയി. നീണ്ട ചോദ്യം ചെയ്യലിനും ഭീഷണികൾക്കും ഒടുവിൽ ലോക്കപ്പിൽ ഇട്ടു മർദിച്ചു. ബാംഗ്ലൂർ റെവ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന തലശ്ശേരി സ്വദേശിയായ യുവാവിനാണ്‌ കൂടതൽ മർദ്ദനമേറ്റത്. കൂടുതൽ കൂട്ടുകാർ സ്റ്റേഷനിൽ എത്തിയതോടെ വെളുപ്പിന് മൂന്ന്‌ മണിക്കുശേഷം പെറ്റി കേസ് ചാർജ് ചെയ്‌ത്‌ 500 രൂപ പിഴ അടപ്പിച്ചു വിട്ടയച്ചു.

നഗരത്തിലെ മടിവാള, ബിടിഎം, തവരേകേരേ, കോറമംഗള എന്നിവിടങ്ങളിൽ മലയാളികൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങളാണ്. സെന്റ്‌ ജോൺസ് മെഡിക്കൽ കോളേജ് , ക്രൈസ്റ്റ് യൂണിവേഴ്സിറ്റി , നിംഹാൻസ് , ജ്യോതി നിവാസ് കോളേജ് , ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയ പ്രസിദ്ധ സ്ഥാപനങ്ങൾ ഈ പ്രദേശത്താണ് . എന്നാൽ എസ് ജി പാളയ പൊലീസ് സ്റ്റേഷനിൽ മലയാളി കുട്ടികൾ പീഡിപ്പിക്കപെടുന്നത് ആവർത്തിക്കുകയാണെന്ന് പല മലയാളി സംഘടനകളും പറയുന്നു. ജോലിക്കും വിദ്യാഭ്യാസത്തിനുമായി വരുന്നവരെ ഭീഷണിപ്പെടുത്തി  വൻതുകകൾ പൊലീസ് പിടിച്ചു വാങ്ങുന്നു എന്ന് പരാതികൾ ഉണ്ട്. പൗരത്വ ഭേദഗതി ബില്ലിന്റെ ഭാഗമായുള്ള സമരത്തിൽ മലയാളി വിദ്യാർഥികൾ സജീവമായി ഇടപെടുന്നു എന്ന കർണാടക ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവനയുടെ പശ്ചാത്തലത്തിൽ ഇതുപോലെയുള്ള സംഭവങ്ങളെ ഭീതിയോടെയാണ് ബംഗളൂരുവിലെ മലയാളി സമൂഹം കാണുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top