03 August Monday

ബംഗളൂരുവിൽ കോവിഡ് വ്യാപനം രൂക്ഷം; ഭാഗിക ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

ജോമോൻ സ്‌റ്റീഫൻUpdated: Monday Jun 22, 2020

ബംഗളൂരു > കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിൻ്റെ പശ്ചാത്തലത്തിൽ ബംഗളൂരു നഗരത്തിൽ ഭാഗിക ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത നഗരത്തിലെ കേന്ദ്രങ്ങളായ കെ ആർ മാർക്കറ്റ്, വി വി പുരം, കലാശിപ്പാളയ, സിദ്ധാപുര തുടങ്ങിയ സ്ഥലങ്ങളും സമീപ പ്രദേശങ്ങളും പൂർണമായും ലോക്ക് ഡൗൺ ചെയ്യുകയാണെന്നും പോസിറ്റീവ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്‌ത പ്രദേശത്തുള്ള വീടുകൾ സീൽ ഡൗൺ ചെയ്യുകയാണെന്നും മന്ത്രിസഭ  യോഗത്തിന് ശേഷം മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു.

നഗരത്തിൽ നാളിതുവരെ 298 തീവ്ര രോഗബാധിത മേഖലകൾ ഉണ്ട്. അതേസമയം, ബംഗളൂരു നഗരത്തിൽ മാത്രം മരണസംഖ്യ 64 ആയി ഉയർന്നു. അപകടകരമായ തോതിൽ ബംഗളൂരുവിൽ കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ പ്രതിരോധ നടപടികൾ കർശനമായി നടപ്പാക്കിയാൽ മാത്രമേ കോവിഡ് വ്യാപനം തടയുവാൻ കഴിയൂ എന്ന് യെദ്യൂരപ്പ പറഞ്ഞു.

ഇതിനിടെ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകറിൻ്റെ പിതാവി(82)ന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി വസതിയിലെ  പാചകക്കാരിക്ക്‌ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് പ്രതിരോധത്തിന് സംസ്ഥാന സർക്കാറിൻ്റെ ചുമതലയുള്ള   മെഡിക്കൽ ഡോക്‌ടർ കൂടിയായ മന്ത്രിയുടെ വീട്ടിൽ രോഗം പിടിപെട്ടത് വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്.

രോഗവ്യാപനം രൂക്ഷമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും കോവിഡ് ചികിത്സയ്ക്കുള്ള അനുവാദം നൽകി. സംസ്ഥാനത്തൊട്ടാകെയുള്ള 518 ആശുപത്രികളിൽ 44 എണ്ണം തലസ്ഥാന നഗരമായ ബംഗളൂരുവിലാണ്. കർണാടകയിൽ ഇതുവരെ 9399 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതിൽ 1398 കേസുകൾ ബംഗളൂരു  നഗര ജില്ലയിലാണ്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top