18 July Thursday

'ബംഗാളിൽ കമ്യൂണിസ്റ്റുകൾ യാഥാർഥ്യമാക്കിയ ജാതിരഹിത മതനിരപേക്ഷ സമൂഹം തകര്‍ന്നു'; മമത ബിജെപിയ്ക്ക് വഴിയൊരുക്കുന്നുവെന്ന് മനോരമയും

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

കൊച്ചി> ഗ്രാമീണ ബംഗാളിൽ കമ്യൂണിസ്റ്റുകൾ യാഥാർഥ്യമാക്കിയ ജാതിരഹിത മതനിരപേക്ഷ സമൂഹം പെട്ടെന്ന് ഇല്ലാതായിരിക്കുന്നുവെന്ന കണ്ടെത്തലോടെ മലയാള മനോരമയില്‍ ലേഖനം. ബംഗാളില്‍ ഇടതുപക്ഷം തടഞ്ഞുനിര്‍ത്തിയ വര്‍ഗീയ രാഷ്ട്രീയത്തിന് മമതാ ബാനര്‍ജി വഴിയൊരുക്കുകയാനെന്നും മനോരമയുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ ദി വീക്കിന്റെ ലേഖകന്‍ കൂടിയായ രബി ബാനര്‍ജി ലേഖനത്തില്‍ പറയുന്നു.

ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

ബംഗാളിൽ രാഷ്ട്രീയാന്തരീക്ഷം കലങ്ങിമറിയുകയാണ്. കാലാവസ്ഥാ മാറ്റം സുവ്യക്തം. ബംഗാൾ ചരിത്രത്തിൽ ബിജെപിയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ടത്. എന്നാൽ ആ മുന്നേറ്റം മാത്രമല്ല ഇപ്പോഴത്തെ മാറ്റങ്ങൾക്കു കാരണം. അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ബംഗാളിൽ ഇനിയൊരു വിജയം സാധ്യമല്ലാത്ത നിലയിലാണു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. അതിനു കാരണം അവരുടെ തന്നെ രീതികളും നിലപാടുകളും !

ബംഗ്ലദേശിൽനിന്ന് ലക്ഷക്കണക്കിനു അഭയാർഥികൾ എത്തിക്കൊണ്ടിരുന്ന ബംഗാൾ, ബിജെപിയുടെ വളർച്ചയ്ക്കു വളക്കൂറുള്ള മണ്ണായിരുന്നു. എന്നാൽ, ബിജെപിയും മുൻ രൂപമായ ജനസംഘവും ഇവിടെ വേരൂന്നിയില്ല. നയതന്ത്രജ്ഞരായിരുന്ന ഒരു പറ്റം മുഖ്യമന്ത്രിമാരുടെ സാന്നിധ്യമായിരുന്നു അതിനു കാരണം – ഡോ. ബി.സി. റോയ്, പ്രഫുല്ല ചന്ദ്ര സെൻ, അജയ് മുഖർജി, ജ്യോതി ബസു തുടങ്ങിയവർ.

ആരോഗ്യകാരണങ്ങളാൽ സിപിഎം കേന്ദ്രകമ്മിറ്റിയിൽനിന്ന് അടുത്തിടെ രാജി വച്ച മുതിർന്ന നേതാവ് ഇങ്ങനെ പറഞ്ഞു, ‘ഹിന്ദുത്വ രാഷ്ട്രീയത്തെയും മുസ്‍ലിം ലീഗ് പോലുള്ള പാർട്ടികളെയും ബംഗാളിൽ വളരാൻ അനുവദിക്കാതിരുന്നത് ഞങ്ങളുടെ ഫലപ്രദമായ ശ്രമങ്ങൾ കൊണ്ടായിരുന്നു. അതുണ്ടായിരുന്നില്ലെങ്കിൽ ബംഗാൾ, വിഭജനത്തെ അതിജീവിക്കില്ലായിരുന്നു.’’

2011 ൽ മമത ബാനർജി അധികാരത്തിൽ വന്നതോടെ ബംഗാളിന്റെ ചിത്രംമാറി. ഇന്ന് ആർഎസ്എസിന് 1500 ശാഖകളുണ്ട് സംസ്ഥാനത്ത്. മമതയുടെ രാഷ്ട്രീയനിലപാടുകൾ ബംഗാളിൽ വലിയ വർഗീയ ധ്രുവീകരണമുണ്ടാക്കിക്കഴിഞ്ഞു. മതനിരപേക്ഷ മഹാനഗര സ്വഭാവമുള്ള കൊൽക്കത്തയ്ക്കു പുറത്ത് ഗ്രാമീണമേഖലകളിൽ ഇതു സുവ്യക്തമാണ്. മമതയുടെ പ്രീണന രാഷ്ട്രീയത്തോടു വിയോജിപ്പുള്ളവർ ബിജെപിയുടെയും ആർഎസ്എസിന്റെയും വിളിയോട് അനുകൂലമായി പ്രതികരിച്ചു കഴിഞ്ഞു.

ഗ്രാമീണ ബംഗാളിൽ കമ്യൂണിസ്റ്റുകൾ യാഥാർഥ്യമാക്കിയ ജാതിരഹിത മതനിരപേക്ഷ സമൂഹം പെട്ടെന്ന് ഇല്ലാതായിരിക്കുന്നു. ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ ബംഗാൾ വോട്ടു ചെയ്തത് ജാതി അടിസ്ഥാനത്തിലല്ല, മതാടിസ്ഥാനത്തിലായിരുന്നെങ്കിലും ജാതി ഇവിടെ തിരിച്ചെത്തിയിരിക്കുന്നു.-ലേഖനം ചൂണ്ടിക്കാട്ടുന്നു.

 


പ്രധാന വാർത്തകൾ
 Top