13 November Wednesday

ബംഗ്ലാദേശ്‌ ഭീകരർ ദക്ഷിണേന്ത്യ കേന്ദ്രീകരിക്കുന്നതായി എൻഐഎ റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019


ന്യൂഡൽഹി> ബംഗ്ലാദേശ്‌ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജമാത്തുൾ മുജാഹിദിൻ (ജെഎംബി) കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ അടിത്തറ വിപുലീകരിക്കുന്നതായി ദേശീയ അന്വേഷണ ഏജൻസി. കർണാടക–- തമിഴ്‌നാട്‌ അതിർത്തിയിലെ കൃഷ്‌ണഗിരി കുന്നുകളിൽ ജെഎംബി റോക്കറ്റ്‌ ലോഞ്ചറുകൾ പരീക്ഷിച്ചതായും ഭീകരവിരുദ്ധ സ്‌ക്വാഡുകളുടെയും പ്രത്യേകദൗത്യ സേനകളുടെയും തലവൻമാരുടെ സമ്മേളനത്തിൽ എൻഐഎ വെളിപ്പെടുത്തി. 

ഇന്ത്യയിൽ അടിത്തറ വിപുലീകരിക്കാൻ ജെഎംബി ശ്രമിച്ചുവരികയാണെന്ന്‌ എൻഐഎ ഡയറക്ടർ ജനറൽ വൈ സി മോഡി പറഞ്ഞു. അവരുടെ ഇന്ത്യൻ വിഭാഗത്തിന്‌ രൂപമായി. ഇന്ത്യൻ വിഭാഗത്തിന്റെ തലവനെയും തെരഞ്ഞെടുത്തിട്ടുണ്ട്‌. ജെഎംബി നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്ന്‌ സംശയിക്കുന്ന 125 പേരുടെ വിവരങ്ങൾ സംസ്ഥാനങ്ങൾക്ക്‌ കൈമാറി. കേരളം, കർണാടകം, ജാർഖണ്ഡ്‌, ബിഹാർ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ജെഎംബി പ്രവർത്തനം വിപുലീകരിച്ചിട്ടുണ്ട്‌. ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരെ ഉപയോഗിച്ചാണ്‌ ഇവർ ഇന്ത്യയിൽ അടിത്തറ വിപുലീകരിക്കുന്നത്‌–- വൈ സി മോഡി പറഞ്ഞു.

തെക്കേന്ത്യയിൽ അടിത്തറ വിപുലീകരിക്കാനാണ്‌ ശ്രദ്ധ ചെലുത്തുന്നതെന്ന്‌ എൻഐഎ ഐജി അലോക്‌ മിത്തൽ പറഞ്ഞു.ബംഗളൂരുവിൽ ഒളികേന്ദ്രങ്ങൾ ഇവർ സ്ഥാപിച്ചിട്ടുണ്ട്‌. കൃഷ്‌ണഗിരി കുന്നുകളിൽ റോക്കറ്റ്‌ ലോഞ്ചറുകൾ പരീക്ഷിക്കുകയും ചെയ്‌തു. ബുദ്ധവിഹാരങ്ങൾ ആക്രമിക്കാനും പദ്ധതിയിടുന്നുണ്ട്‌–- മിത്തൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top