09 December Monday
അവസാനിക്കുന്നത്‌ ഏഴുപതിറ്റാണ്ട്‌ നീണ്ട നിയമപോരാട്ടം

അയോധ്യകേസ്‌ : വിധി പ്രസ്താവം തുടങ്ങി; കേസിന്റെ ചരിത്രമോർമിപ്പിച്ച്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

ന്യൂഡൽഹി >  അയോധ്യ ഭൂമി തർക്കകേസിൽ സുപ്രീംകോടതിയുടെ പ്രസ്താവം തുടങ്ങി. കേസിന്റെ നാൾവഴികൾ ഓർമിപ്പിച്ചുകൊണ്ടാണ്‌ കോടതി വിധി പ്രഖ്യാപനം ആരംഭിച്ചത്‌.  അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ്‌  വിധി പറയുന്നത്‌.  കോടതി അവധിയായ ശനിയാഴ്‌ച പ്രത്യേക സിറ്റിങ് നടത്തിയാണ്‌  ചീഫ്‌ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ക്കുപുറമേ ജസ്‌റ്റിസുമാരായ എസ്‌ എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്‌, അശോക്‌ ഭൂഷൺ, എസ്‌ എ നസീർ എന്നിവരുൾപ്പെട്ട ബെഞ്ച്‌ വിധി പറയുന്നത്‌.

വെള്ളിയാഴ്‌ച യുപി ചീഫ്‌ സെക്രട്ടറി രാജേന്ദ്രകുമാർ തിവാരിയെയും  പൊലീസ്‌ മേധാവി ഓംപ്രകാശിനെയും ചീഫ്‌ ജസ്‌റ്റിസ്‌ വിളിച്ചുവരുത്തി സുരക്ഷാ കാര്യങ്ങൾ വിലയിരുത്തി.  ക്രമസമാധാന പാലനം മുൻനിർത്തി അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ബാബ്‌റി മസ്‌ജിദ്‌ നിലനിന്ന 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിച്ചുള്ള അലഹബാദ്‌ ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലാണ്‌ വിധി.   സുന്നി വഖഫ്‌ ബോർഡ്‌, നിർമോഹി അഖാഡ, രാമ വിഗ്രഹത്തിന്റെ പ്രതിനിധികൾ എന്നിവർക്ക്‌ 2.77 ഏക്കർ ഭൂമി തുല്യമായി വീതിച്ച്‌ 2010 സെപ്‌തംബറിലാണ്‌ അലഹബാദ്‌ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്‌. ഇതിനെതിരെ മൂന്ന്‌ കക്ഷികളും സുപ്രീംകോടതിയെ സമീപിച്ചു. തുടർച്ചയായി നാൽപ്പത്‌ ദിവസമാണ്‌ വാദംകേട്ടത്‌.  സുപ്രീംകോടതി വിധി വരുന്നതോടെ ഏഴുപതിറ്റാണ്ട്‌ നീണ്ട നിയമപോരാട്ടമാണ്‌ അവസാനിക്കുന്നത്‌.

യുപിയിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു. തീവ്രവാദവിരുദ്ധ സേന, ദേശീയ അന്വേഷണ ഏജൻസി, പ്രാദേശിക ഇന്റലിജൻസ്‌ യൂണിറ്റുകൾ എന്നിവ അയോധ്യയിലുണ്ട്‌. സാമൂഹ്യമാധ്യമങ്ങൾ സൂക്ഷ്‌മ നിരീക്ഷണത്തിലാണ്‌.

അഞ്ചംഗ ബെഞ്ചിൽ അംഗമായ ജസ്‌റ്റിസ്‌ അശോക്‌ ഭൂഷണിന്റെ യുപി അശോക്‌നഗറിലെ വീടിന്‌ സുരക്ഷ ശക്തിപ്പെടുത്തി. സംസ്ഥാനങ്ങളോട്‌ ജാഗ്രത പാലിക്കാൻ കേന്ദ്രം നിർദേശിച്ചു. കേന്ദ്രമന്ത്രിമാർ പ്രകോപനപരമായ പ്രസ്‌താവന നടത്തുന്നത്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിലക്കി.

അയോധ്യയിൽ  യാത്രക്കാരിയുടെ ബാഗ്‌ പരിശോധിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ

അയോധ്യയിൽ യാത്രക്കാരിയുടെ ബാഗ്‌ പരിശോധിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top