അയോധ്യ > അയോധ്യയില്‍ നിർമിക്കാന്‍പോകുന്ന രാമക്ഷേത്രത്തിന്റെ ഭരണച്ചുമതല വഹിക്കേണ്ട ട്രസ്റ്റിനെ ചൊല്ലി തര്‍ക്കം തുടങ്ങി. കേസിൽ കക്ഷിയായ നിർമോഹി അഖാഡയും സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള രാമജന്മഭൂമി ന്യാസും ട്രസ്റ്റില്‍ ഇടംപിടിക്കാന്‍ രംഗത്തെത്തി. നിർമോഹി അഖാഡയ്ക്ക് ട്രസ്റ്റിൽ പ്രാതിനിധ്യം വേണമെന്ന് വിധിന്യായത്തിലുണ്ട്.
രാമക്ഷേത്രത്തിനായി വർഷങ്ങളായി പ്രവർത്തിക്കുന്ന ട്രസ്റ്റാണ് ന്യാസ്.
ഇനി പുതിയ ട്രസ്റ്റ് വേണ്ടെന്നും ന്യാസ് തലവൻ മഹന്ത് നൃത്യഗോപാൽ ദാസ് പറഞ്ഞു. “നിർമോഹി അഖാഡയ്ക്കും ഞങ്ങളുടെ ട്രസ്റ്റിന്റെ ഭാഗമാകാം. ഗോരഖ്നാഥ് മഠാധിപതിയെന്ന നിലയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുതിയ ട്രസ്റ്റിന്റെ തലവനാകണം. ഗോരക്ഷാ പീഠിന് കീഴിൽവരുന്ന ഗോരഖ്നാഥ് ക്ഷേത്രം രാമക്ഷേത്ര നിർമാണപ്രസ്ഥാനത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മഹന്ത് ദിഗ്വിജയ് നാഥ്, മഹന്ത് അവൈദ്യനാഥ്, യോഗി ആദിത്യനാഥ് എന്നിവർ ക്ഷേത്രപ്രസ്ഥാനത്തിലെ അവിഭാജ്യഘടകങ്ങളായിരുന്നു. വിഎച്ച്പി ഉപാധ്യക്ഷൻ ചമ്പത്ത് റായ്, വിഎച്ച്പി ട്രഷറർ ഓംപ്രകാശ് സിംഗാൾ തുടങ്ങിയവരും ട്രസ്റ്റിലുണ്ടാകണം. നിർമോഹി അഖാഡയ്ക്കും ഇതിന്റെ ഭാഗമാകാം’–- നൃത്യഗോപാൽ ദാസ് പറഞ്ഞു.
എന്നാല്‍, ന്യാസിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിൽ ഭാഗമാകാനില്ലെന്ന് നിർമോഹി അഖാഡ തലവൻ മഹന്ത് ദിനേന്ദ്രദാസ് വ്യക്തമാക്കി. “അവരുടെ ട്രസ്റ്റിൽ വെറും അംഗങ്ങളായി തുടരാൻ താൽപ്പര്യമില്ല. അവർ ന്യാസ് പിരിച്ചുവിടട്ടെ. ഞങ്ങളുടെ ട്രസ്റ്റിന്റെ ഭാഗമാകാം’–- ദിനേന്ദ്രദാസ് പറഞ്ഞു. അയോധ്യയിലുള്ള മഹന്തുകൾ ഉൾപ്പെട്ട ട്രസ്റ്റാകും ഉചിതമെന്ന് ഹനുമാൻ ഗഡ്ഡി ക്ഷേത്രത്തിലെ മഹന്ത് ഗ്യാൻ ദാസ് പറഞ്ഞു.
“ആർഎസ്എസ്, വിഎച്ച്പി നേതാക്കളെ കുത്തിനിറച്ചുള്ള ട്രസ്റ്റാകും കേന്ദ്രം രൂപീകരിക്കാൻ ശ്രമിക്കുക. ക്ഷേത്രഭരണം ഉറപ്പിക്കാൻ ആർഎസ്എസുകാർ സാധ്യമായതെല്ലാം ചെയ്യും. അവർക്ക് ഭക്തിയിലല്ല. വർഗീയതയിലാണ് താൽപ്പര്യം’–- ഗ്യാൻദാസ് പറഞ്ഞു. പുതിയ ട്രസ്റ്റിൽ ആഭ്യന്തര മന്ത്രി അമിത്ഷാ അംഗമാകണമെന്ന് വിഎച്ച്പി നേതാവും അയോധ്യയിലെ കാര്യശാല ചുമതലക്കാരനുമായ ശരത് ശർമ്മ പറഞ്ഞു. അയോധ്യയിൽ നിർമിക്കുന്ന പുതിയ പള്ളിക്ക് ബാബറിന്റെ പേരിടരുതെന്നും ശർമ്മ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..