14 December Saturday

ശ്രീരാമന്റെ പേരിൽ പിരിച്ച കോടികളെവിടെ

എം പ്രശാന്ത്‌Updated: Tuesday Nov 12, 2019

അയോധ്യ> രാമക്ഷേത്ര നിർമാണത്തിനായി വിഎച്ച്‌പി അയോധ്യയിൽ സ്ഥാപിച്ച കാര്യശാല സുപ്രീംകോടതി വിധി വന്നതോടെ സജീവമായി. ഏതാനും ദിവസങ്ങളായി കാര്യശാലയിലേക്ക്‌ ദേശീയ,- പ്രാദേശിക മാധ്യമങ്ങളുടെ ഒഴുക്കാണ്‌. വിധി വരുന്നതിനുമുമ്പ്‌ ഇവിടം ശൂന്യമായിരുന്നു.

1993ലാണ്‌ കാര്യശാല തുടങ്ങിയത്‌. 26 വർഷത്തിനിടെ പൂര്‍ത്തിയാക്കിയത് നിര്‍മാണത്തിനാവശ്യമായ ശിലകളുടെ പകുതിമാത്രം.  കല്ലുകളാകട്ടെ വെയിലും മഴയുമേറ്റ്‌ നിറംമങ്ങി. പൂർത്തിയായ കല്ലുകൾ ഉപയോഗിച്ചാൽത്തന്നെ അമ്പലം പണി പൂർത്തീകരിക്കാൻ ചുരുങ്ങിയത്‌ അഞ്ചുവർഷമെങ്കിലും വേണ്ടിവരുമെന്ന്‌ കാര്യശാല മേൽനോട്ടക്കാരനായ വിഎച്ച്‌പി നേതാവ്‌ ശരത്‌ ശർമ പറഞ്ഞു.

അമ്പലനിർമാണത്തിനായി ലോകമെമ്പാടും നിന്നും കോടികളാണ്‌ ആർഎസ്‌എസും വിഎച്ച്‌പിയും സമാഹരിച്ചത്‌. 800 കോടി രൂപയെങ്കിലും സമാഹരിച്ചിട്ടുണ്ടെന്ന്‌ രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യപൂജാരിയായിരുന്ന ബാബാ ലാൽദാസ്‌ 1993 ൽ വെളിപ്പെടുത്തി. വൈകാതെ ലാൽദാസ്‌ ദുരൂഹമായ് വെടിയേറ്റ്‌ മരിച്ചു.
കൊത്തുപണി പൂര്‍ത്തിയായ ശിലകളുടെ മൂല്യം ചുരുക്കം കോടികൾ മാത്രമാണ്‌.

 കാര്യശാലയിൽ പിന്നെയുള്ളത്‌ രാജ്യമെമ്പാടുനിന്നും കർസേവർ എത്തിച്ച ഇഷ്ടികകളാണ്‌. ഇതിന്‌ പണം ചെലവായിട്ടില്ല. രാമക്ഷേത്രത്തിന്റെ തടിയിൽ തീർത്ത മാതൃക ചില്ലിട്ട്‌ സൂക്ഷിച്ചിട്ടുണ്ട്‌. ഷീറ്റിട്ട താൽകാലിക ഷെഡ്ഡില്‍ പ്രവര്‍ത്തിക്കുന്ന  കാര്യശാല കാണുമ്പോൾ ആര്‍ക്കും തോന്നുന്ന ആദ്യചോദ്യം സംഘപരിവാർ പിരിച്ച കോടികൾ എവിടെയെന്നാകും.

ഫണ്ട്‌ വരവ്‌ കുറഞ്ഞതുകൊണ്ടാണ്‌ കാര്യശാലയിലെ നിർമാണപ്രവർത്തനങ്ങൾ മുടങ്ങിയതെന്ന്‌ മുഖ്യശിൽപ്പിയായ ഗുജറാത്ത്‌ സ്വദേശി അനുഭായ്‌ സോംപുര പറഞ്ഞു.
ആദ്യം നൂറിലേറെ ശിൽപ്പികളുണ്ടായിരുന്നു. പിന്നീട്‌  കുറഞ്ഞ്‌ രണ്ടുപേര്‍ മാത്രമായ്. അനുഭായും മകൻ രജനീകാന്തും . ജൂലൈയിൽ രജനീകാന്ത്‌ മരിച്ചതോടെ നിർമാണം പൂർണമായും നിലച്ചു.

ക്ഷേത്രഭരണം ട്രസ്‌റ്റിനെ ഏൽപ്പിക്കാനുള്ള നിര്‍ദേശം വിഎച്ച്‌പിയെയും കാര്യശാലക്കാരെയും നിരാശയിലാക്കി.
വിഎച്ച്‌പിയെയോ രാമജന്മഭൂമി ന്യാസിനെയൊ ട്രസ്റ്റില്‍ ഉണ്ടാകില്ല. പുതിയ ട്രസ്‌റ്റ്‌  വിഎച്ച്‌പിയുടെ ക്ഷേത്ര മാതൃക സ്വീകരിച്ചില്ലെങ്കിൽ കാര്യശാലയിലെ പണിയെല്ലാം വെറുതെയാകും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top