19 November Tuesday

ബാബ്‌റി മസ്‌ജിദ്‌ തകർത്ത കേസ്‌ പാതിവഴിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

ന്യൂഡൽഹി> അയോധ്യാഭൂമി തർക്കക്കേസിൽ അന്തിമവിധി വന്നെങ്കിലും ബാബ്‌റിമസ്‌ജിദ്‌ തകർത്ത ക്രിമിനൽ ഗൂഢാലോചനക്കേസിൽ വിചാരണ പൂർത്തിയായില്ല. 1992 ഡിസംബർ ആറിന്‌ മസ്‌ജിദ്‌ തകർത്ത കേസ്‌ ല‌ഖ്‌നൗവിലെ സിബിഐ പ്രത്യേക കോടതിയുടെ പരിഗണനയിലാണ്‌.
ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി,  ഉമാഭാരതി, കല്യാൺസിങ് തുടങ്ങിയവർ പ്രതികളാണ്‌.
മതേതര ഇന്ത്യക്ക്‌ കനത്ത മുറിവേൽപ്പിച്ച സംഭവത്തിൽ ഒരാൾപോലും നീണ്ട 27 വർഷത്തിനിടെ ശിക്ഷിക്കപ്പെട്ടിട്ടില്ല. വിചാരണ ആറ്‌ മാസംകൊണ്ട്‌ പൂർത്തിയാക്കി ഒമ്പത്‌ മാസത്തിനകം വിധി പറയണമെന്ന് ജൂലൈയിൽ സുപ്രീംകോടതി ഉത്തരവിട്ടു. വിധി പറയുംവരെ ലഖ്‌നൗവിലെ പ്രത്യേക സിബിഐ ജഡ്‌ജിയുടെ സേവന കാലാവധി നീട്ടാനും സംസ്ഥാന സർക്കാരിനോട്‌ സുപ്രീംകോടതി ആവശ്യപ്പെട്ടു.

അന്വേഷണവും കോടതി നടപടികളും  അട്ടിമറി ആരോപണങ്ങൾക്കും വിവാദങ്ങൾക്കുമാണ്‌ വഴിവച്ചത്‌. അദ്വാനി, ജോഷി, ഉമ ഭാരതി, മുൻ ബിജെപി എംപി വിനയ്‌ കത്യാർ തുടങ്ങിയവർക്കെതിരായ കേസ്‌ 2001 മേയിൽ സെഷൻസ് കോടതി റദ്ദാക്കി. പിഴവ്‌ തിരുത്തി പുതിയ  വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന സിബിഐയുടെ അപേക്ഷ അന്ന്‌ മുഖ്യമന്ത്രിയായിരുന്ന രാജ്‌നാഥ്‌ സിങ്‌ അംഗീകരിച്ചില്ല. അദ്വാനി അടക്കമുള്ളവർക്കെതിരെ ഗൂഢാലോചനക്കുറ്റം 2017 ഏപ്രിൽ 19നാണ്‌ സുപ്രീംകോടതി പുനഃസ്ഥാപിച്ചത്‌. 

എല്ലാ കുറ്റവാളികളെയും ഒരുമിച്ചു വിചാരണ ചെയ്യാൻ സിബിഐ നടപടിയെടുക്കാത്തതും എളുപ്പത്തിൽ തിരുത്താവുന്ന സാങ്കേതിക പിഴവുകൾ തിരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതും പ്രതികൾ ശിക്ഷിക്കപ്പെടാതിരിക്കാൻ കാരണമായെന്ന്‌ കോടതി  ചൂണ്ടിക്കാട്ടി. രണ്ട്‌ വർഷത്തിനുള്ളിൽ വിചാരണ പൂർത്തയാക്കാനും  കോടതി ഉത്തരവിട്ടു. 

ബാബ്‌റി മസ്‌ജിദ്‌ തകർത്തപ്പോൾ യുപി മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിങ്ങിന്‌ രാജസ്ഥാൻ ഗവർണർ എന്ന നിലയിലുള്ള പരിരക്ഷ അവസാനിച്ചതോടെയാണ്‌ വിചാരണ തുടങ്ങിയത്‌.1993ൽ കല്യാൺ സിങ്ങിനെതിരെയും കുറ്റം ചുമത്തിയിരുന്നു.  വിദ്വേഷ പ്രസംഗം, ഗൂഢാലോചന എന്നിവയിൽ അദ്വാനിയടക്കമുള്ളവർക്കെതിരെയും കേസെടുത്തു.  ബാൽ താക്കറെ, അശോക്‌ സിംഗാൽ, ഗിരിരാജ്‌ കിഷോർ തുടങ്ങി നിരവധി ആരോപണ വിധേയർ ഇതിനകം മരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top