19 November Tuesday

ആർക്കും ഉടമസ്ഥാവകാശം നൽകാത്ത വിധി; നിർമാണം നടത്താൻ അവകാശം സർക്കാർ ട്രസ്‌റ്റിന്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

ന്യൂഡൽഹി > അയോധ്യയിലെ തർക്കഭൂമിയിൽ നിർമാണം നടത്താനുള്ള അവകാശം സർക്കാർ ട്രസ്‌റ്റിന്‌. തര്‍ക്കഭൂമിയില്‍ അവകാശം ഉന്നയിച്ച മൂന്ന് കക്ഷിക്കള്‍ക്കും ഉടമസ്ഥാവകാശം നല്‍കാതെയാണ്‌ സുപ്രീം കോടതി വിധി പ്രസ്‌താവിച്ചത്‌. പകരം കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച് രാമക്ഷേത്രം നിര്‍മിക്കണം. സുന്നി വഖഫ്‌ ബോർഡിന്‌ അയോധ്യയിൽ പ്രധാനപ്പെട്ട സ്ഥലത്ത്‌ അഞ്ചേക്കർ നൽകേണ്ട ചുമതലയും കേന്ദ്രസർക്കാരിനാണ്‌.

എല്ലാവരുടേയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്നും കോടതിക്ക് തുല്യത കാണിക്കേണ്ടതുണ്ടെന്നും വിധിന്യായത്തിനിടെ ബെഞ്ച് വ്യക്തമാക്കി. അയോധ്യയില്‍ രാമന്‍ ജനിച്ചു എന്ന ഹിന്ദുക്കളുടെ വിശ്വാസത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും തര്‍ക്കഭൂമി ആരുടേതെന്ന് തീരുമാനിക്കുന്നത് നിയമപരമായ വശങ്ങള്‍ കണക്കിലെടുത്തായിരിക്കുമെന്നും ദൈവശാസ്ത്രമല്ല ചരിത്ര വസ്തുതകളാണ് അടിസ്ഥാനമെന്നും കോടതി പറഞ്ഞു.

തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പിന്റെ രേഖകള്‍ തള്ളിക്കളയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുറസ്സായ സ്ഥലത്തല്ല ബാബറി മസ്ജിദ് നിര്‍മ്മിച്ചത്. ബാബ്‌റി മസ്ജിദ് നിര്‍മിച്ചത് മറ്റൊരു നിര്‍മിതിക്ക് മുകളിലാണെന്നും എന്നാല്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് കണ്ടെത്താനായിട്ടില്ലെന്നും കോടതി പറഞ്ഞു. അയോധ്യയിലാണ് രാമന്‍ ജനിച്ചതെന്ന ഹിന്ദു വിശ്വാസം തള്ളിക്കളയാനാവില്ല. എന്നാല്‍ രാമജന്മഭൂമിക്ക് നിയമപരമായ അസ്തിത്വമില്ലെന്നും അതേസമയം ദൈവ സങ്കല്‍പ്പത്തിന് നിയമപരമായ അസ്തിത്വമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതിക്ക് സന്തുലിതാവസ്ഥ കാണിക്കേണ്ടതുണ്ടെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം തീരുമാനിക്കുക നിയമവഴിയിലൂടെയായിരിക്കുമെന്നും കോടതി വിധിന്യായത്തിനിടെ പറഞ്ഞു. വിശ്വാസവും ആചാരവും നോക്കി അവകാശം തീരുമാനിക്കാന്‍ ആവില്ല. വിശ്വാസയ്ക്കും രാഷ്ട്രീയത്തിനും മുകളിലാണ് നിയമവ്യവസ്ഥ. മതേതരത്വമാണ് ഭരണഘടനയുടെ ആണിക്കല്ല്. എല്ലാ വിശ്വാസങ്ങളും തുല്മയാണ്.

മുസ്‌ലീം വിശ്വാസികള്‍ എക്കാലത്തും ആരാധന നടത്തിയിരുന്നു. മുസ്‌ലീം വിശ്വാസികള്‍ ഒരു കാലത്തും പള്ളി ഉപേക്ഷിച്ച് പോയിട്ടില്ല. വിശ്വാസം നേര്‍വഴിക്കുള്ളതാണെങ്കില്‍ കോടതിക്ക് ഇടപെടാന്‍ ആവില്ല. തര്‍ക്കമന്ദിരത്തിന്റെ ഉള്‍ഭാഗത്ത് മുസ്‌ലീങ്ങള്‍ ആരാധന നടത്തിയതിന് തെളിവുണ്ട്. അതേസമയം പുറത്ത് ഹിന്ദുക്കള്‍ ആരാധന നടത്തിയതിനും തെളിവുണ്ടെന്നും രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

അതിനിടെ ഉടമസ്ഥാവകാശം സംബന്ധിച്ച ഷിയാ വഖഫ് ബോര്‍ഡിന്റെ ഹരജി തള്ളി. സുന്നികള്‍ക്കല്ല ഷിയാക്കള്‍ക്കായിരുന്നു അവകാശമെന്നായിരുന്നു ഹരജി. 40 ദിവസം നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് അയോധ്യാക്കേസില്‍ ഇന്ന് വിധിപ്രഖ്യാപനം വന്നത്.

സമാധാനം നിലനിർത്തിയാൽ മാത്രമേ തർക്കഭൂമിയിൽ രാംലല്ലയുടെ അവകാശം ഉണ്ടാകൂയെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മൂന്ന് മുതല്‍ നാല് മാസത്തിനകം കര്‍മപദ്ധതി തയ്യാറാക്കണം. പ്രശ്നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടത്തിയ മധ്യസ്ഥ സമിതിക്ക് ചീഫ് ജസ്റ്റിസ് നന്ദി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top