26 March Tuesday

അയോധ്യക്കേസ‌് ഫെബ്രുവരി 26ന‌് പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019

ന്യൂഡൽഹി > അയോധ്യ ഭൂമിത്തർക്കവുമായി ബന്ധപ്പെട്ട കേസ‌് സുപ്രീംകോടതി ചീഫ‌്ജസ്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച‌് ഫെബ്രുവരി 26ന‌് പരിഗണിക്കും. ചീഫ‌്ജസ‌്റ്റിസ‌ിന‌് പുറമേ ജസ‌്റ്റിസുമാരായ എസ‌് എ ബോബ‌്ഡെ, ഡി വൈ ചന്ദ്രചൂഡ‌്, അശോക‌്ഭൂഷൺ, അബ്‌ദുൾനസീർ എന്നിവരാണ‌് ബെഞ്ചിലെ അംഗങ്ങൾ. കേസിൽ എന്നുമുതൽ വാദം കേൾക്കണമെന്നും ദൈനംദിനാടിസ്ഥാനത്തിൽ വാദംകേൾക്കണോ എന്നതടക്കമുള്ള വിഷയങ്ങളിലാകും 26ന‌് തീരുമാനമെടുക്കുക.

ജനുവരി 10ന‌് കേസ‌് പരിഗണിച്ച അവസരത്തിൽ ജസ‌്റ്റിസ‌് യു യു ലളിത‌് ബെഞ്ചിൽനിന്ന‌് പിൻവാങ്ങിയിരുന്നു. കേസിലെ കക്ഷിയായ സുന്നി വഖഫ‌് ബോർഡിന‌ുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ‌്ധവാൻ, ജസ്റ്റിസ‌് ലളിത‌് ബെഞ്ചിൽ അംഗമാകുന്നതിന്റെ ഔചിത്യം ചോദ്യംചെയ‌്തതിനെ തുടർന്നായിരുന്നു പിൻമാറ്റം. ബുധനാഴ്‌ച പുറത്തിറക്കിയ ഉത്തരവ‌ുപ്രകാരം നേരത്തെ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ‌് എൻ വി രമണയെയും ഒഴിവാക്കിയിട്ടുണ്ട‌്. ജസ‌്റ്റിസുമാരായ അശോക‌്ഭൂഷണും അബ്‌ദുൾനസീറുമാണ‌് ബെഞ്ചിലെ പുതിയ അംഗങ്ങൾ.

ഭരണഘടനാബെഞ്ച‌് പുനഃപരിശോധിക്കണമെന്ന ആവശ്യം 2018 സെപ‌്തംബറിൽ ചീഫ‌്ജസ‌്റ്റിസായിരുന്ന ദീപക‌്മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച‌് തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ അയോധ്യക്കേസ‌് അഞ്ചംഗഭരണഘടനാബെഞ്ച‌് പരിഗണിക്കുമെന്ന ജുഡീഷ്യൽ ഉത്തരവിൽ പിഴവുണ്ടോയെന്ന വസ‌്തുതകൂടി പരിശോധിക്കണമെന്ന‌് മുതിർന്ന അഭിഭാഷകൻ രാജീവ‌്ധവാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേസുകളുടെ പ്രാധാന്യവും പരിശോധിക്കേണ്ട രേഖകളുടെ ബാഹുല്യവും കണക്കിലെടുത്ത‌് ഈ വിഷയത്തിൽ തീരുമാനം എടുക്കാനുള്ള അധികാരം തനിക്കുണ്ടെന്നായിരുന്നു ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയുടെ പ്രതികരണം. അയോധ്യക്കേസ‌ിൽ എത്രയുംവേഗം വിചാരണപൂർത്തിയാക്കി വിധി പുറപ്പെടുവിക്കണമെന്ന‌് കേന്ദ്രസർക്കാരും സംഘപരിവാർ സംഘടനകളും തുടർച്ചയായി ആവശ്യമുന്നയിച്ചിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top