27 May Wednesday

അയോധ്യ: 70 വര്‍ഷം പിന്നിട്ട ഉടമസ്ഥ തര്‍ക്കം: ആദ്യ പരാതി 1950 ല്‍

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

ന്യൂഡൽഹി> സരയൂ നദിക്ക് വടക്ക് പുരാതന നഗരമായ അയോധ്യയില്‍ 1528 ല്‍ മുഗള്‍ രാജാവായ ബാബറുടെ ഗവര്‍ണര്‍ മിര്‍ ബാക്വി നിര്‍മിച്ചതാണ് ബാബറി മസ്ജിദ്. രാമക്ഷേത്രം തകര്‍ത്താണ് മസ്ജിദ് പണിതതെന്ന ആരോപണവുമായി ആദ്യം രംഗത്തുവരുന്നത് സന്യാസിസംഘമായ നിര്‍മോഹി അക്കാഡയാണ്. 1883ല്‍ ക്ഷേത്രം പണിയാനുള്ള ഹിന്ദുക്കളുടെ ശ്രമത്തിന് ഫൈസാബാദ് ഡെപ്യൂട്ടി കമീഷണര്‍ അനുവാദം നല്‍കിയില്ല. 1885 ഡിസംബര്‍ 24ന് രാമജന്മസ്ഥാനിലെ മഹന്ത് രഘുബര്‍ദാസ് ഫൈസാബാദ് സബ് ജഡ്ജിക്കു മുമ്പില്‍, രാമജന്മസ്ഥാനത്ത് ആരാധനയ്ക്ക് സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപ്പെട്ട് ആദ്യത്തെ പരാതി നല്‍കി. വാദം ശരിയാണെന്ന് സമ്മതിച്ചെങ്കിലും ആരാധനയ്ക്ക് അനുവാദം നല്‍കാന്‍ ജഡ്ജി വിസമ്മതിച്ചു. രഘുബര്‍ദാസ് ഫൈസാബാദ് ജില്ലാകോടതിയെ സമീപിച്ചു. 1886ല്‍ അപ്പീല്‍ കേട്ട ജില്ലാജഡ്ജി എഫ്ഇഎ ചാമിയാര്‍, ബാബറി മസ്ജിദ് 356 വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിക്കപ്പെട്ടതിനാല്‍ ഇപ്പോള്‍ പരാതിക്കാരന് ആശ്വാസം നല്‍കാനാകില്ലെന്ന് വിധിച്ചു. തല്‍സ്ഥിതി നിലനിര്‍ത്താനും ആവശ്യപ്പെട്ടു.

1940ല്‍ ബാബറിമസ്ജിദിനെച്ചൊല്ലി സുന്നി-ഷിയ തര്‍ക്കമുണ്ടായി. മസ്ജിദും അതിനടുത്ത സ്ഥലങ്ങളും കബര്‍സ്ഥാനും യുപി സുന്നി വഖഫ് ബോര്‍ഡിന്റേതാണെന്നായിരുന്നു കോടതി വിധി. 1949 ഡിസംബര്‍ 22ന് രാത്രി അമ്പതോളം വരുന്ന സംഘം ബാബറിമസ്ജിദ് നിലനിന്ന കോമ്പൌണ്ടില്‍ ശ്രീരാമവിഗ്രഹങ്ങള്‍(രാംലല്ല) സ്ഥാപിച്ചു. തുടര്‍ന്ന്, തര്‍ക്കസ്ഥലത്തിന്റെ ഭരണം റിസീവറെ ഏല്‍പിച്ചു. വിഗ്രഹങ്ങള്‍ എടുത്തുമാറ്റാന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു മുഖ്യമന്ത്രി ജി ബി പന്തിനോട് ആവശ്യപ്പെട്ടെങ്കിലും അന്നത്തെ ജില്ലാ മജിസ്ട്രേട്ടായിരുന്ന കെ കെ നായര്‍ തയ്യാറായില്ല. അത് ഹിന്ദുക്കളെ കലാപസജ്ജരാക്കുമെന്നായിരുന്നു സംഘപരിവാറിനോട് അനുഭാവമുണ്ടായിരുന്ന നായര്‍ കാരണമായി പറഞ്ഞത്. 'തര്‍ക്കസ്ഥല'മായി പ്രഖ്യാപിച്ച് ജില്ലാഭരണകൂടം പ്രദേശം പൂട്ടി സീല്‍ വച്ചു.

ഉടമസ്ഥാവകാശം സംബന്ധിച്ച് ആദ്യ പരാതി നല്‍കുന്നത് 1950 ജനുവരി പതിനാറിനാണ്. ഝാന്‍സിയില്‍നിന്ന് അയോധ്യയിലെത്തിയ ഗോപാല്‍സിങ് വിശാരദ്, ബാബറി മസ്ജിദ് കോംപ്ളക്സില്‍ ആരാധനയ്ക്ക് സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ടാണ് ഫൈസാബാദ് സിവില്‍കോടതിയെ സമീപിച്ചത്. രാമവിഗ്രഹം മാറ്റാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. ഫൈസാബാദ് സിവില്‍ കോടതി ഈ ആവശ്യങ്ങള്‍ അംഗീകരിച്ചെങ്കിലും ഇതിനെതിരെ യുപി സര്‍ക്കാര്‍ ഹരജി നല്‍കി. രാമവിഗ്രഹങ്ങള്‍ ബലപ്രയോഗത്തിലൂടെ സ്ഥാപിച്ചതാണെന്ന് സര്‍ക്കാര്‍ വാദിച്ചു. രമചന്ദ്ര പരമഹംസും വിശാരദിന്റെ ആവശ്യം ഉന്നയിച്ച് കോടതിയിലെത്തിയെങ്കിലും പിന്നീട് പിന്‍വലിച്ചു. റിസീവര്‍ ഭരണം അവസാനിപ്പിക്കണമെന്നും നടത്തിപ്പ് തങ്ങള്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ട് 1959 ല്‍ നിര്‍മോഹി അക്കാഡ കോടതിയിലെത്തി. ഈ ഘട്ടത്തിലാണ് യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് വിശാരദിന്റെയും അക്കാഡയുടെയും കേസിനെതിരെ ഫൈസാബാദ് സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. രാമവിഗ്രഹങ്ങള്‍ മാറ്റണമെന്നും മസ്ജിദും അതിനടുത്ത കബറിടവും സുന്നി സ്വത്തായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹഷീം അന്‍സാരി നല്‍കിയ നാലാമത്തെ ഉടമസ്ഥാവകാശ കേസിലെ ആവശ്യം.1989 ലാണ് അഞ്ചാമത്തെ കേസ് ഫയല്‍ ചെയ്യുന്നത്. രംലല്ല നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലെ റിട്ട. ജഡ്ജി ദേവകി നന്ദന്‍ അഗര്‍വാളാണ് കേസ് ഫയല്‍ ചെയ്തത്. നിലവില്‍ അലഹബാദ് ഹൈക്കോടതിയുടെ മുന്നിലുള്ളത് നാല് കേസാണ്. ഈ വിഷയത്തില്‍ കലാപം നടത്തിയ വിഎച്ച്പി കേസ് നല്‍കിയില്ലെന്നത് ശ്രദ്ധേയമാണ്. ഫൈസാബാദ് കോടതിയിലായിരുന്ന നാലുകേസ് 1989ല്‍ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി. ഹൈക്കോടതി ഈ കേസ് പരിഗണിക്കാന്‍ ലഖ്നൌ ബെഞ്ചിലേക്ക് മാറ്റി. രാമക്ഷേത്രം തകര്‍ത്താണ് മസ്ജിദ് പണിതതെന്നാണ് ഹിന്ദു രാഷ്ട്രവാദികളുടെ അവകാശവാദം. ഹൈക്കോടതി ലഖ്നൌ ബെഞ്ചിന്റെ നിര്‍ദേശപ്രകാരം 2003ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉത്ഖനനം നടത്തിയെങ്കിലും ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന വാദത്തിനു തെളിവ് കണ്ടെത്താനായില്ല. മാത്രമല്ല, 17-ാം നൂറ്റാണ്ടിനുമുമ്പ് ഉത്തരേന്ത്യയില്‍ ഒരിടത്തും രാമക്ഷേത്രം ഉണ്ടായിരുന്നില്ലെന്നതും ക്ഷേത്രം തകര്‍ത്തെന്ന വാദത്തിന്റെ മുനയൊടിക്കുന്നു. ഇത്തരം വാദഗതികളില്‍നിന്നാണ് ബാബറി പള്ളി നിലനിന്ന 2.77 ഏക്കര്‍ സ്ഥലത്തെക്കുറിച്ച് തര്‍ക്കം ആരംഭിക്കുന്നത്.

രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് രാംലല്ല ആരാധനയ്ക്കായി തുറന്നുകൊടുത്തത്. ഉമേഷ് ചന്ദ്ര പാണ്ഡെയെന്ന അഭിഭാഷകന്റെ പരാതിയില്‍ 1986 ഫെബ്രുവരി ഒന്നിന് ജില്ലാ ജഡ്ജി കെ എം പാണ്ഡെയാണ്ഈ നടപടി സ്വീകരിച്ചത്. തൊട്ടുമുമ്പ്, 1984ല്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ധര്‍മസംസദ് ബാബറി മസ്ജിദ് നിലനിന്നിടത്ത് തന്നെ രാമക്ഷേത്രം പണിയണമെന്ന ആവശ്യം മുന്നോട്ടുവച്ച് പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കി. രാജീവ്ഗാന്ധിയുടെ തീരുമാനം ഈ ശക്തികള്‍ക്ക് കരുത്തുപകര്‍ന്നു. 1989 നവംബര്‍ ഒമ്പതിന് ശിലാന്യാസം നടത്താനും രാജീവ്ഗാന്ധി അനുവാദം നല്‍കി. ഷാബാനു ബീഗം കേസില്‍ മുസ്ളിം മതമൌലികവാദികള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ച രാജീവ്ഗാന്ധി ശിലാന്യാസത്തിന് അനുവദിച്ചതിലൂടെ മുസ്ളിം-ഹിന്ദു വോട്ടുകള്‍ ഉറപ്പിക്കുകയായിരുന്നു. എന്നാല്‍, ബൊഫോഴ്സ് വിവാദത്തില്‍ രാജീവ്ഗാന്ധിക്ക് അധികാരം നഷ്ടപ്പെടുകയും വി പി സിങ് അധികാരത്തില്‍ വരികയും ചെയ്തു. ഈ സര്‍ക്കാരിനെ പിന്തുണച്ച് അണിയറയില്‍ വര്‍ഗീയ അജന്‍ഡക്ക് മൂര്‍ച്ച കൂട്ടുകയായിരുന്നു സംഘപരിവാര്‍. ഇതു തടയാനെന്നോണമാണ് മണ്ഡല്‍കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വിപി സിങ് സര്‍ക്കാര്‍ തീരുമാനിച്ചത്. അതിനെതിരെ ഏകാത്മകതായജ്ഞവുമായി വിഎച്ച്പിയും രംഗത്തുവന്നു. ഒപ്പം, 1989 സെപ്തംബര്‍ 25ന് അദ്വാനി ഗുജറാത്തിലെ സോമനാഥക്ഷേത്രത്തില്‍നിന്ന് അയോധ്യയിലേക്ക് രഥയാത്ര നടത്തി. ഈ യാത്രക്ക് ബിഹാറിലെ സമസ്തിപുരില്‍ ലാലുപ്രസാദ് യാദവ് തടയിട്ടതോടെ വി പി സിങ് സര്‍ക്കാര്‍ നിലംപൊത്തി.

പിന്നീട് രാജീവ് ഗാന്ധി വധിക്കപ്പെടുകയും നരസിംഹറാവു അധികാരത്തില്‍ വരികയും ചെയ്തു. ഈ ഘട്ടത്തിലാണ് 1992 ഡിസംബര്‍ ആറിന് കര്‍സേവ നടത്താന്‍ സംഘപരിവാര്‍ ആഹ്വാനം. 400 വര്‍ഷം പഴക്കമുള്ള പള്ളി തകര്‍ക്കപ്പെട്ടു. ഉത്തര്‍പ്രദേശിലെ കല്യാസിങ് സര്‍ക്കാരിന്റെ പൂര്‍ണ സഹായത്തോടെയാണ് പരിശീലനം ലഭിച്ച 450 വളന്റിയര്‍മാര്‍ മണിക്കൂറുകള്‍ക്കകം പള്ളി നിലംപരിശാക്കിയത്. പള്ളി തകര്‍ന്നത് ദൈവനിശ്ചയമാണെന്നും ഭൂരിപക്ഷ സമുദായത്തിന്റെ വികാരം മാനിച്ചില്ലെങ്കില്‍ ഇതൊക്കെ സംഭവിക്കുമെന്നും മറ്റും പറഞ്ഞ് ഈ ഭീകരതയെ വാജ്പേയി അടക്കമുള്ളവര്‍ ന്യായീകരിച്ചു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിലൂടെ മസ്ജിദിന് ചുറ്റുമുള്ള 67 ഏക്കര്‍ കൂടി കേന്ദ്രം ഏറ്റെടുത്തു. 1994 ല്‍ സുപ്രീം കോടതി നിലവിലുള്ള പദവി നിലനിര്‍ത്താന്‍ ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top