തിരുനെൽവേലി > ജാതിഭ്രാന്തന്മാർ വെട്ടിക്കൊന്ന ഡിവൈഎഫ്ഐ തിരുനെൽവേലി ജില്ലാ ട്രഷറർ എം അശോകിന്റെ ഓർമയിൽ ആയിരങ്ങൾ ഒത്തുകൂടി. രക്തസാക്ഷിത്വത്തിന് ഒരുമാസം തികഞ്ഞ വെള്ളിയാഴ്ച തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒത്തുചേർന്ന സുഹൃത്തുക്കളും സഹപ്രവർത്തകരും ധീരപോരാളിയെ അനുസ്മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് പാളയംകോട്ടയിൽനടന്ന അനുസ്മരണം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്തു. പാർടി സമാഹരിച്ച അഞ്ചുലക്ഷം രൂപ ധനസഹായവും കുടുംബത്തിന് കൈമാറി.
രാജ്യത്തിന്റെ നാനാത്വം ഇല്ലാതാക്കി ഒരു രാജ്യം, ഒരു മതം എന്ന ലക്ഷ്യത്തിലേക്കാണ് എൻഡിഎ സർക്കാർ നീങ്ങുന്നതെന്ന് യെച്ചൂരി പറഞ്ഞു. പ്രതിപക്ഷംപോലും ഉണ്ടാകരുതെന്ന ബിജെപി നിലപാടാണ് കർണാടകത്തിലും ഗോവയിലും ദൃശ്യമാകുന്നത്. മതമൗലികവാദം ഇന്ത്യയെ അപകടകത്തിൽ എത്തിച്ചു. മതേതരവാദികൾ ഒറ്റക്കെട്ടായി വർധിത വീര്യത്തോടെ ഇതിനെതിരെ പോരാടണമെന്നും യെച്ചൂരി പറഞ്ഞു.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി ഉച്ചിമാകാളി അധ്യക്ഷനായി. സിപിഐ എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി ആർ മുത്തരസൻ, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, സംസ്ഥാന പ്രസിഡന്റ് എൻ രജീഷ്കുമാർ, സെക്രട്ടറി എസ് ബാല, സിപിഐ എം ജില്ലാ സെക്രട്ടറി കെ ജി ഭാസ്കരൻ എന്നിവർ സംസാരിച്ചു.
അശോകിന്റെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സാന്നിധ്യം അനുസ്മരണച്ചടങ്ങിനെ വികാരനിർഭരമാക്കി. അശോകിനെക്കുറിച്ച് ഡിവൈഎഫ്ഐ തയ്യാറാക്കിയ പുസ്തകവും ഗാനവും ചടങ്ങിൽ പ്രകാശിപ്പിച്ചു. ജൂൺ 12ന് രാത്രി തിരുനെൽവേലി തച്ചനല്ലൂർ കരയിരുപ്പിലാണ് പ്രദേശവാസികളായ മേൽജാതിക്കാർ അശോകിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..