10 August Monday

വീഴ്‌ചകളെ ന്യായീകരിക്കാന്‍ ഇനി ജെയ്‌റ്റ്‌‌ലി ഇല്ല

സ്വന്തം ലേഖകന്‍Updated: Saturday Aug 24, 2019

ന്യൂഡല്‍ഹി > രാജ്യം കടുത്ത സാമ്പത്തികാരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് ഒന്നാംമോഡി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച അരുണ്‍ജയ്റ്റ്ലിയുടെ വിയോഗം. പരിമിതികള്‍ക്കുള്ളില്‍നിന്ന് സ്വന്തം കടമ നിറവേറ്റാനും മോഡി സര്‍ക്കാരിന്റെ വന്‍വീഴ്ചകളെ ന്യായീകരിക്കാനുമാണ് ജയ്റ്റ്ലി തന്റെ ഔദ്യോഗിക ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിച്ചത്.

ഒന്നാംമോഡി സര്‍ക്കാരില്‍ ധനവകുപ്പ് കൈകാര്യം ചെയ്ത ജയ്റ്റ്ലിക്ക് നോട്ട് അസാധുവാക്കല്‍ ഉള്‍പ്പടെയുള്ള ഹിമാലയന്‍ അബദ്ധങ്ങളില്‍ പങ്കുണ്ടായിരുന്നോ എന്ന വസ്തുത ഇപ്പോഴും തര്‍ക്കവിഷയമാണ്. നോട്ട് അസാധുവാക്കല്‍ നടപടിയെക്കുറിച്ച് തുടക്കത്തില്‍ മൗനം പാലിച്ചെങ്കിലും ധനമന്ത്രിയായിരുന്നതിനാല്‍ അതിനെ ദുര്‍ബലമായി പ്രതിരോധിക്കാന്‍ അദ്ദേഹം മടികാണിച്ചില്ല.

ബാലാരിഷ്ടതകള്‍ ഇനിയും മറികടന്നില്ലെങ്കിലും രാജ്യത്തെ പരോക്ഷ നികുതി സമാഹരണ സംവിധാനത്തെ ഒറ്റക്കുടക്കീഴിലാക്കാനുള്ള ജിഎസ്ടി നടപ്പാക്കാന്‍ കഴിഞ്ഞുവെന്നത് വലിയ നേട്ടമായി അദ്ദേഹം എപ്പോഴും അവകാശപ്പെടാറുണ്ട്. ധനമന്ത്രിയെന്ന നിലയില്‍ പൊതുമേഖലയുടെ ഓഹരി വില്‍പ്പന തീവ്രമാക്കിയ ജയ്റ്റ്ലി ആദായനികുതി ഇളവുകളിലൂടെ സാധാരണക്കാരെ കയ്യിലെടുക്കാനും ശ്രമിച്ചു. ആഗോളതലത്തില്‍ ഇന്ധനവില ഏറ്റവും കുറഞ്ഞ അവസ്ഥയില്‍ ധനമന്ത്രിയായ ജയ്റ്റ്ലിക്ക് നോട്ട്നിരോധനം പോലുള്ള ചരിത്രവിഡ്ഢിത്തം കാരണം അതിന്റെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല. റെയില്‍ബജറ്റിനെ പൊതുബജറ്റുമായി ലയിപ്പിച്ചതും പൊതുബജറ്റിന്റെ തിയതി മുന്നോക്കം (ഫെബ്രുവരി ഒന്നിലേക്ക് ) ആക്കിയതും പാപ്പര്‍ച്ചട്ടം കൊണ്ടുവന്നതും ജെയ്റ്റ്ലി ധനമന്ത്രിയായിരുന്ന കാലയളവിലാണെന്നതും സ്മരണീയം.

സുഷമാസ്വരാജിന് പിന്നാലെ അരുണ്‍ജയ്റ്റ്ലി കൂടി പിന്‍വാങ്ങിയതോടെ സംഘപരിവാറിനുള്ളിലെ ജനാധിപത്യഇടം കൂടുതല്‍ ശുഷ്‌കമാകുകയാണ്. ഭരണഘടനയെയും പാര്‍ലമെന്റിനെയും പ്രതിപക്ഷത്തെയും പരിമിതികള്‍ക്കുള്ളില്‍നിന്ന് അംഗീകരിച്ചിരുന്ന നേതാവായിരുന്നു ജയ്റ്റ്ലി. വാചാലതയാണ് ഇരുവരുടെയും പ്രധാനസ്വാഭാവസവിശേഷതയെന്നത് ശ്രദ്ധേയമാണ്. ലോക്സഭയില്‍ ഹിന്ദിയില്‍ സുഷമ കത്തിക്കയറിയപ്പോള്‍, രാജ്യസഭയില്‍ ഹിന്ദിയും ഇംഗ്ലീഷും ഇടകലര്‍ത്തി ജയ്റ്റ്ലി യുപിഎ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. ജനപ്രിയ ഘടകങ്ങള്‍ ഉള്‍കൊള്ളിച്ചായിരുന്നു സുഷമയുടെ പ്രസംഗമെങ്കില്‍ നിയമവശങ്ങള്‍ കൂടി ഇഴകീറി അവതരിപ്പിച്ച് രാജ്യസഭയില്‍ ജയ്റ്റ്ലി യുപിഎ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ കയറ്റി.

2009--2014ല്‍ രാജ്യസഭയില്‍ പ്രതിപക്ഷത്തിന് ഭൂരിപക്ഷമില്ലാത്ത അവസ്ഥയിലായിരുന്നെങ്കില്‍ പോലും പ്രതിപക്ഷകക്ഷികളുടെ ഫലപ്രദമയാ ഏകോപനത്തിലൂടെ യുപിഎ സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ തുറന്നുകാട്ടാന്‍ ജയ്റ്റ്ലിക്കായി. ജെഡിയുവിലെ ശരദ്യാദവിന്റെയും സിപിഐ എമ്മിലെ സീതാറാം യെച്ചൂരിയൂടെയും സമാജ്വാദിപാര്‍ടിയിലെ രാംഗോപാല്‍യാദവിന്റെയും ബിഎസ്പിയുടെ മായാവതി തുടങ്ങി പ്രതിപക്ഷനിരയിലെ കരുത്തരുടെ സഹകരണത്തോടെ രണ്ടാം യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നീക്കങ്ങള്‍ തുറന്നുകാണിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

സുഷമാസ്വരാജിനെപോലെ തികഞ്ഞ ആര്‍എസ്എസ് പശ്ചാത്തലം ജയ്റ്റ്ലിക്കുമില്ല. സോഷ്യലിസ്റ്റ് നേതാവായ ജയപ്രകാശ് നാരായണിന്റെ അടുത്ത ശിഷ്യനായി അറിയപ്പെട്ടിരുന്ന ജെയ്റ്റ്ലി പിന്നീട് എബിവിപിയിലൂടെ ജനസംഘത്തിലും ബിജെപിയിലും എത്തി. 1974ല്‍ ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും മുഖ്യധാരാരാഷ്ട്രീയത്തില്‍ തെരഞ്ഞെടുപ്പ് രംഗത്ത് ശോഭിക്കാന്‍ ജയ്റ്റ്ലിക്കായില്ല. 1990കളുടെ അവസാനം മുതല്‍ രാജ്യസഭയിലൂടെ പലവട്ടം പാര്‍ലമെന്റില്‍ എത്തിയ ജയ്റ്റ്ലി 2014ലാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആദ്യഅങ്കം കുറിക്കുന്നത്.

അമൃത്സറില്‍ കോണ്‍ഗ്രസിന്റെ അമരീന്ദര്‍സിങ്ങിനോട് പരാജയപ്പെട്ടെങ്കിലും ജയ്റ്റ്ലിയെ ഒഴിവാക്കാന്‍ നരേന്ദ്രമോഡിക്ക് കഴിഞ്ഞില്ല. മികച്ച അഭിഭാഷകനും വാഗ്മിയുമായ ജയ്റ്റ്ലിയെ ധനവകുപ്പിന്റെ സുപ്രധാന ചുമതല ഏല്‍പ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. രണ്ടാം മോഡിസര്‍ക്കാര്‍ 2019ല്‍ ചുമതലയേറ്റപ്പോള്‍ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് അദ്ദേഹം സ്വയം പിന്‍വാങ്ങി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top