18 February Monday

ഹരിയാന കൂട്ടബലാത്സംഗം: ഒന്നാംപ്രതി സൈനികൻ; ക്രൂരത സ്വന്തം കോച്ചിന്റെ മകളോട‌്

എം പ്രശാന്ത്Updated: Sunday Sep 16, 2018

റിവാഡി (ഹരിയാന) > ‘ഞാനാണ‌് അയാളെ കബഡി കളിക്കാൻ പഠിപ്പിച്ചത‌്. അതിന്റെ മികവിലാണ‌് സ‌്പോർട‌്‌‌സ‌് ക്വാട്ടയിൽ സൈന്യത്തിൽ ജോലിനേടിയത‌്. എന്റെ മകളോട‌് അയാളിതു ചെയ‌്തുവെന്ന‌് വിശ്വസിക്കാനാവുന്നില്ല’‐ ഹരിയാനയിൽ കൂട്ടബലാത്സംഗത്തിനിരയായ പത്തൊമ്പതുകാരിയുടെ അച്ഛൻ വിതുമ്പലടക്കി പറഞ്ഞു. സംഭവം നടന്നശേഷം പരാതിയുമായി ചെന്നപ്പോൾ തികഞ്ഞ നിസംഗതയോടെയാണ‌് പൊലീസ‌് പെരുമാറിയതെന്നും അദ്ദേഹം ദേശാഭിമാനിയോട‌് പറഞ്ഞു. സിബിഎസ്ഇ റാങ്ക് ജേതാവായി രാഷ‌്ട്രപതിയുടെ പുരസ‌്കാരം നേടിയ പെൺകുട്ടിയെ കൂട്ടബലാത്സംഗംചെയ‌്ത കേസിൽ ഒന്നാം പ്രതി രാജസ്ഥാനിലെ കോട്ടയിൽ ജോലിചെയ്യുന്ന സൈനികൻ പങ്കജാണ‌്. പെൺകുട്ടിയുടെ അച്ഛൻ കായികാധ്യാപകനും കബഡി പരിശീലകനുമാണ‌്. കനീന പട്ടണത്തിൽനിന്ന‌് 15 കിലോമീറ്റർ അകലെ നയാഗാവിലെ നിരവധി ചെറുപ്പക്കാരുടെ കോച്ചാണ‌് അദ്ദേഹം.

പ്രതികളുടെ അറസ്റ്റു വൈകുന്നതിൽ പ്രതിഷേധം വ്യാപിക്കെ ഹരിയാന പൊലീസ‌് മേധാവി ബി എസ് സന്ധുവാണ് സൈനികനാണ‌് ഒന്നാംപ്രതിയെന്ന‌് വെളിപ്പെടുത്തിയത്. ഇയാൾക്കെതിരെ വാറണ്ടിന് ശ്രമിക്കുകയാണെന്നും ഡിജിപി അറിയിച്ചു. ക്രിമിനലുകളെ സംരക്ഷിക്കില്ലെന്നും കുറ്റവാളിയെ പിടികൂടാൻ എല്ലാ സഹായവും ചെയ്യുമെന്നും തെക്കുപടിഞ്ഞാറന്‍ കമാന്‍ഡണ്ടിന്റെ മേധാവി ലെഫ്. ജനറൽ ചെറിഷ് മാത്സൺ പ്രതികരിച്ചു. കനീനയിലെ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം പങ്കജ്, മനീഷ്, നിഷു എന്നിവരാണ് പ്രതികള്‍. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഞായറാഴ്ച സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രകടനം നടത്തും.

പ്രതിഷേധം വ്യാപകമായതോടെ നൂഹ് എസ്പി നാസ്നീൻ ഭാസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേകാന്വേഷണസംഘത്തില്‍ രണ്ട് ഡിഎസ്പിമാരടക്കം അഞ്ച് ഉദ്യോഗസ്ഥരുണ്ട്. നിലവിൽ മൂന്നുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൂടുതൽ പ്രതികളുണ്ടെന്ന് പെൺകുട്ടിയുടെ അച്ഛനും മറ്റും പറഞ്ഞിട്ടുണ്ട്. അതേക്കുറിച്ച് അന്വേഷണം ആവശ്യമാണെന്ന‌് നാസ്നീൻ പറഞ്ഞു. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണസംഘം സംഭവസ്ഥലത്തും പെൺകുട്ടിയുടെ വീട്ടിലും തെളിവെടുപ്പ് നടത്തി.

റിവാരിയിലെ ജില്ലാ ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ നില മെച്ചപ്പെടുന്നുണ്ട്‌. ബുധനാഴ്ച വൈകിട്ട‌് നാലോടെയാണ് കനീനയ്ക്ക് സമീപമുള്ള ബസ്സ്റ്റോപ്പിൽനിൽക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കോച്ചിങ് സെന്ററിലേക്ക് പോകാൻ ബസ് കാത്തുനിന്ന പെൺകുട്ടിയുമായി സംസാരിച്ചശേഷം മയക്കുമരുന്ന് കലർത്തിയ വെള്ളം കുടിക്കാൻ നൽകി. അബോധാവസ്ഥയിലായതോടെ വാഹനത്തിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top