26 August Monday

അപ്‌നാദൾ എൻഡിഎ വിടുന്നു; ഉത്തർപ്രദേശിൽ ബിജെപിക്ക‌് വീണ്ടും തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

ലഖ്‌നൗ > ഉത്തർപ്രദേശിൽ ബിജെപിക്ക‌് തിരിച്ചടിയേകി എൻഡിഎയുടെ മുഖ്യ ഘടകകക്ഷിയായ അപ്‌നാദൾ(എസ്‌) മുന്നണി വിടുന്നു. അപ്‌നാദൾ നേതാവും കേന്ദ്രമന്ത്രിയുമായ അനുപ്രിയ പട്ടേലാണ‌് ഇക്കാര്യം പ്രഖ്യാപിച്ചത‌്. ബിജെപിയുമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നുവന്നിരുന്നു. പ്രശ്‌നങ്ങൾക്ക്‌ മറുപടി നൽകാനായി അവർക്ക്‌ ഫെബ്രുവരി 20 വരെ സമയം കൊടുത്തിരുന്നു. എന്നാൽ, പ്രതികരിക്കാൻ അവർക്ക്‌ താൽപ്പര്യമില്ലെന്നാണ്‌ മനസ്സിലാക്കുന്നത്‌. അപ്‌നാദളിന്‌ സ്വതന്ത്രമായി തീരുമാനമെടുക്കാനാകും. അടുത്തയാഴ‌്ച നേതൃയോഗം വിളിച്ചിട്ടുണ്ട്‌‐ അനുപ്രിയ പട്ടേൽ പറഞ്ഞു.

2014ൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ച അപ്‌നാദളിന്‌ ലോകസ‌്ഭയിൽ രണ്ട‌് അംഗങ്ങളുണ്ട‌്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സഖ്യമായാണ‌് മത്സരിച്ചത‌്. നിയമസഭയിൽ 9 അംഗങ്ങളുണ്ട‌്. കിഴക്കൻ യുപിയിൽ പിന്നോക്കവിഭാഗമായ കുർമികൾക്കിടയിൽ സ്വാധീനമുള്ള പാർടിയാണ്‌ അപ്‌നാദൾ(എസ്‌). അവർ മുന്നണി വിട്ടാൽ ഈ മേഖലയിൽ ബിജെപിക്ക‌് കനത്ത തിരിച്ചടിയുണ്ടാക്കും. ഓം പ്രകാശ്‌ രാജ്‌ഭർ നേതൃത്വം നൽകുന്ന സുഹേൽദേവ്‌ ഭാരതീയ സമാജ്‌ പാർടിയും (എസ്‌ബിഎസ്‌പി) ബിജെപിയുമായി അകൽച്ചയിലാണ്‌. കിഴക്കൻ യുപിയിലെ പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ള പാർടിയാണ്‌ എസ്‌ബിഎസ്‌പി.
 


പ്രധാന വാർത്തകൾ
 Top