21 February Thursday

അനിൽ അംബാനിയെ ജയിലിൽ അടയ‌്ക്കണമെന്ന‌് ഹർജി

സ്വന്തം ലേഖകൻUpdated: Saturday Jan 5, 2019

ന്യൂഡൽഹി > റിലയൻസ‌് കമ്യൂണിക്കേഷൻസിനും ചെയർപേഴ‌്സൺ അനിൽ അംബാനിക്കും എതിരെ രണ്ടാമത്തെ കോടതിയലക്ഷ്യഹർജി ഫയൽ ചെയ‌്ത‌് സ്വീഡിഷ‌് കമ്പനി എറിക‌്സൺ. കോടതി ഉത്തരവ‌് പ്രകാരം എറിക‌്സണിന‌് നൽകാനുള്ള 550 കോടിരൂപയും പലിശയും ഉടനടി നൽകാത്തപക്ഷം അനിൽ അംബാനിയെ ജയിലിൽ അടയ‌്ക്കണമെന്ന‌ാണ‌് ആവശ്യം. റിലയൻസ‌് കമ്യൂണിക്കേഷൻസിന്റെ ടെലികോം ശൃംഖല നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനും എറിക‌്സൺ ഇന്ത്യ പ്രൈവറ്റ‌് ലിമിറ്റഡുമായി ഏഴ‌് വർഷത്തെ കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ, റിലയൻസ‌് കമ്യൂണിക്കേഷൻസ‌് 1000 കോടി രൂപയോളം കുടിശ്ശിക വരുത്തിയതിനെ തുടർന്ന‌് എറിക‌്സൺ നിയമനടപടി തുടങ്ങി.

ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ മുമ്പാകെ 550 കോടി രൂപ ഉടൻ നൽകാമെന്ന ഉറപ്പിൽ കേസ‌് ഒത്തുതീർപ്പാക്കി. ഈ ഉറപ്പും പാലിക്കപ്പെടാത്തതിനെ തുടർന്നാണ‌് സുപ്രീംകോടതിയെ സമീപിച്ചത‌്. റിലയൻസ‌് കമ്യൂണിക്കേഷൻസ‌് സെപ‌്തംബർ 30നുള്ളിൽ എറിക‌്സണിന‌്  550 കോടി നൽകണമെന്ന‌് ആഗസ‌്ത‌് മൂന്നിന‌് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഡിസംബർ 15നുള്ളിൽ തുക കൈമാറിയിരിക്കണമെന്ന‌് സുപ്രീംകോടതി ഒക്ടോബർ 23ന‌് അന്ത്യശാസനവും നൽകി. തിങ്കളാഴ‌്ച ഹർജി പരിഗണിക്കും. റിലയൻസ‌് ജിയോയ‌്ക്ക‌് സ‌്പെക‌്ട്രം വിൽപ്പന നടത്തി എറിക‌്സണിന‌് പണം നൽകാമെന്നായിരുന്നു റിലയൻസിന്റെ  കണക്കുകൂട്ടൽ. ഇടപാടിന‌് കാലതാമസം നേരിടുന്നതാണ‌് തടസ്സമാകുന്നത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top