27 June Thursday

ഉമ്മൻ ചാണ്ടിക്ക‌് ചുമതലയുണ്ടായിരുന്ന ആന്ധ്രയിൽ തകർന്നടിഞ്ഞ‌് കോൺഗ്രസ‌്; ആകെ ലഭിച്ചത‌് 1.29 ശതമാനം വോട്ട‌്

വെബ് ഡെസ്‌ക്‌Updated: Friday May 24, 2019

ന്യൂഡൽഹി> കോൺഗ്രസ‌് ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഉമ്മൻ ചാണ്ടിക്ക‌് ചുമതലയുണ്ടായിരുന്ന ആന്ധ്രപ്രദേശിൽ കോൺഗ്രസിന‌് കനത്ത തകർച്ച. ഒരു കാലത്ത‌് കോൺഗ്രസ‌ിന്റെ ശക്തികേന്ദ്രമായിരുന്ന ആന്ധ്രയിൽ നിലവിൽ കോൺഗ്രസിന‌് ഒരൊറ്റ എംപിയോ എംഎൽഎയോ ഇല്ല. ലോക‌്സഭ–- നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച കോൺഗ്രസിന്റെ എല്ലാ സ്ഥാനാർഥികൾക്കും കെട്ടിവച്ച കാശ‌് നഷ്ടമായി. 25 ലോക‌്സഭാ മണ്ഡലത്തിൽനിന്നായി കോൺഗ്രസിന‌് ആകെ ലഭിച്ചത‌് 1.29 ശതമാനം വോട്ടുമാത്രം. നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുനിലയാകട്ടെ 1.17 ശതമാനംമാത്രമാണ‌്.

25 ലോക‌്സഭാ മണ്ഡലത്തിൽനിന്നായി കോൺഗ്രസിന‌് ആകെ ലഭിച്ച സീറ്റ‌് കേവലം നാലു ലക്ഷത്തിനടുത്ത‌് മാത്രമാണ‌്. കോൺഗ്രസിന‌് ഏറ്റവുമധികം വോട്ട‌് ലഭിച്ചത‌് കർണൂലിലാണ‌്–- 36,169 വോട്ട‌്. ഏറ്റവും കുറവ‌് വോട്ട‌് അമലാപുരത്താണ‌്–- 7840 വോട്ട‌്. കഴിഞ്ഞ 17 ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഒമ്പതുവട്ടം കോൺഗ്രസ‌് സ്ഥാനാർഥികൾ ജയിച്ച മണ്ഡലമാണിത‌്. 12 വട്ടം കോൺഗ്രസ‌് ജയിച്ച നെല്ലൂരിൽ 9973 വോട്ടാണ‌് ഇക്കുറി ലഭിച്ചത‌്. 11 വട്ടം കോൺഗ്രസ‌് ജയിച്ച ഓങ്കോളിൽ ഇത്തവണ ലഭിച്ചത‌് എണ്ണായിരം വോട്ട‌്.

1991ൽ പി വി നരസിംഹ റാവു പ്രധാനമന്ത്രിയായപ്പോൾ ഉപതെരഞ്ഞെടുപ്പിൽ ജയിച്ച‌് അദ്ദേഹം ലോക‌്സഭയിലെത്തിയത‌് ആന്ധ്രയിലെ നന്ദ്യാൽ മണ്ഡലത്തിൽനിന്നാണ‌്. ആറു ലക്ഷത്തിനടുത്ത‌് വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു റാവുവിന്റെ വിജയം. പിന്നീട‌് 1996ലും റാവു ഇവിടെനിന്ന‌് ജയിച്ചു. റാവുവിനെ റെക്കോഡ‌് ഭൂരിപക്ഷത്തിൽ ലോക‌്സഭയിൽ എത്തിച്ച നന്ദ്യാലിൽ ഇക്കുറി കോൺഗ്രസിന‌് ലഭിച്ചത‌് 14,313 വോട്ട‌്.
വൈസ‌്എസ‌്ആർ കോൺഗ്രസിന്റെ രൂപീകരണത്തിന‌ുശേഷവും കോൺഗ്രസിൽ തുടർന്ന മുതിർന്ന നേതാക്കളുടെ പ്രകടനവും പരിതാപകരമാണ‌്. മുൻ കേന്ദ്രമന്ത്രി  ജെ ഡി സീലത്തിന‌് ബപട‌്‌ല മണ്ഡലത്തിൽ ലഭിച്ചത‌് 12,941 വോട്ടാണ‌്. മറ്റൊരു മുതിർന്ന നേതാവ‌് ചിന്താ മോഹന‌് തിരുപ്പതി മണ്ഡലത്തിൽ ലഭിച്ചത‌് 23,926 വോട്ടാണ‌്.


പ്രധാന വാർത്തകൾ
 Top