18 February Monday

അലിഗഢ‌് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷപദവി: ഹർജികൾ വിശാലബെഞ്ചിന‌്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

ന്യൂഡൽഹി> അലിഗഢ‌് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷപദവി  സംബന്ധിച്ച കേസ‌് സുപ്രീംകോടതി വിശാല ബെഞ്ചിന്റെ പരിഗണനയ‌്ക്ക‌് വിട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക‌് ന്യൂനപക്ഷ പദവി അനുവദിക്കാൻ ആവശ്യമായ മാനദണ്ഡങ്ങൾകൂടി നിർവചിക്കാനാണ‌് ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് അധ്യക്ഷനായ ബെഞ്ച‌് കേസ‌് ഏഴംഗ ബെഞ്ചിനു വിട്ടത‌്.
അലഹബാദ‌് ഹൈക്കോടതി 2006ൽ അലിഗഢ‌് സർവകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന‌് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ യുപിഎ സർക്കാരും സർവകലാശാല അധികൃതരും സമർപ്പിച്ച ഹർജികളാണ‌് കോടതിയുടെ പരിഗണനയിലുള്ളത‌്.

മുൻസർക്കാർ സമർപ്പിച്ച ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന‌് എൻഡിഎ സർക്കാർ അപേക്ഷിച്ചിരുന്നു. 1968ൽ അസീസ‌് ബാഷ കേസിൽ അലിഗഢ‌് സർവകലാശാല കേന്ദ്ര സർവകലാശാലയാണെന്നും ന്യൂനപക്ഷ സ്ഥാപനമല്ലെന്നും കോടതി തന്നെ ഉത്തരവിട്ടുണ്ടെന്നും അതിനാൽ അപ്പീൽ പിൻവലിക്കാൻ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു കേന്ദ്രസർക്കാർ വിശദീകരണം. എന്നാൽ, ഈ ഉത്തരവിന‌് ശേഷം 1981ൽ അലിഗഢ‌് മുസ്ലിം സർവകലാശാല (ഭേദഗതി) നിയമം പാസാക്കിയാണ‌് സർവകലാശാലയ‌്ക്ക‌് ന്യൂനപക്ഷപദവി അനുവദിച്ചത‌്. ഈ നിയമം റദ്ദാക്കിയാണ‌് അലഹബാദ‌് ഹൈക്കോടതി 2006ൽ ഉത്തരവ‌് പുറപ്പെടുവിച്ചത‌്.


പ്രധാന വാർത്തകൾ
 Top