02 June Tuesday
ചുഴലിക്കാറ്റിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന്‌ സിപിഐ എം

ഉംപുൻ ചുഴലിക്കാറ്റ്‌: പശ്‌ചിമ ബംഗാളിൽ മരണം 86 ആയി

ഗോപിUpdated: Saturday May 23, 2020

കൊൽക്കത്ത > ഉംപുൻ ചുഴലിക്കാറ്റിനെത്തുടർന്ന്‌ ബംഗാളിൽ മരണസംഖ്യ 86ആയി. രക്ഷാപ്രവർത്തനത്തിനായി കരസേന, റെയിൽവേ, കൊൽക്കത്ത പോർട്ട് ട്രസ്റ്റ്‌ എന്നിവയുടെ സഹായം ബംഗാൾ സർക്കാർ തേടി.‌ 600 സൈനികരെ (‌5 കമ്പനി) കൊൽക്കത്ത നഗരത്തിൽ ശനിയാഴ്‌ച വിന്യസിച്ചു. 72 മണിക്കൂറിനുശേഷവും കൊൽക്കത്ത നഗരത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലും ജനജീവിതം സാധാരണനിലയിലായിട്ടില്ല. നിരവധിപ്രദേശങ്ങളിൽ ഇപ്പോഴും വൈദ്യുതിയും ഗതാഗതവും കുടിവെള്ളവിതരണവും പുനഃസ്ഥാപിച്ചിട്ടില്ല.

പതിനായിരത്തോളം വീടുകളാണ്‌ തകർന്നത്‌. 1.36 കോടി ജനങ്ങളെ ഉംപുൻ നേരിട്ട്‌ ബാധിച്ചു. ആറുകോടിയോളം പേർ ദുരിതബാധിതരായി. ഇപ്പോഴും 6.5 ലക്ഷം പേർ വിവിധ ക്യാമ്പുകളിലായി കഴിയുന്നു. നദികളിൽ ബണ്ടുകൾ പൊട്ടിയതിനാൽ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്‌. ലക്ഷക്കണക്കിന്‌ ഏക്കർ ഭൂമിയിലെ കൃഷി നശിച്ചു. വിവിധയിടങ്ങളിൽ ആഹാരവും വെള്ളവും ആവശ്യപ്പെട്ട്‌ ജനങ്ങൾ പൊലീസ്‌ സ്‌റ്റേഷനും റോഡും ഉപരോധിച്ചു. ജനങ്ങളെ പിരിച്ചുവിടാൻ പൊലീസ്‌ ലാത്തിച്ചാർജ്‌ നടത്തിയത്‌ പ്രതിഷേധത്തിനിടയാക്കി.

ഉംപുൻ ചുഴലിക്കാറ്റിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്‌ പാർടിയുടെ പൂർണപിന്തുണയുണ്ട്‌. രാഷ്‌ട്രീയത്തിന്‌ അതീതമായി ഒന്നിച്ചുപ്രവർത്തിക്കണം. കോവിഡിനേക്കാൾ വലിയ ദുരന്തമാണ്‌ ബംഗാൾ നേരിടുന്നത്‌. പാർടിയുടെയും എല്ലാ ഇടതുസംഘടനാ പ്രവർത്തകരും ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക്‌ മുന്നിട്ടിറങ്ങണമെന്നും പാർടി ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top