25 March Monday

അവഗണിച്ചു; കേരളത്തോട് മുഖംതിരിച്ച‌് പ്രധാനമന്ത്രി

സ്വന്തം ലേഖകൻUpdated: Friday Jul 20, 2018


ന്യൂഡൽഹി
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർവകക്ഷി പ്രതിനിധിസംഘത്തിന്റെ ആവശ്യങ്ങളോട് മുഖംതിരിച്ച് കേന്ദ്രസർക്കാർ. റേഷൻ വിഹിതം ഉയർത്തണമെന്നതടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി കേരളത്തിന്റെ ആവശ്യങ്ങളോട് അനുകൂലമായല്ല പ്രതികരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒന്നിലേറെതവണ അനുമതി നിഷേധിച്ചശേഷം നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങളിൽ ഭൂരിപക്ഷവും അംഗീകരിച്ചില്ല.

റേഷൻ വിഹിതത്തിന്റെ കാര്യത്തിൽ നിരാശാജനകമായ നിലപാടാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പാർലമെന്റിൽവച്ചു നടന്ന കൂടിക്കാഴ്ചയ‌്ക്കുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കിയതോടെ കേരളത്തിന് ആവശ്യമായത്ര ഭക്ഷ്യധാന്യം ലഭിക്കുന്നില്ല.

അതുകൊണ്ടുതന്നെ മുൻഗണനാവിഭാഗത്തിൽപ്പെടാത്തവർക്ക് ആവശ്യമായ ഭക്ഷ്യധാന്യം നൽകാനാകുന്നില്ല. വെട്ടിക്കുറച്ചത് നികത്തി സംസ്ഥാനത്തിന് ആവശ്യമായ ഭക്ഷ്യധാന്യം അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള വിഹിതമേ നൽകാനാകുവെന്നും, കേരളത്തിന് പ്രത്യേകമായി ഒന്നും ചെയ്യാനാകില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.

കഞ്ചിക്കോട് കോച്ച് ഫാക്ടറി സംബന്ധിച്ച മുൻ നിലപാടിൽനിന്ന് കേന്ദ്രസർക്കാർ പിന്നോട്ടുപോയി. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വകുപ്പുമന്ത്രി രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ, പുതിയ കോച്ച് ഫാക്ടറി വേണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ ഇപ്പോഴത്തെ നിലപാട്.

അങ്കമാലിയിൽനിന്ന് ശബരിമലയിലേക്കുള്ള റെയിൽപ്പാതയുടെ കാര്യത്തിൽ സംസ്ഥാന സർക്കാരും റെയിൽവേയും തമ്മിലുള്ള ചർച്ചയ്ക്ക് വഴിയൊരുക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി പിണറായി പറഞ്ഞു.
കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമതീരുമാനം വേണമെന്ന ആവശ്യത്തിൽ കഴിവതുംവേഗം തീരുമാനമുണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കാലവർഷക്കെടുതി പഠിക്കുന്നതിന് കേന്ദ്രസംഘത്തെ അയക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. റിപ്പോർട്ടുകൾ ദിനംപ്രതി ലഭിക്കുന്നുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് സ്വകാര്യമേഖലയ്ക്ക് വിൽക്കാനുള്ള കേന്ദ്രതീരുമാനം നടപ്പാക്കരുതെന്ന് സർവകക്ഷിസംഘം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ 700 ഏക്കർ സ്ഥലമാണ് ഫാക്ടറിക്കുവേണ്ടി ഏറ്റെടുത്തു നൽകിയത്. അസംസ്കൃതവസ്തുക്കൾ സൗജന്യനിരക്കിലും നൽകുന്നു. ഫാക്ടറി പൊതുമേഖലയിൽതന്നെ നിലനിർത്തണം. അല്ലാത്തപക്ഷം ഫാക്ടറി സംസ്ഥാന സർക്കാരിന‌് കൈമാറാൻ തയ്യാറാകണം. പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ഫാക്ടറി ഈ നിലയിലാണ് സംസ്ഥാനം ഏറ്റെടുത്തത്.

കോഴിക്കോട് വിമാനത്താവളം പൂർണമായി പ്രവർത്തനസജ്ജമാക്കണമെന്നും വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും പിണറായി അറിയിച്ചു.

കേരളത്തോട് കടുത്ത അവഗണനയാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വ്യക്തമായ ഉറപ്പുകളൊന്നും ലഭിച്ചില്ലെന്നും കൂടിക്കാഴ്ച നിരാശാജനകമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ പി തിലോത്തമൻ, ജി സുധാകരൻ , രാമചന്ദ്രൻ കടന്നപ്പള്ളി , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി കരുണാകരൻ എംപി, എം പി വീരേന്ദ്രകുമാർ എം പി, വിവിധ കക്ഷി നേതാക്കളായ എം എം ഹസൻ(കോൺഗ്രസ്), എ എൻ രാധാകൃഷ്ണൻ(ബിജെപി), ഇ ടി മുഹമ്മദ് ബഷീർ (മുസ്ലീം ലീഗ്), ജോസ് കെ മാണി (കേരള കോൺഗ്രസ് എം), എൻ കെ പ്രേമചന്ദ്രൻ (ആർ എസ് പി), കെ  പ്രകാശ് ബാബു(സിപിഐ), സി കെ നാണു  (ജനതാദൾ ), തോമസ് ചാണ്ടി (എൻസിപി), കോവൂർ കുഞ്ഞുമോൻ  (ആർഎസ്പി ലെനിനിസ്റ്റ് ), അനൂപ് ജേക്കബ് (കേരള കോൺ ജേക്കബ്), പി സി ജോർജ്  (കേരള കോൺ. പി സി ജോർജ്), എം കെ കണ്ണൻ (സിഎംപി), സി വേണുഗോപാലൻ നായർ (കേരള കോൺ ബി) എന്നിവരും ചീഫ് സെക്രട്ടറി ടോം ജോസും സംഘത്തിലുണ്ടായിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top