23 October Wednesday

ബിജെപി എംഎല്‍എ ഉദ്യോഗസ്ഥരെ ബാറ്റുകൊണ്ട് തല്ലിയോടിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019

മധ്യപ്രദേശിലെ ബിജെപി എംഎൽഎ ആകാശ്‌ വിജയവർജ്യ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ ബാറ്റുകൊണ്ട്‌ അടിച്ചോടിക്കുന്നു


ഇന്‍ഡോര്‍
സ്ഥലം കയ്യേറിയത‌് ഒഴിപ്പിക്കാനെത്തിയ നഗരസഭ ഉദ്യോഗസ്ഥരെ ബിജെപി എംഎൽഎ  ക്രിക്കറ്റ‌് ബാറ്റുകൊണ്ട‌് അടിച്ചോടിച്ചു. മുതിര്‍ന്ന ബിജെപി നേതാവ് കൈലാഷ് വിജയവര്‍ജ്യയുടെ മകനും മധ്യപ്രദേശ് എംഎല്‍എയുമായ ആകാശ് വിജയവര്‍ജ്യയാണ‌്  ഉദ്യോഗസ്ഥരെ തല്ലിച്ചതച്ചത‌്. നഗരമധ്യത്തില്‍ അണികള്‍ക്കൊപ്പം പൊലീസിന്റെയും മാധ്യമങ്ങളുടേയും മുന്നിലായിരുന്നു അക്രമം. സംഭവത്തിന്റ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. എംഎൽഎയെ പിന്നീട്‌ അറസ്റ്റ്‌ ചെയ്‌തു

ഇന്‍ഡോറിലെ ഗന്‍ജി മേഖലയില്‍ അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെത്തിയ നഗരസഭ ഉദ്യോഗസ്ഥസംഘത്തെ ക്രിക്കറ്റ് ബാറ്റേന്തിയ ആകാശും അണികളും തടഞ്ഞു. "അഞ്ച് മിനിറ്റിനകം സ്ഥലംവിട്ടില്ലെങ്കില്‍ പിന്നെന്തുസംഭവിച്ചാലും നിങ്ങള്‍ തന്നെയാകും ഉത്തരവാദി' എന്നായിരുന്നു ഭീഷണി. മിനിറ്റുകള്‍ക്കകം വാക്കേറ്റം മര്‍ദനത്തിന് വഴിമാറി. പൊലീസ് സംഘത്തെ നോക്കുകുത്തിയാക്കി ആകാശും സംഘവും ഉദ്യോഗസ്ഥരെ തല്ലിച്ചതച്ചു.

"ആദ്യം അഭ്യര്‍ഥന, പിന്നെ അക്രമം എന്നതാണ് ബിജെപിയുടെ രീതി' എന്നായിരുന്നു സംഭവത്തെ കുറിച്ച്   ആകാശിന്റെ വിശദീകരണം. "ഉദ്യോഗസ്ഥരോട് ഒഴിഞ്ഞുപോകാന്‍ പറഞ്ഞപ്പോള്‍ അനുസരിച്ചില്ല, ജനപ്രതിനിധി എന്ന നിലയില്‍ നാട്ടുകാരുടെ പ്രശ്‌നം പരിഹരിക്കേണ്ടത് എന്റെ ചുമതലയാണ്. ദേഷ്യം വന്നപ്പോള്‍ എന്തൊക്ക ചെയ്തു എന്ന് എനിക്കുതന്നെ ബോധ്യമില്ല'- ആകാശ് മാധ്യമങ്ങളോട് പറഞ്ഞു.ഇന്‍ഡോര്‍-–-മൂന്ന് നിയോജകമണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്‌ ആകാശ്‌.


പ്രധാന വാർത്തകൾ
 Top