28 February Friday

പൗരത്വ നിയമത്തിൽ എതിർപ്പ്‌; ഡൽഹിയിൽ ബിജെപിക്കൊപ്പം മത്സരിക്കില്ലെന്ന്‌ ശിരോമണി അകാലിദൾ

സ്വന്തം ലേഖകൻUpdated: Monday Jan 20, 2020

ന്യൂഡൽഹി > പൗരത്വ ഭേദഗതി നിയമത്തിൽ എതിർപ്പ്‌ പ്രഖ്യാപിച്ച എൻഡിഎ സഖ്യകക്ഷി ശിരോമണി അകാലിദൾ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം മത്സരിക്കില്ല. പൗരത്വ ഭേദഗതി നിയമത്തിൽ മുസ്ലിങ്ങളെ ഉൾപ്പെടുത്തണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും ബിജെപിക്കൊപ്പം മത്സരിക്കാനില്ലെന്നും രജൗരി ഗാർഡൻ മണ്ഡലത്തിലെ എംഎൽഎ മൻജീന്ദർ സിങ്‌ സിർസ പറഞ്ഞു. തങ്ങളുടെ നിലപാട്‌ പുനഃപരിശോധിക്കണമെന്ന ബിജെപിയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും സിർസ കൂട്ടിച്ചേർത്തു. ദേശീയതലത്തിൽ പൗരത്വ രജിസ്‌റ്റർ നടപ്പാക്കുന്നത്‌ അംഗീകരിക്കില്ലെന്നും ശിരോമണി അകാലിദൾ വ്യക്തമാക്കിയിരുന്നു.

പൗരത്വ ഭേദഗതിയിലെ എതിർപ്പിനൊപ്പം സീറ്റ്‌ വിഭജനത്തിലും തെരഞ്ഞെടുപ്പ്‌ ചിഹ്നം ഉപയോഗിക്കുന്നതിലും തർക്കം നിലനിന്നിരുന്നു. അകാലി ദളിന്റെ ത്രാസ്‌ ചിഹ്നത്തിനുപകരം താമര ചിഹ്നത്തിൽ സ്ഥാനാർഥികൾ മത്സരിക്കണമെന്ന്‌ ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇത്‌ അംഗീകരിക്കില്ലെന്നും അകാലിദൾ അറിയിച്ചതോടെയാണ്‌, ഡൽഹിയിലെ സിഖ്‌ സമൂഹത്തിന്റെ വലിയ പിന്തുണയുള്ള അകാലിദൾ ബിജെപിയോട്‌ ഇടഞ്ഞ്‌ മത്സരരംഗത്തുനിന്ന്‌ വിട്ടുനിൽക്കുന്നത്‌. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അനിശ്ചിതകാല സമരം നടക്കുന്ന ഡൽഹി ഷഹീൻബാഗിലെത്തി പഞ്ചാബിൽനിന്നുള്ള സിഖ്‌ വംശജരായ കർഷകർ പിന്തുണ പ്രഖ്യാപിച്ചു. സ്ത്രീ പ്രതിഷേധക്കാർക്ക്‌ ഭക്ഷണം വച്ചുനൽകാനുള്ള സൗകര്യവും അവർ ഒരുക്കി. പിന്നാലെ, അകാലിദളിനെ ഒഴിവാക്കി ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സഖ്യം ബിജെപി പ്രഖ്യാപിച്ചു. ആദ്യമായി ജെഡിയു, എൽജെപി എന്നിവർക്ക്‌ സീറ്റുകൾ നൽകാൻ ബിജെപി തീരുമാനിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top