29 February Saturday

ഐഷി ഘോഷടക്കം 3 പേരെ ചോദ്യംചെയ്‌തു; അക്രമികളില്‍ ഒരാളെയും അറസ്റ്റ് ചെയ്യാതെ പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

ന്യൂഡൽഹി > ജെഎൻയുവിലെ ആക്രമണത്തിന്റെ പേരില്‍ വിദ്യാർഥി യൂണിയൻ പ്രസിഡന്റ്‌ ഐഷി ഘോഷടക്കം മൂന്നുപേരെ ക്രൈംബ്രാഞ്ച്‌ ചോദ്യംചെയ്‌തു. തിങ്കളാഴ്‌ച ക്യാമ്പസിലെത്തിയാണ്‌ ചോദ്യംചെയ്‌തത്‌. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും നിഷ്‌പക്ഷവും നീതിപൂർവവുമായ അന്വേഷണം വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥരോട്‌ ആവശ്യപ്പെട്ടെന്ന്‌ ഐഷി ഘോഷ്‌ പറഞ്ഞു. ക്രൈംബ്രാഞ്ച്‌ പുറത്തുവിട്ട ഒമ്പതുപേരിൽ ഐഷി ഘോഷ്‌, വാസ്‌കർ വിജയ്‌, പങ്കജ്‌ മിശ്ര എന്നിവരെയാണ്‌ ചോദ്യം ചെയ്‌തത്‌. 

രജിസ്‌ട്രേഷൻ ബഹിഷ്‌കരണം, ജനുവരി അഞ്ചിനുണ്ടായ ആക്രമണം എന്നിവയെക്കുറിച്ച്‌ തയ്യാറാക്കിയ ചോദ്യങ്ങളാണ്‌ ചോദിച്ചത്‌. 45 മിനിറ്റോളം ചോദ്യംചെയ്യൽ തുടർന്നു. ക്രൈംബ്രാഞ്ച്‌ പുറത്തുവിട്ട ചിത്രങ്ങളിലെ എബിവിപിക്കാരായ യോഗേന്ദ്ര ഭരദ്വാജ്‌, വികാസ്‌ പട്ടേൽ എന്നിവരടക്കമുള്ളവരെ വരുംദിവസങ്ങളിൽ ചോദ്യംചെയ്യും.

ആക്രമണം നടത്തിയെന്ന്‌ ഏറ്റുപറഞ്ഞ എബിവിപി പ്രവർത്തകരായ അക്ഷന്ത്‌ അശ്വതി, രോഹിത്‌ ഷാ എന്നിവരോടും ചോദ്യംചെയ്യലിന്‌ ഹാജരാകാൻ പൊലീസ്‌ നിർദേശിച്ചു. അക്രമിസംഘത്തിലുണ്ടായിരുന്ന മുഖംമൂടിയണിഞ്ഞ്‌ കമ്പുമായെത്തിയ പെൺകുട്ടിയെ തിരിച്ചറിഞ്ഞതായി പൊലീസ്‌ പറഞ്ഞു. ഡൽഹി സർവകലാശാലയുടെ ദൗളത്ത്‌ രാം കോളേജിലെ എബിവിപി പ്രവർത്തക കോമൾ ശർമയെയാണ്‌ തിരിച്ചറിഞ്ഞത്‌. ചോദ്യംചെയ്യലിന്‌ ഹാജരാകാൻ ഇവർക്ക്‌ നോട്ടീസയച്ചു. ക്യമ്പസിൽ കടന്നുകയറി സംഘപരിവാറുകാർ ആക്രമണം നടത്തിയിട്ട്‌ ഒരാഴ്‌ച കഴിഞ്ഞും ഒരാളെപോലും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top