21 March Thursday

കർഷകരുടെ കണ്ണീരിൽ കുതിർന്ന‌് ബുലന്ദ‌്ശഹറിന്റെ മണ്ണ‌്

എം പ്രശാന്ത‌്Updated: Saturday Dec 8, 2018

ബുലന്ദ‌്ശഹർ
ഏറ്റവും മുന്തിയ ഇനം ബസ‌്മതി നെല്ല‌് വിളയുന്ന മണ്ണാണ‌് ബുലന്ദശഹർ ഉൾപ്പെടുന്ന ഉത്തർപ്രദേശിന്റെ പടിഞ്ഞാറൻ മേഖല. ഗംഗാ–- യമുനാ തടങ്ങളുടെ ഫലഭൂയിഷ്ടതയിൽ ബസ‌്മതിക്കൊപ്പം ഗോതമ്പും കരിമ്പും കടുകുമെല്ലാം സമൃദ്ധമായി വളരുന്നു. എന്നാൽ കാർഷിക സമ്പന്നതയുടെ ഈ ഭൂതകാലം പടിഞ്ഞാറൻ യുപിക്ക‌് ഇന്ന‌് അന്യമാവുകയാണ‌്. ചതിച്ചത‌് മണ്ണല്ല, ഭരണാധികാരികളാണ‌്. മുടക്കുമുതൽ പോലും തിരിച്ചുപിടിക്കാനാവാതെ കടക്കെണിയിലേക്ക‌് തള്ളപ്പെട്ടു കർഷകർ.
കൃഷിനഷ്ടത്തിൽ ക്ഷുഭിതരായ കർഷകരെ തണുപ്പിക്കാൻകൂടിയാണ‌് അയോധ്യയും ഗോഹത്യയുമെല്ലാം സംഘപരിവാർ വിഷയങ്ങളാക്കുന്നത‌്. 2014 ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ യുപി പൂർണമായും ബിജെപിക്കൊപ്പമായിരുന്നു. 2019 ൽ കാറ്റ‌് മാറിവീശുമെന്ന‌് സംഘപരിവാർ ഭയക്കുന്നു. വർഗീയ ധ്രുവീകരണ നീക്കങ്ങൾ തീവ്രമാക്കി ജനകീയ വിഷയങ്ങളിൽ നിന്ന‌് ശ്രദ്ധതിരിക്കാനാണ‌് ശ്രമം. പടിഞ്ഞാറൻ യുപിയിലെ പ്രധാനകൃഷി കരിമ്പാണ‌്. രണ്ടുവർഷമായി കരിമ്പിന്റെ താങ്ങുവിലയിൽ യോഗി ആദിത്യനാഥ‌് സർക്കാർ വർധന വരുത്തിയില്ലെന്ന‌് കിസാൻസഭ ജില്ലാ അധ്യക്ഷൻ ജഗദീഷ‌് സിങ‌് ഭാട്ടിയ ദേശാഭിമാനിയോട‌് പറഞ്ഞു. ക്വിന്റലിന‌് 325 രൂപ മാത്രമാണ‌് ലഭിക്കുന്നത‌്. ആറു കോടിയോളം ക്വിന്റൽ കരിമ്പ‌് പടിഞ്ഞാറൻ യുപിയിൽ ഉൽപ്പാദിക്കപ്പെടുന്നുണ്ട‌്. മേഖലയിലുള്ള നാല‌് പഞ്ചസാര മില്ലുകളുടെ ആകെ ശേഷി രണ്ടുകോടി ക്വിന്റലാണ‌്. ശേഷിക്കുന്ന കരിമ്പ‌് ശർക്കര ഉൽപ്പാദനത്തിനായി വിട്ടുകൊടുക്കാൻ കർഷകർ നിർബന്ധിതരാകുന്നു. ഇതിനാകട്ടെ ക്വിന്റലിന‌് 140 രൂപ മാത്രമാണ‌് കിട്ടുക.
ബസ‌്മതി അരിക്ക‌് 2200 മുതൽ 3500 രൂപ വരെയാണ‌് ക്വിന്റലിന‌് വില. ഒരു ക്വിന്റലിന്റെ ഉൽപ്പാദനചെലവ‌് 3300 രൂപയോളം വരും. ഗോതമ്പിന്റെ കാര്യത്തിലും സ്ഥിതി സമാനം. ഉൽപ്പാദന ചെലവിന്റെ ഒന്നര ഇരട്ടിയായി താങ്ങുവില നിശ‌്ചയിക്കണമെന്ന സ്വാമിനാഥൻ കമീഷൻ ശുപാർശ മോഡി സർക്കാരോ യോഗി സർക്കാരോ നടപ്പാക്കുന്നില്ല. വൈദ്യുതി, വളം, വിത്ത‌് തുടങ്ങി കൃഷിക്കാവശ്യമായ എല്ലാത്തിനും വില ഉയരുകയാണ‌്. എന്നാൽ ഉൽപ്പന്നങ്ങളുടെ മാത്രം വില ഉയരുന്നില്ല. ഭാരതീയ കിസാൻ യൂണിയനും കിസാൻ സംഘർഷ‌് കോർഡിനേഷൻ കമ്മിറ്റിയും അടുത്തയിടെ ഡൽഹിയിൽ സംഘടിപ്പിച്ച രണ്ട‌് റാലികളിലും പടിഞ്ഞാറൻ യുപിയിൽ നിന്ന‌് കർഷകരുടെ വൻ പങ്കാളിത്തമുണ്ടായി. ഇതെല്ലാം ബിജെപിയെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട‌്–- ഭാട്ടിയ പറഞ്ഞു.
കർഷകരെ അണിനിരത്തുന്നതോടൊപ്പം സംഘപരിവാറിന്റെ വർഗീയ ധ്രുവീകരണ ശ്രമങ്ങളെ തുറന്നുകാട്ടാനുള്ള പ്രചാരണ പ്രവർത്തനങ്ങൾ ബുലന്ദ‌്ശഹർ മേഖലയിൽ സജീവമായിട്ടുണ്ടെന്ന‌് സിപിഐഎം ജില്ലാ സെക്രട്ടറി ധരംപാൽ സിങ‌് പറഞ്ഞു. നവംബർ 18 മുതൽ ജില്ലയിലെമ്പാടും വർഗീയതയ‌്ക്കെതിരായ സൗഹൃദ സദസ്സുകൾ സിപിഐ എം മുൻകയ്യെടുത്ത‌് സംഘടിപ്പിക്കുന്നുണ്ട‌്. എല്ലാ മതനിരപേക്ഷ പാർടികളെയും അണിനിരത്തിയാണ‌് പഞ്ചായത്ത‌് തലത്തിൽ ഇത്തരം സദസ്സുകളുടെ സംഘാടനം. 19 ന‌് ബുലന്ദ‌്ശഹറിൽ വൻ റാലിയോടെയാകും സൗഹൃദ സദസ്സിന്റെ ജില്ലാതല സംഘാടനം. ബ്രീട്ടീഷ‌് ഭരണത്തിനെതിരെ പോരാടിയെന്ന കുറ്റത്തിന‌് തൂക്കിലേറ്റപ്പെട്ട കാകോറി സഖാക്കളുടെ രക്തസാക്ഷി ദിനമെന്ന പ്രത്യേകതയും 19 നുണ്ട‌്. പൊളിറ്റ‌്ബ്യൂറോ അംഗം സുഭാഷിണി അലി റാലി ഉദ‌്ഘാടനം ചെയ്യും.
25 ശതമാനത്തോളം ന്യൂപനക്ഷ ജനങ്ങളുള്ള ബുലന്ദ‌്ശഹർ ജില്ലയിൽ വലിയ കലാപശ്രമമാണ‌് സംഘപരിവാർ നടത്തുന്നത‌്.
നവംബർ 20 ന‌് ഖുർജയിൽ പശുക്കളെ കൂട്ടമായി കൊന്നുവെന്ന കുപ്രചാരണം പരിവാർ സംഘടനകൾ നടത്തിയിരുന്നു. ഖുർജയിൽ വിപുലമായ സൗഹൃദസദസ്സ‌് വിളിച്ചുചേർത്ത‌് കുപ്രചാരണങ്ങളെ ദുർബലപ്പെടുത്താൻ സിപിഐ എമ്മിനായി. ചിങ‌്‌രാവഡിയിലും സമാനമായ ആസൂത്രണമാണ‌് നടന്നത‌്. എന്നാൽ ഇൻസ‌്പെക്ടർ കൊലചെയ്യപ്പെട്ടതോടെ സംഘപരിവാറിന‌് കാര്യങ്ങൾ കൈവിട്ടു–- ധരംപാൽ സിങ‌് പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top