ന്യൂഡൽഹി
അദാനി ഗ്രൂപ്പ് തട്ടിപ്പ് സംബന്ധിച്ച് അന്വേഷണത്തിനോ ചർച്ചയ്‌ക്കോ കേന്ദ്രസർക്കാർ തയ്യാറാകാത്തതിനെത്തുടർന്നുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരു സഭയും സ്‌തംഭിച്ചു. അദാനിഗ്രൂപ്പിന്റെ തട്ടിപ്പ് വെളിപ്പെടുത്തിയ ഹിൻഡൻബർഗ് റിപ്പോര്‍ട്ടില്‍ ഉചിത അന്വേഷണം വേണമെന്നും വിഷയം സഭനിര്‍ത്തിവച്ച് ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷഅംഗങ്ങള്‍ നല്‍കിയ നോട്ടീസ് സഭാധ്യക്ഷന്‍ തള്ളിയതോടെ രാജ്യസഭ പ്രതിഷേധത്തിൽ മുങ്ങി. എളമരം കരീം, എ എ റഹിം (സിപിഐ എം), ബിനോയ് വിശ്വം, പി സന്തോഷ്‌കുമാർ (സിപിഐ), മല്ലികാർജുൻ ഖാർഗെ (കോൺഗ്രസ്), തിരുച്ചി ശിവ (ഡിഎംകെ), പ്രിയങ്ക ചതുർവേദി (ശിവസേന), സഞ്‌ജയ് സിങ് (എഎപി), ഡോ. കെ കേശവറാവു (ടിആർഎസ്) എന്നിവരാണ് ചട്ടം 267 പ്രകാരം നോട്ടീസ് നല‍്കിയത്. ഉച്ചയ്‌ക്ക് രണ്ടുവരെ പിരിഞ്ഞശേഷം വീണ്ടും ചേർന്നപ്പോഴും പ്രതിഷേധം തുടർന്നതോടെ വെള്ളിയാഴ്‌ച ചേരാനായി രാജ്യസഭ പിരിഞ്ഞു.
ചര്‍ച്ച ആവശ്യപ്പെട്ട് എം ആരിഫ് (സിപിഐ എം), മാണിക്കം ടാഗോർ (കോൺഗ്രസ്), കനിമൊഴി (ഡിഎംകെ), മെഹുവ മൊയ്‌ത്ര (തൃണമൂൽ) എന്നിവർ നൽകിയ നോട്ടീസ് തള്ളിയതോടെ ലോക്‌സഭയും സ്‌തംഭിച്ചു. രാവിലെ പ്രതിപക്ഷകക്ഷി നേതാക്കളുടെ യോഗം ചേർന്ന് വിഷയം ശക്തമായി സഭയിൽ ഉന്നയിക്കാൻ തീരുമാനിച്ചിരുന്നു. വെള്ളിയാഴ്‌ചയും പ്രതിപക്ഷം സംയുക്ത യോഗം ചേരും.
ഹിൻഡൻബർഗ് വെളിപ്പെടുത്തൽ വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും തട്ടിപ്പിനെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കാത്തത് ഇതിൽ സർക്കാരിന് പങ്കുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്‌ഘടനയെ ബാധിക്കുന്ന തട്ടിപ്പാണ് നടന്നത്. ഇതേപ്പറ്റി സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ഏതായാലും ഉചിതമായ അന്വേഷണം അനിവാര്യമാണ്–- എളമരം കരീം പറഞ്ഞു.
അദാനിയുടെ ചെന്നൈയിലെ കെട്ടിടം പൊളിക്കാൻ സുപ്രീംകോടതി
ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ കെട്ടിടം പൊളിക്കാനുള്ള 2020ലെ ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവ് ശരിവച്ച് സുപ്രീംകോടതി. തീരദേശ നിയമം ലംഘിച്ച് ചെന്നൈ തൊണ്ടിയാർപെട്ടിൽ നിർമിച്ച കെട്ടിടമാണ് പൊളിക്കുന്നത്. അദാനി വിൽമർ ലിമിറ്റഡിന്റെയും കെടിവി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ കെടിവി ഓയിൽ മിൽസ് ആൻഡ് കെടിവി ഹെൽത്ത് ഫുഡ്‌സിന്റെ സംഭരണകേന്ദ്രമാണിത്.
ജസ്‌റ്റിസ് കെ എം ജോസഫ്, ബി വി നാഗരത്ന, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് കെട്ടിടം പൊളിക്കാൻ ആറുമാസം സമയം അനുവദിച്ചു. സംരക്ഷിത തീരമേഖലയിൽ കെട്ടിടം നിർമിച്ചത് ചട്ടലംഘനമാണെന്ന് കാട്ടി ഹരിത ട്രിബ്യൂണൽ ആദ്യ കെട്ടിടം പൊളിക്കാൻ ആദ്യം ഉത്തരവിട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..