24 August Saturday

ഉന്നാവിൽ വീണ്ടും പീഡനക്കൊല; 12കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jun 22, 2019

സാഫിപുർ> ആസിഫാക്ക് പിന്നാലെ ഉത്തർപ്രദേശിലെ ഉന്നാവോയില്‍ 12 വയസുകാരിയായ ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. പിതാവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന ബാലികയെയാണ് തട്ടികൊണ്ടുപോയത്. ലൈംഗീകമായി പീഡിപ്പിച്ചശേഷം കട്ട കൊണ്ട് തല അടിച്ചു തകർത്ത നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഉത്തർപ്രദേശിലെ ഉന്നാവ ജില്ലയിലെ സഫിപുർ കൊട്‌വലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

വെള്ളിയാഴ്ച വീടിന് പുറത്തായുള്ള ചെറിയ കെട്ടിടത്തില്‍ പിതാവിനൊപ്പം ഉറങ്ങുമ്പോഴാണ് കുട്ടിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോകുന്നത്. പിന്നീട് കുട്ടിയ്ക്കായി തിരച്ചില്‍ നടത്തുകയും ഗ്രാമത്തിന് പുറത്തുള്ള ഒരിടത്തുനിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. കുട്ടി കൊലപ്പെടുന്നതിന് മുന്‍പ് ക്രൂരമായ ലൈംഗിക ആക്രമണത്തിന് ഇരയായതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഡോക്ടര്‍മാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

രാവിലെ ഉറക്കമുണർന്നപ്പോൾ പെൺകുട്ടിയെ കാണാതായപ്പോൾ പ്രഭാത കര്‍മത്തിനായി പെണ്‍കുട്ടി പോയിരിക്കാമെന്നാണ് പിതാവ് കരുതിയത്. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ ലൈംഗിക ഭാഗങ്ങളില്‍ ഗുരുതരമായ മുറിവുകള്‍ ഉണ്ട്. സംഭവത്തിന് പിന്നില്‍ അയല്‍വാസിയാണെന്നാണ് സംശയമെന്ന് പൊലീസ് പറഞ്ഞു. തിരച്ചിലിനായി ഡോഗ് സ്‌ക്വാഡ് വന്നപ്പോള്‍ അയല്‍വീട്ടില്‍ നിന്നും ഒരാള്‍ ഓടിപ്പോകുന്നത് കണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ഉടന്‍ തന്നെയുണ്ടാകുമെന്നും ഉന്നാവോ എസ്പി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top