29 May Friday

കോൺഗ്രസ്‌ കുറ്റകരമായ നിശ്‌ബ്‌ദത പാലിക്കുമ്പോൾ , അത്‌ കേവലമൊരു കൂടിക്കാഴ്‌ച മാത്രമല്ല:പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019

ജമ്മു കാശ്‌മീരിനെ വെട്ടിമുറിച്ച കേന്ദ്രം തടവിലാക്കിയ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം യൂസഫ്‌ തരിഗാമിയെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സന്ദർശിച്ചത്‌ കേവലമൊരു കൂടികാഴ്‌ച മാത്രമല്ലെന്നും അതിനപ്പുറമുള്ള മാനങ്ങൾ അതിനുണ്ടെന്നും പി രാജീവ്‌. സാധ്യമായ എല്ലാവഴികളും തേടി ഹേബിയസ് കോർപ്പസ് ഹർജി നൽകി സുപ്രീംകോടതിയിൽനിന്ന്‌ സന്ദർശനാനുമതിതേടിയാണ്‌ യെച്ചുരി അവിടെ എത്തിയത്‌. ഭരണഘടനാ ലംഘനം നടക്കുമ്പോഴും കുറ്റകരമായ നിശബ്‌ദത പുലർത്തുന്ന  കോൺഗ്രസ്‌ ഇത്‌ കാണണമെന്നും സിപിഐ എം സംസ്‌ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ്‌ ഫേസ്‌ബുക് പോസ്‌റ്റിൽ പറഞ്ഞു.

പോസ്‌റ്റ്‌ ചുവടെ

ഒടുവിൽ സി പി ഐ എം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യച്ചൂരി സഖാവ് തരി ഗാമിയെ കണ്ടു. കേവലമൊരു കൂടിക്കാഴ്ച്ചക്ക് അപ്പുറമുള്ള മാനങ്ങളുണ്ടതിന്. ജമ്മു കാശ്മീരിനെ വെട്ടിമുറിച്ച നടപടിക്കൊപ്പം തരി ഗാമിയെ വീട്ടുതടങ്കലിലാക്കി. അദ്ദേഹത്തെ സന്ദർശിക്കാനുള്ള സീതാറാം യച്ചൂരിയുടെ മൂന്നാമത്തെ ശ്രീനഗർ യാത്രയായിരുന്നു കഴിഞ്ഞ ദിവസത്തേത് . ആദ്യ രണ്ടു യാത്രകളിലും വിമാനത്താവളത്തിൽ നിന്ന് മടക്കി അയക്കപ്പെട്ടു.

എന്നാൽ, സീതാറാം സാധ്യമായ എല്ലാ വഴികളും നോക്കി. സുപ്രീം കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലൂടെയാണ് ഇപ്പോൾ സന്ദർശന അനുമതി നേടിയത്. സാധാരണ ഇത്തരം ഘട്ടങ്ങളിൽ വ്യക്തിയെ കോടതിയിൽ ഹാജരാക്കുകയാണ് പതിവ്.

കാശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഭാഗമായി കണ്ട്, അവിടത്തെ ജനങ്ങളുടെ അവകാശങ്ങൾക്കായി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് തരി ഗാമി. പാകിസ്ഥാൻ പിന്തുണയോടെ അതിർത്തി കടന്ന് വരുന്ന ഭീകരവാദത്തിന്റെ എക്കാലത്തേയും നോട്ടപ്പള്ളിയായിരുന്നു തരി ഗാമി. അവരുടെ ആക്രമണങ്ങളിൽ നിന്നും പല തവണ തലമുടി നാരിഴക്ക് രക്ഷപ്പെട്ടു. എന്നാൽ, അടുത്ത ബന്ധുക്കളുടെ ജീവൻ നഷ്ടപ്പെട്ടു. പക്ഷേ, തരി ഗാമി ഭീകരവാദത്തിനെതിരെ പൊരുതി കൊണ്ടേയിരുന്നു. ഇന്ത്യയുടെ ഭരണഘടന ഉയർത്തിപ്പിടിച്ചു. കാശ്ശിർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് ആർട്ടിക്കിൾ 3 ൽ പ്രഖ്യാപിച്ച കാശ്മീർ ഭരണഘടനയുടെ അന്തസത്തക്ക് ഒപ്പം നിന്നു. വർഗീയ വിഭജനങ്ങൾക്കായുള്ള ശ്രമങ്ങളെ പ്രതിരോധിച്ചു. കത്വ വിഷയം ലോകത്തിന്റെ മുമ്പിലെത്തിച്ചതിൽ നിയമസഭയിൽ തരി ഗാമി നടത്തിയ പ്രസംഗം പ്രധാന പങ്ക് വഹിച്ചു. ഭീകരവാദത്തിനെതിരെയും കാശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാക്കി നിർത്തുന്നതിനും ആ നാടിനെയും ജനങ്ങളും സമാധാനത്തിന്റെ നാളുകളിൽ ജീവിക്കുന്നവരാക്കി മാറ്റാനും നിരന്തരം പ്രവർത്തിക്കുന്ന ഒരാളെ തടവിലാക്കി എങ്ങനെയാണ് ജനങ്ങളെ ഒപ്പം നിർത്തുന്നത്.

ഇത്തരം നിരവധി ചോദ്യങ്ങൾ സീതാറാം യച്ചൂരിയുടെ സന്ദർശനം ഉയർത്തുന്നുണ്ട്. സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം അദ്ദേഹം കോടതിയുടെ അനുമതിയോടെ തന്നെ ജനങ്ങളോടും സംസാരിക്കുമായിരിക്കും.

രാജ്യസഭയുടെ പ്രതിപക്ഷ നേതാവു കൂടിയായ ഗുലാം നബി ആസാദിന് തന്റെ മണ്ഡലമായ ജമ്മു കാശ്മീരിൽ പോകാൻ അനുമതി നൽകിയില്ല. അദ്ദേഹം ജമ്മു - കാശ്മീരിന്റെ മുൻ മുഖ്യമന്ത്രി മാത്രമല്ല, 2015 മുതൽ ജമ്മു കാശ്മീരിനെ പ്രതിനിധാനം ചെയ്യുന്ന രാജ്യസഭ അംഗമാണ്. അദ്ദേഹത്തിന്റെ മണ്ഡലം തെരഞ്ഞെടുത്തയച്ച ജമ്മു-കാശ്മീരാണ്. അവിടെ സന്ദർശിക്കാൻ അനുവദിക്കാത്തത് ഭരണഘടനാ ലംഘനവും പാർലമെന്റ് അംഗമെന്ന നിലയിലുള്ള അവകാശത്തിന്റെ ലംഘനവുമാണ്. എന്നാൽ, എത്രമാത്രം കുറ്റകരമായ നിശബ്ദതയാണ് കോൺഗ്രസ് നടത്തിയത്.

കൂടുതൽ ശക്തമായി ജനത ഒപ്പം നിൽക്കേണ്ടതുണ്ട്. ഇന്ത്യയുടെ അഭ്യന്തര വിഷയത്തെ , പാകിസ്ഥാൻ ആയുധമാക്കാൻ ശ്രമിക്കുന്ന സന്ദർഭത്തിൽ , ജമ്മു കശ്മീരിലെ ജനങ്ങളെ ഒപ്പം നിർത്താൻ ശ്രമിക്കേണ്ട നടപടികൾക്ക് പകരം അന്യവൽക്കരണത്തിന്റെ രീതികൾ സ്വീകരിക്കുന്നുവെന്നത് അഭികാമ്യമല്ല. അതാണ് കേന്ദ്രം പിന്തുടരുന്നത്. ഭൂപ്രദേശത്തിന്റെ അതിരുകൾ മാത്രമല്ല രാഷ്ട്രത്തെ നിർണ്ണയിക്കുന്നത്, ജനതയുടെ ഐക്യമാണ്.


പ്രധാന വാർത്തകൾ
 Top