23 March Saturday

ജനറല്‍ ആശുപത്രിയുടെ ഊട്ടുപുര പദ്ധതിയിലേക്ക് എം എ യൂസഫലി ഒരു കോടി രൂപ സംഭാവന നല്‍കി: പി രാജീവ് തുടക്കമിട്ട പദ്ധതി മുടങ്ങാതെ പിന്നിട്ടത് രണ്ടുവര്‍ഷം

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

കൊച്ചി>എറണാകുളം ജനറൽ ആശുപത്രിയിലെ കിടപ്പുരോഗികൾക്ക് രോഗാവസ്ഥയ്ക്കനുസരിച്ചുള്ള ഭക്ഷണം സൗജന്യമായി അവരുടെ കിടക്കയ‌്ക്കരികിലെത്തിക്കുന്ന ‘ഊട്ടുപുര' പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഒരുകോടി രൂപ സംഭാവന ചെയ്തു. ഒരുകോടി രൂപയുടെ ചെക്ക് കലക്ടർ കെ മുഹമ്മദ് വൈ സഫിറുള്ളയ്ക്ക് ലുലു ഗ്രൂപ്പ് ഡയറക്ടർ എം എ നിഷാദ്, ലുലു ഗ്രൂപ്പ് മാനേജർ പീതാംബരൻ, ലുലു ഗ്രൂപ്പ് മീഡിയ കോ﹣ഓർഡിനേറ്റർ എൻ ബി സ്വരാജ് എന്നിവർ ചേർന്ന് കൈമാറി.

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം പി രാജീവിന്റെ അഭ്യർഥനയെത്തുടർന്നാണ‌് യൂസഫലിയുടെ സംഭാവന . പ്രിൻസിപ്പൽ അഡ്വൈസർ ജുനൈദ് റഹ്മാൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി രാജീവ്, ഐഎംഎ പ്രസിഡന്റ് ഡോ. വർഗീസ് ചെറിയാൻ, എച്ച്എംസി അംഗം സി രാധാകൃഷ്ണൻ, ഡോ. ഹരീഷ്, ബ്രദർ പീറ്റർ എന്നിവർ പങ്കെടുത്തു. ആശുപത്രി സൂപ്രണ്ട‌് ഡോ. അനിത സ്വാഗതവും ഡെപ്യൂട്ടി സൂപ്രണ്ട‌് ആശ നന്ദിയും പറഞ്ഞു.

2011 നവംബർ ഒന്നുമുതൽ മുടങ്ങാതെ ജനറൽ ആശുപത്രിയിൽ ഊട്ടുപുര പദ്ധതി നടപ്പാക്കുന്നുണ്ട്. പി രാജീവിന്റെ എംപി ഫണ്ടിൽനിന്ന് 15 ലക്ഷവും ബിപിസിഎലിന്റെ 10 ലക്ഷവും ആശുപത്രി വികസനസമിതിയുടെ അഞ്ചുലക്ഷവും ഉൾപ്പെടെ 30 ലക്ഷംരൂപ മൂലധനത്തിലാണ് പദ്ധതി ആരംഭിച്ചത‌്. പിന്നീട് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പിന്തുണയോടെ പദ്ധതി മുന്നോട്ടുപോയി. തുടങ്ങിയ നാൾമുതൽ ഊട്ടുപുര പദ്ധതിയുടെ 50 ശതമാനം ചെലവുവഹിക്കുന്നത് ബ്രദർ പീറ്ററാണ്. അദ്ദേഹം സാധാരണക്കാരിൽനിന്നാണ് പണം കണ്ടെത്തുന്നത്. രണ്ടുമാസം മുമ്പ് പദ്ധതി പ്രതിസന്ധിയിലായപ്പോൾ പി രാജീവ് ഇതേപ്പറ്റി എം എ യൂസഫിലോട് സംസാരിച്ചു. ഇതേത്തുടർന്നാണ് പദ്ധതിക്കായ് ഒരുകോടി രൂപ സംഭാവന ചെയ്യാൻ യൂസഫലി തയ്യാറായത്.

ചടങ്ങിനുശേഷം ‘ആർട്‌സ് ആൻഡ് മെഡിസിൻ' അരങ്ങേറി. അരയ്ക്കുകീഴെ തളർന്ന കലാകാരന്മാരുടെ സംഘടനയായ ഫ്രീഡം ഓൺ വീൽസാണ് ഇത്തവണ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സംഗീതത്തിലൂടെ ആശ്വാസമേകാൻ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിയത്. ഫ്രീഡം ഓൺ വീൽസ് കോ﹣ഓർഡിനേറ്റർ ശരത‌് പടിപ്പുര, ഉണ്ണി മാക്‌സ് കൂത്താട്ടുകുളം, ധന്യ മൂവാറ്റുപുഴ, സജി വാഗമൺ, മാർടിൻ നെട്ടൂർ, മുഹമ്മദ് ഫഹൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഇതിനിടയിൽ യൂണിവേഴ്‌സൽ റെക്കോഡ് ഫോറത്തിന്റെയും റെക്കോഡ് സെക്ടറിന്റെയും റെക്കോഡ് ഉടമയായ അഞ്ജു റാണി ജാർ ലിഫ്റ്റിങ് പ്രകടനം കാഴ‌്ചവച്ചു. ഇരുകൈയിലെയും തള്ളവിരലും ചൂണ്ടുവിരലും മാത്രം ഉപയോഗിച്ച് ഒന്നരക്കിലോവീതമുള്ള ജാർ ഉയർത്തിപ്പിടിച്ചായിരുന്നു അഞ്ജുവിന്റെ പ്രകടനം. തുടർന്ന് മിറർ റൈറ്റിങ് പ്രകടനവും അഞ്ജു നടത്തി.

ഊട്ടുപുര പദ്ധതിയെപ്പറ്റി പി രാജീവിന്റെ ഫേസ് ബുക്ക് പോസ്റ്റ്‌ ചുവടെ:

ജനറൽ ആശുപത്രിയിലെ ഊട്ടുപ്പുരക്ക് ലുലു ഗ്രൂപ്പിന്റെ ചെയർമാൻ ശ്രീ യൂസഫലി ഒരു കോടി രൂപ നൽകി. റംസാൻ മാസത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന സ്നേഹ സമ്മാനമാണ് ശ്രീ യൂസഫലി നൽകിയത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിയും പട്ടിണി കിടക്കില്ലെന്ന ഉറപ്പാണ് അദ്ദേഹം നൽകിയത്. ആവശ്യപ്പെട്ട സന്ദർഭത്തിൽ ഒരു കോടി രൂപ നൽകാമെന്ന് പറയുകയാണ് ചെയ്തത്.

ജനറൽ ആശുപത്രിയിലെ മുഴുവൻ രോഗികൾക്കും ഡയറ്റീഷ്യൻ ശുപാർശ ചെയുന്ന ഭക്ഷണം രോഗികളുടെ അടുത്ത് എത്തിച്ച് സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി സുമനസ്സുകളുടെ സഹായത്തോടെയാണ് നടക്കുന്നത്. എം പി ആയിരിക്കുന്ന സന്ദർഭത്തിൽ 2011 നവംബറിലാണ് ഊട്ടുപ്പു ര തുടങ്ങുന്നത്.. 30 ലക്ഷം രൂപ ചെലവഴിച്ച് കേന്ദ്രീകൃത അടുക്കള തുടങ്ങി. ഭക്ഷണത്തിനായി ആദ്യത്തെ സഹായം ജസ്റ്റിസ് വി ആർ കൃഷ്ണയ്യരാണ് നൽകിയത്. ഹരീഷ് സാൽവേ അദ്ദേഹത്തിനു നൽകിയ ജന്മദിന സമ്മാനത്തിൽ നിന്ന് 2 ലക്ഷം രൂപയുടെ ചെക്ക് നൽകി. മഹാനടൻ മോഹൻലാലിനോട് അഭ്യർത്ഥിച്ചപ്പോൾ 10 ലക്ഷം രൂപ നൽകി . പ്രമുഖ വിദേശ മലയാളി സി കെ മേനോൻ 25 ലക്ഷം രൂപ നൽകി . ഇപ്പോഴിതാ ശ്രീ യൂസഫലി ഒന്ന കോടി രൂപ നൽകിയിരിക്കുന്നു. ഒരു ദിവസം 50000 രൂപയാണ് ചെലവ്. സ്കൂൾ കുട്ടികൾ നൽകിയ 500 രൂപ മുതലുള്ള സഹായങ്ങളാണ് ഒരു ദിവസം പോലും മുടങ്ങാതെ ഈ സംരംഭം മുന്നോട്ടു കൊണ്ടു പോകുന്നത്. കഴിഞ്ഞ 2 വർഷമായി ഐ എം എ ഇതിനുള്ള ഫണ്ട് ശേഖരണത്തിനായി സംഗീതനിശ നടത്തുന്നുണ്ട്. ഇത്തവണ പ്രശസ്ത സംഗീത സംവിധായകൻ ബിജി പാലിന്റെ നേതൃത്വത്തിൽ പ്രതിഫലം വാങ്ങാതെ പരിപാടി നടത്തി.

ഊട്ടുപ്പുരയുടെ നടത്തിപ്പിൽ സമർപ്പണത്തോടെ പ്രവർത്തിക്കുന്ന പ്രധാന വ്യക്തി പീറ്ററേട്ടനാണ്. സ്വന്തം വീട്ടിൽ നിന്നും പൊതിച്ചോറ് രോഗികൾക്ക് നൽകിയാണ് പിറ്ററേട്ടൻ സന്നദ്ധ പ്രവർത്തനം തുടങ്ങിയത്. ഡോക്ടർ ജുനൈദ് വിരമിച്ചിട്ടും സമർപ്പണത്തോടെ നേതൃത്വം നൽകുന്നു .ഡോക്ടർ ഹനീഷ്, ഡോക്ടർ മധു , സൂപ്രണ്ട് ഡോക്ടർ അനിത ഡയറ്ററി വിഭാഗം, കുടുംബശ്രീ ....ഇനിയുമേറെ പേർ കൂട്ടായ്മയോടെ പ്രവർത്തിക്കുന്നു..

വീട്ടിൽ വിവാഹം തുടങ്ങിയ ആഘോഷസന്ദർഭങ്ങളിൽ 50000 രൂപയുടെ ചെക്ക് ആശുപത്രി സൂപ്രണ്ടിന്റെ പേരിൽ നൽകിയാൽ നിങ്ങൾക്കും ഇതിൽ കണ്ണിയാകാം.

 

 

പ്രധാന വാർത്തകൾ
 Top