29 February Saturday
കേരളത്തിൽ തടങ്കൽപ്പാളയം ഉയരില്ല

ആർഎസ്‌എസിന്റെ നിയമം കേരളത്തിൽ നടപ്പിലാക്കാമെന്ന്‌ കരുതണ്ട; ജർമ്മനിയിൽ ഹിറ്റ്‌ലർ എങ്കിൽ ഇവിടെ ആർഎസ്‌എസ്‌ - മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jan 17, 2020

മലപ്പുറം
ദേശീയ ജനസംഖ്യാ രജിസ്‌റ്ററിന്റെ വിവരശേഖരണത്തിന്‌ ഒരു എന്യൂമറേറ്ററും  വീടുകളിലെത്തില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇവിടെ ഒരു തടങ്കൽ പാളയവും ഉയരില്ല. ജനങ്ങളർപ്പിച്ച വിശ്വാസം ഉത്തരവാദിത്തത്തോടെ നിറവേറ്റും.  ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യാ രജിസ്‌റ്ററും ദേശീയ പൗരത്വ രജിസ്‌റ്ററും കേരളത്തിൽ  നടപ്പാക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു. മലപ്പുറം കിഴക്കേത്തലയിൽ ഭരണഘടനാ സംരക്ഷണറാലി ഉദ്‌ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പൗരത്വ ഭേദഗതിക്കുപിന്നിലെ ചതിക്കുഴിയാണ്‌ ദേശീയ പൗരത്വ രജിസ്‌റ്റർ. മുസ്ലിങ്ങളെ മാത്രമല്ല, രാജ്യത്തെ പാവങ്ങളെയാകെ ലക്ഷ്യമിടുന്നതാണിത്‌. ജനങ്ങളെ ഭിന്നിപ്പിക്കാൻ ചിലർ വിവിധ മാർഗങ്ങൾ തേടുകയാണ്‌. രാജ്യം ഒരു ഘട്ടത്തിലും ഇതംഗീകരിക്കില്ല.

ഉത്ഭവ കാലംമുതലേ വിവിധ മതങ്ങൾ എത്തിയ രാജ്യമാണ്‌ നമ്മുടേത്‌. ആ പാരമ്പര്യം കളഞ്ഞുകുളിക്കരുത്‌. ബ്രിട്ടീഷുകാർക്കെതിരെ ഒരക്ഷരം ഉരിയാടാത്ത ആർഎസ്‌എസ്‌ അതിനുമുമ്പുള്ള മുഗളന്മാരെയാണ്‌ കുറ്റം പറയുന്നത്‌. എന്നാൽ ഉപനിഷത്ത് തർജമ ചെയ്‌ത അക്‌ബറെയും ഷാജഹാന്റെ മകൻ ദാരാ ഷുക്കോവിനെയുംകുറിച്ച്‌ മൗനംപാലിക്കുന്നു.


 

സവർക്കറെപ്പോലെ ബ്രിട്ടീഷുകാരുടെ തൃപ്പാദം സേവിച്ചോളാമെന്ന്‌ പറഞ്ഞ്‌ മാപ്പെഴുതിയവരല്ല ഈ നാട്ടിലെ മുസ്ലിങ്ങളടക്കമുള്ള സ്വാതന്ത്ര്യ പോരാളികൾ. മുസ്ലിങ്ങളുടെ പൗരത്വം തെരഞ്ഞുപോകുന്നവർ വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയും കൂട്ടരും ബ്രിട്ടീഷുകാരോട് ധീരമായി പൊരുതിവീണ കോട്ടക്കുന്നിന്റെ ചെരിവിലേക്ക്‌ പോകണം. കണ്ണ് മൂടിക്കെട്ടരുതെന്നും നേർക്കുനേരെ നിന്ന്‌ വെടിയുതിർക്കണമെന്നുമാണ്‌ വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്ഹാജി ബ്രിട്ടീഷ്‌ പട്ടാളത്തോട്‌ ആവശ്യപ്പെട്ടത്‌. അത്തരം വീരന്മാർ സ്വാതന്ത്ര്യസമരത്തിന്‌ നേതൃത്വം നൽകിയ നാടാണിത്.  അമിത്‌ ഷായ്‌ക്ക്‌ ഇവിടത്തെ ആർഎസ്‌എസുകാർ അത്‌ പറഞ്ഞുകൊടുക്കണം.

  മമ്പുറം തങ്ങളും കോന്തുണ്ണി നായരും ചങ്ങാതിമാരായി നടന്ന നാടാണ്‌ മലപ്പുറം. കുഞ്ഞാലി മുസ്ലിയാരും മങ്ങാട്ടച്ചനും ഒന്നിച്ച, ബ്രഹ്മദത്തൻ നമ്പൂതിരിയും ആലി മുസ്ലിയാരും കൈകോർത്ത്‌ പടപൊരുതിയ മണ്ണ്‌. കട്ടിലശേരി മുഹമ്മദ്‌ മുസ്ലിയാരും എം പി നാരായണമേനോനും ഒരുമിച്ച്‌ ജയിലിലടക്കപ്പെട്ട നാട്‌. 1921ലെ സ്വാതന്ത്ര്യസമരത്തിനുശേഷം ദേശദ്രോഹികളെന്ന്‌ മുദ്രകുത്തി പട്ടാളം മുസ്ലിങ്ങളെ പീഡിപ്പിച്ചപ്പോൾ അതിനെതിരെ  ബ്രിട്ടീഷുകാർക്ക്‌ കത്തെഴുതിയ പി എസ്‌ വാരിയരുടെ നാട്‌. ഇവിടെനിന്ന്‌ ആർക്കും ഹിന്ദുവിനെയും മുസ്ലിമിനെയും രണ്ടായി പിരിക്കാനാകില്ല. മതനിരപേക്ഷതയുടെ ഉറച്ച കോട്ടയാണ്‌ കേരളം–- മുഖ്യമന്ത്രി പറഞ്ഞു.  സമസ്‌ത കേരളാ ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top