31 May Sunday

ഈ മനോഘടന മാറ്റണം:സ്ത്രീകളെ ഡ്രൈവര്‍മാരാക്കുന്നതിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019

തിരുവനന്തപുരം> സ്ത്രീകളെ സര്‍ക്കാര്‍ ഡ്രൈവര്‍മാരായി നിയമിക്കാന്‍ തീരുമാനിച്ചപ്പോള്‍ 'ഡ്രൈവര്‍ ആരെന്നു നോക്കിയേ ഇനി വണ്ടിയില്‍ കയറാവൂ എന്നു പറഞ്ഞവരുണ്ട്. രാത്രിയില്‍ ഇവരെ എങ്ങനെ ഡ്രൈവിങ്ങിനു നിയോഗിക്കും' എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചവരുടെ മനോഘടന മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

''ഗുണകരമായ ഒരു കാര്യത്തെപ്പോലും ആ നിലയില്‍ അംഗീകരിക്കാന്‍ കഴിയാത്ത വിധത്തില്‍ മാറിപ്പോവുന്നു നമ്മുടെ സമൂഹത്തിന്‍റെ മനോഘടന. ഇതിനെ ശരിയാക്കിയെടുക്കുക എന്നത് വലിയ ഒരു വെല്ലുവിളിയാണ്. ആ വെല്ലുവിളിയാണ് സത്യത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്''. ഏഷ്യാനെറ്റിന്റെ സ്ത്രീ ശക്തി പുരസ്ക്കാരം മന്ത്രി കെ കെ ശൈലജയ്ക്ക് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീയെ വാഴ്ത്തിക്കൊണ്ടുതന്നെ ചവിട്ടിത്താഴ്ത്തുന്ന ഒരു രീതി പുരുഷമേധാവിത്വത്തിന്‍റെ സംസ്കാരം ഇവിടെ സൃഷ്ടിച്ചിട്ടുണ്ട്. 'നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതീ'എന്ന സ്മൃതിസങ്കല്‍പം തന്നെ ഇതിനുദാഹരണമാണ്. സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല എന്നാണല്ലോ ഈ നീതിസൂക്തത്തിന്‍റെ അര്‍ത്ഥം.ഇതു പറയുമ്പോള്‍ ചിലര്‍ ഒരു മറുവാദം ഉന്നയിക്കാറുണ്ട്. ബാല്യത്തില്‍ അച്ഛന്‍റെയും യൗവ്വനത്തില്‍ ഭര്‍ത്താവിന്‍റെയും വാര്‍ധക്യത്തില്‍ മകന്‍റെയും സംരക്ഷണത്തില്‍ സ്ത്രീയെ നിലനിര്‍ത്തുന്ന കാഴ്ചപ്പാട് എങ്ങനെ സ്ത്രീവിരുദ്ധമാകും എന്നാണ് അവര്‍ ചോദിക്കുന്നത്.

ഇതിലെ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ നമുക്കു മനസ്സിലാവുന്നതെന്താണ്? സ്ത്രീ ആരുടെയെങ്കിലുമൊക്കെ നിഴലായി മാത്രം വീട്ടിനുള്ളില്‍ കഴിഞ്ഞുകൊള്ളണം എന്നതാണ്. ഇതുകൊണ്ടുതന്നെയാണ് പ്രത്യക്ഷത്തില്‍ സ്ത്രീയെ വാഴ്ത്തുന്നു എന്നു തോന്നുന്ന സൂക്തം പോലും സ്ത്രീവിരുദ്ധമാവുന്നത്. സ്ത്രീയെ വിധേയയാക്കി നിര്‍ത്തുന്നു എന്നു പറയേണ്ടിവരുന്നത്.

സമൂഹത്തില്‍ പുരുഷനു പിന്നിലല്ല സ്ത്രീ. ബൗദ്ധികമായി തന്‍റെ കാലത്തെ പുരുഷന്മാരെയാകെ പിന്നിലാക്കിയിട്ടുള്ള എത്രയോ സ്ത്രീ മാതൃകകളെ ചരിത്രം നമുക്കുമുമ്പില്‍ അവതരിപ്പിച്ചിരിക്കുന്നു. രാഷ്ട്രീയരംഗത്തും സാഹിത്യരംഗത്തും ശാസ്ത്രരംഗത്തുമെല്ലാമുണ്ട് അത്തരം മാതൃകകള്‍. എന്നിട്ടും അതിനെ അംഗീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് പുരുഷമേധാവിത്വ മനോഘടന കൊണ്ടുമാത്രമാണ്. ഇതിനെതിരായ നിലപാടുകളുമായാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ മുമ്പോട്ടുപോകുന്നത്.

സ്ത്രീകള്‍ക്ക് എല്ലാ മേഖലകളിലും തുല്യപങ്കാളിത്തം നല്‍കുക എന്നതാണ് സര്‍ക്കാരിന്‍റെ നയം. ഇതുപ്രകാരം എത്രയോ കാര്യങ്ങള്‍ ചെയ്തു. വനിതകള്‍ക്കു മാത്രമായി ഒരു വകുപ്പ് ആരംഭിച്ചു. പൊലീസില്‍ വനിതാ ബറ്റാലിയന്‍ ഏര്‍പ്പെടുത്തി. ഫയര്‍ഫോഴ്സില്‍ ഫയര്‍ വുമണ്‍ തസ്തിക ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ ഡ്രൈവര്‍മാരായി വനിതകളെ നിയമിക്കാന്‍ തീരുമാനമായി-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
 


പ്രധാന വാർത്തകൾ
 Top