15 January Friday

കർഷകർക്ക്‌ ഇനി ക്ഷേമനിധി; ബോർഡ്‌ രൂപീകരിച്ചുള്ള ബിൽ പാസായി, അവകാശ ലാഭത്തിനും അർഹത

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2019

തിരുവനന്തപുരം > കേരളത്തിലെ കർഷകർക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്ന സുപ്രധാന ബിൽ നിയമസഭ പാസാക്കി. 2018-ലെ കേരള കർഷക ക്ഷേമനിധി ബില്ലാണ്‌  പാസാക്കിയത്‌. കർഷകർക്ക് "അവകാശ ലാഭം' ലഭ്യമാക്കുന്നുവെന്നതാണ് ഈ ക്ഷേമനിധിയുടെ പ്രധാന പ്രത്യേകത.

കാർഷികോത്പന്നങ്ങൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റി വ്യാപാരം നടത്തുന്ന ഓരോ വ്യാപാരിയും ഒരു വർഷത്തെ ലാഭത്തിന്റെ ഒരു ശതമാനം വരുന്ന തുക കാർഷിക ഇൻസെന്റീവായി ബോർഡിലേക്ക് നൽകണം. രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് കൂടി മാതൃകയാണ് കർഷക ക്ഷേമനിധി ബോർഡെന്ന് ബിൽ അവതരിപ്പിച്ച മന്ത്രി വി എസ്‌ സുനിൽകുമാർ പറഞ്ഞു.

   നിയമസഭ സെലക്റ്റ് കമ്മിറ്റി വിവിധ ഭാഗങ്ങളിൽ സിറ്റിംഗ് നടത്തുകയും ജനപ്രതിനിധികൾ,കർഷക സംഘടനകൾ, കർഷകർ തുടങ്ങിയവരിൽ നിന്ന് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ച് പല ഘട്ടങ്ങളിലായുള്ള ചർച്ചകൾക്ക് ശേഷം ഭേദഗതികൾ കൂടി ഉൾപ്പെടുത്തിയാണ് സഭയിൽ ബിൽ അവതരിപ്പിച്ചത്. പദ്ധതിയുടെ ചട്ടങ്ങൾ മൂന്ന് മാസത്തിനകം രൂപീകരിക്കണം.  ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. പരമാവധി പെൻഷൻ തുകയും മറ്റ്‌ ആനുകൂല്യമടക്കമുള്ള കാര്യങ്ങൾ നിശ്ചയിക്കും. ആറുമാസത്തിനുള്ളിൽ ക്ഷേമനിധി പ്രാബല്യത്തിൽ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും സുനിൽകുമാർ വ്യക്തമാക്കി.

 
പദ്ധതിയിൽ ചേരാൻ അർഹതയുള്ളവർ

അഞ്ചു സെന്റിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും വിസ്തൃതിയുള്ള ഭൂമി സ്വന്തമായോ, പാട്ടത്തിനോ കൈവശമുള്ളവർ.
 
റബർ, കാപ്പി, തേയില, ഏലം, തോട്ടവിള എന്നിവ കൃഷി ചെയ്യുന്ന ഏഴര ഏക്കർ വരെ കൈവശമുള്ളവർ.

മൂന്നു വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവന മാർഗമായിരിക്കണം.

വാർഷിക വരുമാനം അഞ്ചു ലക്ഷത്തിൽ കൂടരുത്.

18 വയസ് പൂർത്തിയായിരിക്കണം.മറ്റ് ക്ഷേമനിധികളിൽ അംഗമാവരുത്.

ഉദ്യാനം, ഔഷധകൃഷി,നഴ്സറി,വിളകളും ഇടവിളകളും,ഫലവൃക്ഷങ്ങൾ,പച്ചക്കറി,പുല്ല്,തീറ്റപ്പുല്ല് കർഷകർ.

മത്സ്യം, അലങ്കാരമത്സ്യം,ചിപ്പി, തേനീച്ച,പട്ടുനൂൽപ്പുഴു,കോഴി, താറാവ്,കാട, ആട്,മുയൽ , കന്നുകാലി, പന്നിവളർത്തൽ.

 
ആനുകൂല്യങ്ങൾ


ക്ഷേമനിധിയിൽ അഞ്ചു വർഷത്തിൽ കുറയാതെ അംശദായം അടച്ച് അംഗമാവുകയും 60 വയസ് പൂർത്തിയാവുകയും ചെയ്തവർക്ക് പെൻഷൻ.

അടയ്ക്കേണ്ട കുറഞ്ഞ അംശാദായം പ്രതിമാസം 100 രൂപ.സർക്കാർ വിഹിതം 250 രൂപ വരെ.കൂടിയ തുക അംശാദായം അടച്ചാൽ അതിന് ആനുപാതികമായി പെൻഷൻ വർദ്ധന.

25 വർഷം അംശാദായം അടച്ചവർക്ക് ഒറ്റത്തവണയായി നിശ്ചിത തുക ലഭിക്കും.

എല്ലാ അംഗങ്ങൾക്കും ഇൻഷ്വറൻസ് പരിരക്ഷ.

സ്ഥിരമായി അവശതയനുഭവിക്കുന്നവർക്ക് സഹായം.

സ്ത്രീകളായ ആംഗങ്ങളുടെയോ പെൺമക്കളുടെയോ വിവാഹത്തിനും പ്രസവശുശ്രൂഷയ്ക്കും വിദ്യാഭ്യാസത്തിനും സഹായം.

കൃഷിയിൽ ഏർപ്പെട്ടിരിക്കെ അംഗങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ അപകടം, മരണം, വന്യജീവിആക്രമണം,വിഷബാധ എന്നിവയുണ്ടായാൽ നഷ്ടപരിഹാരം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top