മാനന്തവാടി
‘ഒരു മൺകൂന മാത്രമാണ് വീടിന്റെ സ്ഥാനത്തുള്ളത്. എല്ലാം തകർന്നടിഞ്ഞു. ഇനി ഞങ്ങൾ എവിടെ പോകും? ’ ഈ പെൺമക്കളുടെ ചോദ്യത്തിന് മുമ്പിൽ ആരും ഒന്നുപതറും. പ്രായമായ അമ്മക്കും രണ്ട് പെൺമക്കൾക്കും കേറികിടക്കാനുണ്ടായിരുന്ന ഇടം പ്രളയമെടുത്തു. 85 പിന്നിട്ട അമ്മയെ മക്കൾ വീടില്ലാതായത് അറിയിച്ചിട്ടില്ല.
മാനന്തവാടി താഴെ അങ്ങാടി തെക്കത്ത് അമ്മാളുഅമ്മയുടെയും മക്കളായ രാധയുടെയും ശോഭയുടെയും കിടപ്പാടമാണ് ഇല്ലാതായത്. ആകെയുള്ള മൂന്നരസെന്റിലായിരുന്നു വീട്. അമ്മയുടെയും മക്കളുടെയും ക്ഷേമപെൻഷനാണ് വരുമാനം. അച്ഛൻ നേരത്തേ മരിച്ചു. രാധ അവിവാഹിതയാണ്. വിവാഹിതയായ ശോഭയുടെ മക്കൾ മറ്റിടങ്ങളിലാണ് താമസം. അമ്മയോടും അനുജത്തിയോടുമൊപ്പമാണ് ഇവരും കഴിയുന്നത്. തൊട്ടടുത്ത ക്ഷേത്രത്തിൽ വിളക്കുകൾ തുടക്കാനും അടിച്ചുവാരാനും പോകുമ്പോൾ കിട്ടുന്ന ചെറിയ തുകയും ജീവിതച്ചെലവിന് ഉപയോഗിക്കുന്നു.
വ്യാഴാഴ്ച രാവിലെ പെട്ടെന്നാണ് വീട്ടിൽ വെള്ളമെത്തിയത്. സാധനങ്ങളെടുക്കാനൊന്നും സമയം കിട്ടിയില്ല. ഉടൻ തൊട്ടടുത്ത ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറുകയായിരുന്നു. പിറ്റേദിവസം വീട് തകർന്നു. കട്ടിലും കിടക്കയും സാധനങ്ങളുമെല്ലാം മണ്ണിനടിയിലായി. വീട് വീഴുമെന്നായപ്പോൾ താങ്ങ് കൊടുത്ത് സാധനങ്ങൾ എടുക്കാൻ അയൽവാസികൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഓടുമേഞ്ഞ മേൽക്കൂരയടക്കം നിലംപൊത്തി.
വെള്ളപ്പൊക്കം കവർന്ന വീടുകളിലെ കാഴ്ചകൾ ഹൃദയഭേദകമാണ്. പലർക്കും ഒരുപാത്രംപോലുമില്ല. വസ്ത്രങ്ങളും വീട്ടുസാധനങ്ങളും പുഴയെടുത്തു. ഓരോ വീടിനുള്ളിലും മുട്ടിനൊപ്പം ചെളിയാണ്. കട്ടിലും കിടക്കയും മുതൽ ടിവിയും ഫ്രിഡ്ജുമെല്ലാം നശിച്ചു. കുറേ ഒഴുകിപ്പോയി. അവശേഷിക്കുന്നവ ഉപയോഗശൂന്യവും. ഇനി എല്ലാം ഒന്നിൽനിന്നും തുടങ്ങണം.
ശനിയാഴ്ച രാത്രി വെള്ളമിറങ്ങിയ വീടുകളിലെത്തിയവർ നിലവിളിക്കുകയായിരുന്നു. എല്ലാം നഷ്ടപ്പെട്ടതിന്റെ വേദന. കുട്ടികളുടെ പാഠപുസ്തകങ്ങളും സർട്ടിഫിക്കറ്റുകളുമെല്ലാം നശിച്ചു. അടച്ചുറപ്പുള്ള വീടുകളിലുള്ളവർക്ക് ചിലതൊക്കെ കിട്ടി.
റവന്യുവകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ ഇതുവരെ 225 വീടുകൾ പൂർണമായും 537 വീടുകൾ ഭാഗികമായും തകർന്നു. ക്യാമ്പുകളിൽ കഴിയുന്നവരുടെ വീടുകളുടെ സ്ഥിതി എന്താണെന്ന് പറയാറായിട്ടില്ല. 3622 കുടുംബങ്ങളിലെ 13,461 അംഗങ്ങളാണ് ഞായറാഴ്ചവരെ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്.