17 January Sunday

പറഞ്ഞാൽപോരാ, കാലുവാരില്ലെന്ന്‌ എഴുതിനൽകണം

വെബ് ഡെസ്‌ക്‌Updated: Sunday Nov 29, 2020


കൊച്ചി
‘‘വൈപ്പിൻ മണ്ഡലത്തിൽ എ ഗ്രൂപ്പിന്‌ നേതൃത്വം നൽകുന്ന അഡ്വ. എം വി പോളിനും എ വിഭാഗത്തിനും അവമതിപ്പുണ്ടാക്കുന്ന യാതൊരു പ്രവർത്തനവും എന്റെ ഭാഗത്തുനിന്നുണ്ടാകില്ല. ജയിച്ചാൽ എം വി പോൾ അതത്‌ സമയത്തു നൽകുന്ന നിർദേശങ്ങൾ പാലിച്ച്‌ പ്രവർത്തിക്കാമെന്നും അല്ലാത്തപക്ഷം രാജി ആവശ്യപ്പെടാവുന്നതാണെന്നും ഇതിനാൽ സത്യം ചെയ്യുന്നു’’. ഇടപ്പള്ളി ബ്ലോക്ക്‌  പഞ്ചായത്ത്‌ വല്ലാർപാടം ഡിവിഷനിൽ മത്സരിക്കുന്ന കോൺഗ്രസ്‌ സ്ഥാനാർഥി എം ആർ മധു 50 രൂപ മുദ്രപ്പത്രത്തിൽ എഴുതിയ സത്യവാങ്‌മൂലമാണിത്‌.

മുളവുകാട്ടെ കോൺഗ്രസിന്റെതന്നെ പഞ്ചായത്ത്‌ മെമ്പറിൽ വിശ്വാസമില്ലാത്ത  ഗ്രൂപ്പ്‌ നേതൃത്വമാണ്‌ ഇൗ കടുംകൈ ചെയ്യിച്ചത്‌. ടൈപ്പ്‌ ചെയ്‌ത്‌ നവംബർ 17ന്‌  ഒരു അഭിഭാഷകനെ സാക്ഷിയാക്കി സ്ഥാനാർഥി ഒപ്പിട്ട സത്യവാങ്‌മൂലത്തിൽ    ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്തിന്റെ പേര്‌ ഇലപ്പള്ളി എന്ന്‌ തെറ്റായാണ്‌ ചേർത്തത്‌. 

ജില്ലയിലെ വിവിധഭാഗങ്ങളിൽ എ, ഐ ഗ്രൂപ്പുകൾ തമ്മിലും ഗ്രൂപ്പുകൾക്കുള്ളിലും പോര്‌ രൂക്ഷമായതിനെത്തുടർന്ന്‌ ഗ്രൂപ്പ്‌ മാനേജർമാർ പലരിൽനിന്നും ഇങ്ങനെ മുദ്രപ്പത്രത്തിൽ സത്യവാങ്‌മൂലം എഴുതിവാങ്ങിയെന്നാണ്‌ വിവരം. അവിശ്വാസമുള്ളവരിൽനിന്നുമാത്രമാണ്‌ മുദ്രപ്പത്രത്തിൽ എഴുതിവാങ്ങിയതെന്ന്‌ ഗ്രൂപ്പ്‌ നേതാക്കളും സമ്മതിക്കുന്നു.എന്നാൽ, താൻ അറിഞ്ഞ്‌ ആരിൽനിന്നും ഇങ്ങനെ എഴുതി വാങ്ങിയിട്ടില്ലെന്ന്‌ മുദ്രപ്പത്രത്തിൽ പേരുള്ള യുഡിഎഫ്‌ വൈപ്പിൻ മണ്ഡലം ചെയർമാൻ അഡ്വ. എം വി പോൾ പറഞ്ഞു. എന്റെ പേര്‌ എന്തിനാണ്‌ എഴുതിയതെന്ന്‌ അറിയില്ല. ഇങ്ങനെ ഒരു സത്യവാങ്‌മൂലം ഉണ്ടോ എന്നുമറിയില്ല.  ഉണ്ടെങ്കിൽ അത്‌ പ്രദേശികമായ എന്തെങ്കിലും ധാരണയാണോ എന്നും അന്വേഷിക്കണമെന്നാണ്‌- എം വി പോൾ പറയുന്നത്‌.

സംഭവം വിവാദമായതോടെ ഇതേക്കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ മണ്ഡലത്തിൽനിന്നുള്ള ഒരുവിഭാഗം കോൺഗ്രസ്‌ നേതാക്കൾ കെപിസിസിക്ക്‌ പരാതി നൽകി. ഐഎൻടിയുസി നേതാവ്‌ കെ പി ഹരിദാസ്‌, കോൺഗ്രസ്‌ മണ്ഡലം നേതാക്കളായ കെ ആർ സുഭാഷ്‌, സി ഡി ദേശികൻ എന്നിവരാണ്‌ പരാതിക്കാർ.  സത്യവാങ്‌മൂലം പുറത്തുവരികയും തനിക്കു ഇതുമായി ബന്ധമില്ലെന്ന്‌ എം വി പോൾ പറയുകയും ചെയ്‌തതോടെ പാർടിക്ക്‌ സത്യം പറയാൻ ബാധ്യതയുണ്ടെന്നും അന്വേഷിക്കണമെന്നും  ഈ നേതാക്കൾ  ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top