30 November Monday

ഉന്നതപഠനം ഇനി ‘ഹൈ ക്ലാസ്‌‌ ’

ശ്രീരാജ‌് ഓണക്കൂർUpdated: Monday Nov 23, 2020

വൈപ്പിൻ ഗവ. കോളേജ്‌


കൊച്ചി
പുതിയ കോഴ്‌സുകൾ, അക്കാദമിക്‌ ബ്ലോക്കുകൾ, ഹോസ്‌റ്റലുകൾ, ഗവേഷണകേന്ദ്രം... ഉന്നതവിദ്യാഭ്യാസരംഗത്ത്‌ വൻ വികസനമാണ്‌ ജില്ലയിൽ എൽഡിഎഫ്‌ സർക്കാർ നടത്തിയത്‌. മഹാരാജാസ്‌ ഉൾപ്പെടെയുള്ള കോളേജുകളിൽ ഗതകാലപ്രൗഢി നിലനിർത്തിയുള്ള വികസനപ്രവർത്തനങ്ങളാണ്‌ നടത്തുന്നത്‌. 

മഹാരാജാസ് കോളേജ്‌
പുതിയ ഓഡിറ്റോറിയവും കെമിസ്ട്രി ബ്ലോക്കിന്റെ രണ്ടാംനിലയും ടീച്ചേഴ്സ് ഹോസ്റ്റലും നവീകരിക്കും. ടെൻഡർ നടപടി പൂർത്തിയായി. കിഫ്ബിയിൽനിന്ന് 15 കോടി 94 ലക്ഷം അനുവദിച്ചു.  65 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള മൂന്നുനില ഓഡിറ്റോറിയത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ടീച്ചേഴ്‌സ് ഹോസ്റ്റൽ, വിദേശ യൂണിവേഴ്സിറ്റികളിൽനിന്നും മറ്റ്‌ ദൂരസ്ഥലങ്ങളിൽനിന്നും വരുന്ന ഫാക്കൽറ്റികൾക്ക് താമസിക്കുന്നതിനുള്ള ഗസ്റ്റ്ഹോമാക്കിമാറ്റും. കെമിസ്ട്രി ബ്ലോക്കിൽ രണ്ടാംനില പണിയുന്ന പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. രണ്ടിന്റെയും ടെൻഡർ നടപടി പൂർത്തിയായി. ഡ്രെയിനേജ് നിർമാണം, ഹോസ്റ്റൽ കോമ്പൗണ്ടിൽ 10 കോടി ചെലവിൽ നിർമിക്കുന്ന ടീച്ചേഴ്‌സ് ഹോസ്റ്റൽ, സ്റ്റുഡന്റ്‌ ഹോസ്റ്റൽ എന്നിവയുടെ നിർമാണപ്രവർത്തനങ്ങളും പുരോഗമിക്കുന്നു. 9.45 കോടി ചെലവിൽ മൂന്നുനിലകളിലായി നിർമിച്ച അക്കാദമിക് ബ്ലോക്കിന്റെയും 11.69 കോടി ചെലവുള്ള ലൈബ്രറി കോംപ്ലക്‌സിന്റെയും പണി പൂർത്തിയായി. 

തിലകക്കുറിയാകാൻ തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഗവ. സംസ്കൃത കോളേജിൽ 4.70 കോടി ചെലവിൽ ഹോസ്റ്റൽ നിർമാണം ആരംഭിച്ചു. 5.66 കോടിയുടെ അക്കാദമിക്‌ ബ്ലോക്കിന്റെ നിർമാണവും തുടങ്ങി. ആർ‌എൽ‌വി കോളേജിൽ മൂന്നുകോടിയുടെ ലേഡീസ് ഹോസ്റ്റൽ നിർമാണം ആരംഭിച്ചു. ഗവ. ആർട്സ് കോളേജിൽ 14.42 കോടിയുടെ അക്കാദമിക്‌ ബ്ലോക്കിന്റെ നിർമാണം പുരോഗമിക്കുന്നു.

ആയുർവേദ കോളേജ് ഹൈടെക്‌
തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിൽ മൂന്നുകോടി ചെലവിൽ ഫാർമസി ബ്ലോക്കിന്റെ നിർമാണം ആരംഭിച്ചു. ഒരുകോടി രൂപ ചെലവിൽ ജീവനക്കാർക്കായി ക്വാർട്ടേഴ്സ്‌ നിർമിച്ചു. 35 കോടി ചെലവിൽ അക്കാദമിക് ബ്ലോക്ക്‌ നിർമിക്കും.

വരുന്നു, ആയുർവേദ ഗവേഷണകേന്ദ്രം
തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂളിനടുത്ത് ആയുർവേദ കോളേജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്‌ ഉയരുന്നത്‌ ഇന്ത്യയിലെ ആദ്യ ആയുർവേദ ഗവേഷണകേന്ദ്രം (സ്‌കൂൾ ഓഫ്‌ ഫണ്ടമെന്റൽ റിസർച്ച്‌ ഇൻ ആയുർവേദ). 36 കോടി ചെലവിൽ എട്ടുനിലകളിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ഉദ്‌ഘാടനം ജനുവരിയിൽ.

വൈപ്പിനിൽ പുതിയ കോളേജ്‌
വൈപ്പിനിൽ 2017ൽ പുതിയ ഗവ. കോളേജ്‌ സ്ഥാപിച്ചു. ഇവിടെ രണ്ടുകോടി ചെലവിൽ മൂന്നുനില കെട്ടിടം പൂർത്തിയാക്കി.

പുതിയ കോഴ്‌സുകൾ
മഹാരാജാസിൽ എംഎസ്‌സി ഇന്റഗ്രേറ്റഡ്‌ സൈക്കോളജി, എംഎസ്‌സി ജിയോളജി, തൃപ്പൂണിത്തുറ ഗവ. ആർട്‌സ്‌ കോളേജിൽ എംഎസ്‌സി ഇക്കണോമിക്‌സ്‌ ആൻഡ്‌ ഡാറ്റ സയൻസ്‌, മണിമലക്കുന്ന്‌ ടി എം ജേക്കബ്‌ മെമ്മോറിയൽ ഗവ. കോളേജിൽ എംഎ ഇക്കണോമെട്രിക്‌സ്‌ എന്നീ കോഴ്‌സുകൾ അനുവദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top