18 August Sunday

നൂറുവയസു പിന്നിട്ട 1566 വോട്ടർമാർ ; കൂടുതൽ പേരും തലസ്‌ഥാനത്ത്‌

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019

തിരുവനന്തപുരം> സംസ്‌ഥാനത്ത്‌ 100 വയസ്‌ പിന്നിട്ട 1566 വോട്ടർമാർ ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനെത്തും. തെരഞ്ഞെടുപ്പ്‌ കമ്മീഷൻ വോട്ടേഴ്‌സ്‌ ലിസ്‌റ്റ്‌ പ്രകാരം 556 പുരുഷൻമാരും 1007 സ്‌ത്രീകളുമാണ്‌ നൂറ് വയസ്‌ പിന്നിട്ട വോട്ടർമാർ.  നൂറ്‌ വയസ്‌ പിന്നിട്ടവരിൽ കൂടുതലും തിരുവനന്തപുരത്താണ്‌ 238 പേർ. 159 സ്‌ത്രീകളും 79 പുരുഷൻമാരും.  മുതിർന്ന വോട്ടർമാരിൽ മൂന്നാംലിംഗ വിഭാഗത്തിൽപ്പെട്ടവരില്ല.

മുതിർന്ന വോട്ടർമാരുടെ എണ്ണത്തിൽ  ഏറ്റവും കുറവ് വയനാടും കാസറഗോഡുമാണ്. 46 വീതമാണ് ഇവിടങ്ങളിലെ മുതിർന്ന വോട്ടർമാരുടെ എണ്ണം. സ്ത്രീ-പുരുഷ അനുപാതത്തിൽ തുല്യനില കോഴിക്കോട് ജില്ലയിലാണ്. 66 വീതം വോട്ടർമാരാണ്  ഇരുവിഭാഗത്തിലുള്ളത്.ആകെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് കോട്ടയമാണ്. 178 പേരാണ് മുതിർന്ന വോട്ടർമാർ.
കോട്ടയം മണ്ഡലത്തിൽ നൂറ്റിനുമേൽ പ്രായമുള്ള 178 പേർ വോട്ടർമാരായുണ്ട്. ഇവരിൽ 117 പേർ സ്ത്രീകളാണ്. പുരുഷൻമാർ 61. ആകെ എണ്ണത്തിൽ 148 പേരുമായി മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്. സ്ത്രി വോട്ടർമാരിൽ ഏറ്റവും കുറവ് വയനാട്ടിലാണ്. 15 പേർ. പുരഷന്മാരിൽ പിന്നിൽ പാലക്കാടാണ്. 19 പേർ.

മുതിർന്ന വോട്ടർമാരുടെ ജില്ല തിരിച്ചുള്ള എണ്ണം ഇങ്ങിനെയാണ്. ആകെ, സ്ത്രീ, പുരുഷൻ എന്ന ക്രമത്തിൽ.
തിരുവനന്തപുരം: അകെ 238. സ്ത്രീകൾ 159, പുരുഷന്മാർ 79.
കൊല്ലം: 111. 83, 28.
പത്തനംതിട്ട: 123. 81, 42.
ആലപ്പുഴ: 85. 55, 30.
ഇടുക്കി: 60. 39, 21.
എറണാകുളം: 128. 76, 52.
തൃശൂർ: 70. 41, 29.
പാലക്കാട്: 62. 43, 19.
മലപ്പുറം: 148. 100, 48.
കോഴിക്കോട്: 132. 66, 66.
വയനാട്: 46. 31, 15.
കണ്ണൂർ: 139. 92, 47.
കാസറകോട്: 46. 24, 22.


പ്രധാന വാർത്തകൾ
 Top