08 July Wednesday

ഒടുവിൽ കണ്ടു, ആ നെറുകയിലൊരുമ്മ നൽകി, പ്രിയതമയെ യാത്രയാക്കി, ഏകനാണിനി...

വേണു കെ ആലത്തൂർUpdated: Monday May 18, 2020

ഗീതയുടെ മൃതദേഹം സംസ്കരിക്കുന്നതിന് ശ്മശാനത്തിൽ എത്തിച്ചപ്പോൾ ഭർത്താവ് വിജയകുമാർ ഗീതയെ ചേർത്തു പിടിക്കുന്നു ഫോട്ടോ: സുമേഷ് കോടിയത്ത്



ഒടുവിൽ കണ്ടു, ആ നെറുകയിലൊരുമ്മ നൽകി. പിന്നെ, ഇനിയെന്തെന്നറിയാതെ തലകുനിച്ചിരുന്നു. ലോകം അടഞ്ഞുകിടക്കുമ്പോൾ ഭാര്യയുടെ മുഖം അവസാനമായി കാണാൻ വിജയകുമാർ കാത്തിരുന്നത്‌ ഏഴുനാൾ. ഒടുവിൽ പറന്നെത്തിയത്‌, ഇനിയില്ലെന്ന ആ സത്യത്തിനുമുന്നിലേക്ക്‌.

കൊല്ലങ്കോട്‌ ആനമാറി വടുകമ്പാടം വീട്ടിൽ വിജയകുമാർ (48) പ്രിയസഖിയുടെ വേർപാട്‌ അറിഞ്ഞ്‌ ദുബായിൽ നിന്ന്‌ നാട്ടിലെത്താൻ കാത്തിരുന്നത്‌ ഒരാഴ്‌ച. ഭാര്യ ഗീത (40) മെയ്‌ ഒമ്പതിനു ഹൃദയാഘാതത്തെതുടർന്നാണ്‌‌ മരിച്ചത്‌. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ വീടിനു അടുത്തുള്ള ഡോക്ടറെ കാണിച്ചു. അപ്പോഴേക്കും ശരീരം തളർന്ന്‌ ഉടൻ മരിക്കുകയായിരുന്നു ഗീത.

ദുബായിൽ 22 വർഷമായി  ഇലക്ട്രീഷ്യനാണ്‌ വിജയകുമാർ. മൂന്നുമാസം മുമ്പ്‌ നാട്ടിൽവന്നു‌ മടങ്ങി. ഗീതയുടെ മരണവിവരം അറിഞ്ഞ്‌ നാട്ടിലെത്താനുള്ള എല്ലാ ശ്രമവും ലോക്ക്‌‌ ഡൗണിൽ പാഴായി. രണ്ടുതവണ ദുബായ്‌ വിമാനത്താവളത്തിലെത്തി. ആരെങ്കിലും ടിക്കറ്റ്‌ റദ്ദാക്കിയാൽ ആ സൗകര്യം ഉപയോഗിച്ച്‌ വിമാനത്തിൽ വരാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌ത്‌ വിമാനത്തിനു‌ സമയം ലഭിച്ചത്‌ ശനിയാഴ്‌ചയാണ്‌.

വൈകിട്ട്‌ ആറിനു‌ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ വിജയകുമാർ രാത്രി 11.30 ന്‌ കൊല്ലങ്കോട്‌ എത്തി.  ഞായറാഴ്‌ച രാവിലെ പാലക്കാട്‌ ചന്ദ്രനഗർ വൈദ്യുതി ശ്‌മശാനത്തിലെത്തി. ജില്ലാ ആശുപത്രിയിൽ  പോസ്‌റ്റ്‌മോർട്ടം നടത്തി സൂക്ഷിച്ച ഗീതയുടെ മൃതദേഹവുമായി ബന്ധുക്കൾ ഞായറാഴ്‌ച രാവിലെ ചന്ദ്രനഗറിലെത്തി. ശ്‌മശാനത്തിൽ ചടങ്ങുകൾ പൂർത്തിയാക്കി അന്ത്യചുംബനം നൽകി.

ലോക്ക്‌ഡൗൺ നിർദേശം പാലിച്ച്‌ മൃതദേഹം സംസ്‌കരിച്ചു.‌ ഇവർക്ക്‌ മക്കളില്ല. മടങ്ങിവരാത്ത ലോകത്തേക്കു പ്രിയപ്പെട്ടവളെ യാത്രയാക്കിയ വിജയകുമാർ ഇപ്പോൾ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ്‌‌. 14 ദിവസം ഇവിടെ നിരീക്ഷണത്തിൽ.
 


പ്രധാന വാർത്തകൾ
 Top