19 September Sunday

വേമ്പനാട് കായല്‍ തെളിഞ്ഞൊഴുകും; പ്ലാസ്‌റ്റിക് നീക്കാന്‍ മത്സ്യത്തൊഴിലാളികള്‍

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021
ആലപ്പുഴ > പ്ലാസ്‌റ്റിക് മാലിന്യം ശേഖരിച്ച് വേമ്പനാട് കായല്‍ ശുചിയാക്കാനൊരുങ്ങി മത്സ്യത്തൊഴിലാളികള്‍. വർഷങ്ങളായി കായലിന്റെ അടിത്തട്ടിലടക്കം അടിഞ്ഞുകൂടിയ പ്ലാസ്‌റ്റിക് ജലജീവികളുടെ പ്രജനനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഒപ്പം പാരിസ്ഥിതിക പ്രശ്നങ്ങളും. ഈ സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) കായല്‍ പ്ലാസ്റ്റിക് മുക്തമാക്കാന്‍ തീരുമാനിച്ചത്.
 
ആ​ഗസ്‌ത്‌ ഒന്നുമുതല്‍ എട്ടുവരെ നടക്കുന്ന പ്ലാസ്‌റ്റിക് മാലിന്യശേഖരണ വാരത്തിൽ ആയിരക്കണക്കിന് തൊഴിലാളികൾ പങ്കുചേരും. രാവിലെ 10ന് ആര്യാട് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. പി പി ചിത്തരഞ്‌ജൻ എംഎൽഎ അധ്യക്ഷനാകും. പ്രചാരണാർത്ഥം ജില്ലയിൽ നൂറോളം കേന്ദ്രങ്ങളിൽ വെളളിയാഴ്‌ച വൈകിട്ട് ആറിന് കായൽ ജ്യോതി തെളിക്കും.
 
തണ്ണീർമുക്കത്ത് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളിൽ ജനപ്രതിനിധികളും സിപിഐ എം, സിഐടിയു നേതാക്കളും പങ്കെടുക്കും. ശേഖരിക്കുന്ന പ്ലാസ്‌റ്റിക് സംസ്‌കരിക്കാൻ മത്സ്യത്തൊഴിലാളി യൂണിയൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ വിജയത്തിന് മുഴുവൻ തൊഴിലാളികളുടെയും പിന്തുണയും പങ്കാളിത്തവും വേണമെന്ന് ജില്ലാ പ്രസിഡന്റ് പി ഐ ഹാരിസും സെക്രട്ടറി സി ഷാംജിയും അഭ്യർത്ഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top