11 April Sunday

എന്ത് രാഷ്ട്രീയ നിലപാട് വേണമെന്ന് തീരുമാനിച്ചിട്ടില്ല; എല്‍ഡിഎഫ് തുടര്‍ഭരണത്തിന് സാധ്യത: വെള്ളാപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Friday Feb 19, 2021

ആലപ്പുഴ >  എല്‍ഡിഎഫ് തുടര്‍ഭരണത്തിനാണ് സാധ്യതയെന്നും എതിരായ വികാരം കാണുന്നില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.  പിഎസ്സി സമരം തിരിച്ചടി ആകില്ല. ഇതിനേക്കാള്‍ വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നിട്ടും തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ നേട്ടം ഉണ്ടായെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

'കോണ്‍ഗ്രസുകാര്‍ പറയുന്നത് തങ്ങള്‍ക്ക് ഭരണം കിട്ടുമോയെന്ന പ്രതീക്ഷയില്ലെന്നാണ്. ഇതിനര്‍ഥം എതിരായ വികാരമില്ലെന്നാണ്. മാധ്യമങ്ങളുടെ പ്രചാരണവും സ്വര്‍ണക്കടത്ത് അടക്കമുള്ള കുറ്റാരോപണവും നിലനിന്ന സാഹചര്യത്തില്‍ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍തകര്‍ച്ചയുണ്ടാകുമെന്നാണ് കരുതിയത്. ഫലം വന്നപ്പോള്‍ തിരിച്ചാണ് സംഭവിച്ചത്. മാധ്യങ്ങള്‍ എന്തൊക്കെ പ്രചാരണം നടത്തിയാലും സാധാരണക്കാര്‍ക്ക് എന്ത് കിട്ടിയെന്ന ചിന്തയാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ദുരിതകാലഘട്ടത്തില്‍ ക്ഷേമ പെന്‍ഷന്‍, നിത്യോപയോഗസാധനങ്ങള്‍ എന്നിവയെല്ലാം കൃത്യമായി വിതരണം നടത്തിയത്  വലിയ രീതിയില്‍ ഗുണം ചെയ്തു.  എല്ലാ വിഭാഗം ജനങ്ങള്‍ക്കും ദുരിതകാലത്ത് ഇടതു സര്‍ക്കാര്‍ സഹായം എത്തിച്ചു. ദുരിതകാലത്ത് കിറ്റ് നല്‍കി. ഇതെല്ലാം വോട്ടായി മാറി'--  അദ്ദേഹം പറഞ്ഞു. 

മതേതരത്വം കള്ള നാണയമാണ്. മതേതരത്വം പറയുന്ന മുസ്ലിം ലീഗടക്കമുള്ള പാര്‍ടികള്‍  ജയിക്കുന്ന സീറ്റില്‍ ഒരു ഈഴവനെയെങ്കിലും നിര്‍ത്തി മത്സരിപ്പിക്കണം. എസ്എന്‍ഡിപി യോഗത്തിന്റെ രാഷ്ട്രീയ നിലപാട് സ്ഥാനാര്‍ഥി നിര്‍ണയത്തിനുശേഷം പ്രഖ്യാപിക്കും. ഏതൊക്കെ പാര്‍ടിയില്‍നിന്ന് സാമൂഹിക നീതി ലഭിച്ചോയെന്ന് പരിഗണിച്ചാകും തീരുമാനം. മൂന്നു തവണ മത്സരിച്ചവരെ ഒഴിവാക്കാനുള്ള സിപിഐ തീരുമാനം നല്ലത്. പക്ഷെ ജയസാധ്യത നോക്കണം. ജനപ്രിയരായ നേതാക്കളെ ഒഴിവാക്കി തെരഞ്ഞെടുപ്പ് നേരിടുന്നത് ഗുണകരമാകില്ല. ഇക്കാര്യത്തില്‍ സിപിഐ എം നിലപാടാണ് പ്രായോഗികം. മൂന്നു പ്രാവശ്യം നിന്നവര്‍ മാറണമെന്ന് സിപിഐ എം പറയുമ്പോഴും ജയസാധ്യതയുള്ളവരെ നിലനിര്‍ത്തണമെന്നതും പരിഗണിക്കുന്നുണ്ട്. വിശ്വാസികളെ ഒഴിവാക്കി മുന്നോട്ട് പോകാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ എം വി ഗോവിന്ദന്‍ പറഞ്ഞതാണ് സത്യം. എല്‍ഡിഎഫ് സഹായത്തോടെ ജയിച്ച പാലായില്‍ മത്സരിക്കാനുള്ള മാണി സി കാപ്പന്റെ ആഗ്രഹം തെറ്റല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ബിജെപിയുടെ വായിലെ ചോക്ലേറ്റ് ആകാതെ ബിഡിജെഎസ് നോക്കണം

ആലപ്പുഴ > ബിഡിജെഎസിന് ഭാവിയുണ്ടോയെന്ന് അവര്‍ തീരുമാനിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ബിഡിജെഎസിന്  ബിജെപി നല്‍കിയ വാക്കുകള്‍ പാലിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ബിജെപിയുടെ വായിലെ ചോക്ലേറ്റ് ആകാതെ ബിഡിജെഎസ് നോക്കണം. വായിലിട്ട് ചവച്ച് ബിജെപിക്കാര്‍ വിഴുങ്ങാതിരിക്കാനും ശ്രദ്ധിക്കണം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top