24 January Thursday

വള്ളത്തോളിന്റെ ഓർമയ്ക്ക് അറുപതാണ്ട്

വെബ് ഡെസ്‌ക്‌Updated: Monday Mar 12, 2018തൃശൂർ > 'ഭാരതമെന്ന പേർ കേട്ടാലഭിമാന
പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളിൽ'

ഏതു മലയാളിയുടെയും മനസ്സിൽ കെടാവിളക്കുപോലെ തെളിഞ്ഞുനിൽക്കുന്ന വരികൾ. ഭാരതത്തിന്റെ സംസ്‌കാരമഹിമയും ദേശീയതാബോധവും ഉയർത്തിപ്പിടിച്ച വള്ളത്തോൾ നാരായണ മേനോൻ കേരളം ജന്മംനൽകിയ വിശ്വത്തോളം വലുപ്പമുള്ള മഹാകവിത്വത്തിന്റെ ഉടമ. വള്ളത്തോൾ ഓർമയായിട്ട് ചൊവ്വാഴ്ച അറുപതാണ്ട് തികയുന്നു.
നിയോക്ലാസിസത്തിൽനിന്ന് കാൽപ്പനികതയിലേക്കുള്ള മലയാള കവിതയുടെ വളർച്ച വേഗത്തിലാക്കിയ വള്ളത്തോൾ, കുമാരനാശാനും ഉള്ളൂർ എസ് പരമേശ്വരയ്യർക്കുമൊപ്പം 20ാം നൂറ്റാണ്ടിലെ കവിതയുടെ യുഗസ്രഷ്ടാക്കളിലൊരാളായി. കേരളീയ കലകളുടെ പെരുംകോവിലായ കലാമണ്ഡലം സ്ഥാപിച്ചും കഥകളിയെ പുനരുജ്ജീവിപ്പിച്ചും കേരള സംസ്‌കാരത്തിനും രംഗകലയ്ക്കും മഹത്തായ സംഭാവന നൽകി.

1878 ഒക്‌ടോബർ 16ന് മലപ്പുറം പൊന്നാനി താലൂക്കിലെ മംഗലം അംശത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ടു മല്ലിശേരി ദാമോദരൻ ഇളയതിന്റെയും മകനായാണ് ജനനം. കുട്ടൻ എന്നായിരുന്നു വിളിപ്പേര്. അന്നത്തെ രീതിയനുസരിച്ച് വീട്ടിലിരുന്ന് സംസ്‌കൃതം പഠിച്ച നാരായണൻ പിന്നീട് അമ്മാവൻ രാമുണ്ണി മേനോനു കീഴിൽ സംസ്‌കൃതവും വൈദ്യവും പഠിച്ചു. വൈദ്യത്തെക്കാൾ കവിതയായിരുന്നു കമ്പം. അതു കഴിഞ്ഞാൽ കഥകളിയും.

കൈക്കുളങ്ങര രാമവാര്യർ, പാറക്കുളം സുബ്രഹ്മണ്യശാസ്ത്രികൾ എന്നിവരുടെ കീഴിലും സംസ്‌കൃത കാവ്യങ്ങൾ പഠിച്ചു. ശ്ലോകങ്ങളാണ് എഴുതിത്തുടങ്ങിയത്. 1894ൽ കോഴിക്കോട് ഭാഷാപോഷിണി സഭ സംഘടിപ്പിച്ച കവിതാമത്സരത്തിൽ പതിനാറുകാരനായ വള്ളത്തോളിന് ഒന്നാം സമ്മാനം കിട്ടി. തുടർന്ന് 'ഭാഷാപോഷിണി' ഉൾപ്പെടെയുള്ള സാഹിത്യപ്രസിദ്ധീകരണങ്ങളിൽ രചനകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. 1901ൽ ചിറ്റഴി മാധവിയമ്മയെ വിവാഹം കഴിച്ചു.

1905ൽ അദ്ദേഹം വാത്മീകിരാമായണത്തിന്റെ വിവർത്തനം ആരംഭിച്ചു. 1907ൽ പൂർത്തിയായി. 1905 മുതൽ 1910 വരെ തൃശൂരിൽ കേരളകൽപദ്രുമം പ്രസിന്റെ മാനേജരായി  ജോലി നോക്കി. 1909ൽ അദ്ദേഹത്തെ ബധിരത പിടികൂടി. നിരവധി ചികിത്സകൾ നടത്തിയിട്ടും മുക്തി കിട്ടിയില്ല. ആ ദുഃഖത്തിൽ നിന്ന് പിറവിയെടുത്ത ഖണ്ഡകാവ്യമാണ് 'ബധിരവിലാപം(1910)'.
വള്ളത്തോളിന്റെ കാവ്യജീവിതത്തിൽ പരിവർത്തനമുണ്ടാക്കിയ പ്രധാനഘടകം ദേശീയ സ്വാതന്ത്ര്യസമരവും ഗാന്ധിയൻ ആദർശങ്ങളുമായിരുന്നു. വൈക്കം സത്യഗ്രഹ കാലത്ത് മഹാത്മാഗാന്ധിയെ നേരിട്ടു കണ്ടതോടെ ഗാന്ധിജിയുടെ ആരാധകനായി.

1930ൽ കുന്നംകുളത്ത് വള്ളത്തോൾ സ്ഥാപിച്ച കഥകളി വിദ്യാലയമാണ് പിന്നീട് കേരള കലാമണ്ഡലമായി വികസിച്ചത്. ചെറുതുരുത്തിയിലേക്കു മാറ്റിയ കലാമണ്ഡലത്തിന്റെ ധനശേഖരണത്തിനായി കഥകളി സംഘത്തോടൊപ്പം ഇന്ത്യയുടെ വിവിധഭാഗങ്ങളും മലേഷ്യ, മ്യാൻമർ, പോളണ്ട്, ഇറ്റലി, ഫ്രാൻസ്, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളും സന്ദർശിച്ചു. കേരള സംസ്ഥാനം രൂപീകരിക്കും മുമ്പ് മദ്രാസ് സർക്കാർ വള്ളത്തോളിനെ 1948ൽ മലയാളത്തിലെ ആസ്ഥാനകവിയായി പ്രഖ്യാപിച്ചു. അഞ്ചു വർഷം അദ്ദേഹം ആ പദവിയിൽ തുടർന്നു. 1955ൽ അദ്ദേഹത്തിന് പത്മഭൂഷൺ നൽകി രാഷ്ട്രം ആദരിച്ചു.

1957 അവസാനം രോഗബാധിതനായി. അച്ചടിച്ചുകൊണ്ടിരിക്കുന്ന ഋഗ്വേദ പരിഭാഷയുടെ അവസാനത്തെ പ്രൂഫും നോക്കിയ ശേഷമേ ചികിത്സയ്ക്കു വിധേയനായുള്ളൂ. 1958 മാർച്ച് 13ന് മഹാകവി അന്തരിച്ചു.

പ്രധാന വാർത്തകൾ
 Top