സ്വപ്‌നംതെളിഞ്ഞു; ഇരുകര മിന്നും; വലിയഴീക്കൽ പാലം മുഖ്യമന്ത്രി ഇന്ന്‌ നാടിനു സമർപ്പിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 10, 2022, 01:32 AM | 0 min read

കരുനാഗപ്പള്ളി > തീരദേശ മേഖലയുടെ വികസനമുന്നേറ്റത്തിനു നാന്ദികുറിച്ച് കടലിന്റെയും കായലിന്റെയും കൗതുകക്കാഴ്ചകളൊരുക്കി പൂർത്തിയായ വലിയഴീക്കൽ പാലം മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച നാടിനു സമർപ്പിക്കും. പകൽ 11ന്‌ നടക്കുന്ന ചടങ്ങിൽ മന്ത്രിമാര്‍ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും.
 
കടലിനും കായലിനുമിടയിൽ സ്ഥിതിചെയ്യുന്ന ആലപ്പാട് ഗ്രാമത്തിന്റെ വികസനത്തിനു പാലം കുതിപ്പേകും. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലത്തെ ആലപ്പാട് പഞ്ചായത്തിനെയും ബന്ധിപ്പിച്ച്‌ അഴീക്കൽ അഴിമുഖത്തിനു കുറുകെ നിര്‍മിച്ച അഴീക്കൽ -വലിയഴീക്കല്‍ പാലം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബോസ്ട്രിങ് ആർച്ച് പാലമാണ്. നീളത്തിന്റെ കാര്യത്തിൽ ഏഷ്യയിൽ രണ്ടാംസ്ഥാനവും ഈ പാലത്തിനു തന്നെ.
 
പാലത്തിൽ 29 സ്‌പാനുകൾ
 
അപ്രോച്ച് റോഡ് ഉൾപ്പെടെ 1.216 കിലോമീറ്റർ നീളമുള്ള പാലത്തിന്റെ പ്രധാന പ്രത്യേകത 12 മീറ്റർ ഉയരത്തിലും 110 മീറ്റർ നീളത്തിലുമുള്ള ആർച്ച് സ്പാനുകളാണ്. 29 സ്പാനുകളാണ് പാലത്തിനുള്ളത്. മദ്രാസ് ഐഐടിയിലെ പ്രശസ്തനായ പ്രൊഫസർ പി കെ അരവിന്ദനാണ് പാലം രൂപകൽപ്പന ചെയ്തത്‌. പക്ഷേ, ഉദ്‌ഘാടനത്തിനു മുന്നേ അദ്ദേഹം മരിച്ചു. സാൻഫ്രാൻസിസ്‌കോയിലെ ഗോൾഡൻ ഗേറ്റ് പാലത്തിന്റെ ഇന്റർനാഷണൽ ഓറഞ്ച് നിറമാണ് അഴീക്കൽ - വലിയഴീക്കൽ പാലത്തിനും ഉപയോഗിച്ചിട്ടുള്ളത്‌. ഓറഞ്ചിനു പുറമേ ക്രീം നിറംകൂടി ചേർന്ന്‌ മനോഹര ദൃശ്യഭംഗിയായി പാലത്തെ മാറ്റിയിരിക്കുകയാണ് കരാർ എടുത്തിട്ടുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റി.
 
എൽഡിഎഫ്‌ 
സർക്കാരിന്റെ നേട്ടം
 
ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതോടെ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയിൽ പ്രഥമസ്ഥാനമായി അഴീക്കൽ -–-വലിയഴീക്കൽ പാലം മാറും. 146.5 കോടി ചെലവിലാണ് പാലത്തിന്റെ നിര്‍മാണം. ഇംഗ്ലണ്ടില്‍നിന്ന് എത്തിച്ച മാക്ക് അലോയ് ബാര്‍ ഉപയോഗിച്ചാണ് പാലത്തിന്റെയും ആര്‍ച്ചിന്റെയും ഭാരം നിയന്ത്രിക്കുന്നത്. വലിയ മത്സ്യബന്ധന യാനങ്ങള്‍ക്കും പാലത്തിനടിയിലൂടെ അനായാസമായി കടന്നുപോകാന്‍ കഴിയും. തുടക്കത്തിലേ നഷ്ടമാകുമെന്ന്‌ കരുതിയ പാലം കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിലാണ് യാഥാർഥ്യമായത്. മുൻ എംഎൽഎ ആർ രാമചന്ദ്രൻ, മുൻ മന്ത്രി ജി സുധാകരൻ എന്നിവരുടെ ഇടപെടൽ പാലം യാഥാർഥ്യമാകാൻ സഹായകമായി.
 
ടൂറിസം ഉണരും
 
2016 മാര്‍ച്ചില്‍ നിര്‍മാണം ആരംഭിച്ച പാലം തുറന്നുകൊടുക്കുമ്പോള്‍ വലിയ ടൂറിസം സാധ്യതകള്‍ക്കു കൂടിയാണ് വഴിയൊരുങ്ങുന്നത്. അഴീക്കല്‍- –- വലിയഴീക്കല്‍ മത്സ്യബന്ധന തുറമുഖങ്ങളെ ബന്ധിപ്പിച്ചു കടലിനും കായംകുളം കായലിനും സമാന്തരമായുള്ള പാലം വിനോദസഞ്ചാരികളെ ആകര്‍ഷിക്കും വിധമാണ്‌ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. സഞ്ചാരികൾക്ക് സൂര്യാസ്തമയവും മറ്റും കാണാൻ 2.2 മീറ്റർ വീതിയിൽ നടപ്പാതയും നിർമിച്ചിട്ടുണ്ട്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന 145 എൽഇഡി വിളക്കുകൾ പാലത്തിൽ സ്ഥാപിച്ചു. ഒന്നരക്കോടിയുടെ വൈദ്യുതി വിളക്കുകൾകൂടി ടൂറിസം സാധ്യത പരിഗണിച്ചു സ്ഥാപിക്കാനാണ് ആലോചന. പാലം പൂര്‍ത്തിയാകുന്നതോടെ വലിയഴീക്കല്‍, അഴീക്കല്‍ ഗ്രാമങ്ങള്‍ വിനോദസഞ്ചാര മേഖലയില്‍ ഇടംപിടിക്കും. അഴീക്കൽ ബീച്ച്, അമൃതാനന്ദമയി മഠം, ആയിരംതെങ്ങ് കണ്ടൽപാർക്ക്, അഴീക്കൽ ഹാർബർ, ഫിഷ് ഫാം എന്നിവയെ ബന്ധിപ്പിച്ച് ടൂറിസം രംഗത്ത് വൻ കുതിച്ചുചാട്ടത്തിനും വഴിയൊരുങ്ങും. അഴീക്കൽ ഹാർബർ വികസനവും വേഗത്തിലാകും. പാലത്തിന്റെ മധ്യഭാഗത്തുനിന്ന് നോക്കിയാല്‍ കടലിലെയും കായലിലെയും കൗതുകക്കാഴ്‌ചകള്‍ കാണാന്‍ സാധിക്കും. വലിയഴീക്കലില്‍നിന്ന് അഴീക്കല്‍ എത്തുന്നതിനുള്ള യാത്രയിൽ 28 കിലോമീറ്ററോളം ദൂരം ലാഭിക്കാനും സാധിക്കും. ദേശീയപാതയില്‍ ഗതാഗത തടസ്സമുണ്ടായാല്‍ തൃക്കുന്നപ്പുഴ-– -വലിയഴീക്കല്‍ തീരദേശ റോഡിലൂടെ ഇരു ജില്ലകളിലേക്കും പ്രവേശിക്കാനും പാലം ഉപകരിക്കും.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home